ADVERTISEMENT
പാലക്കാട്: നിപ്പ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ള യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവരുമായി സന്പർക്കമുണ്ടായ അടുത്ത ബന്ധുവായ കുട്ടിക്കു പനി വന്നതിനെതുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.
തച്ചനാട്ടുകര ഭാഗത്തു സന്പർക്കപ്പട്ടികയിൽ 91 പേരാണ് നിലവിലുള്ളത്. ഒരാൾക്കുകൂടി പനി ബാധിച്ചതിനെതുടർന്ന് ആരോഗ്യവകുപ്പ് കൂടുതൽ മുന്നറിയിപ്പുകൾ നൽകിത്തുടങ്ങി. പ്രദേശത്തെ ആർക്കെങ്കിലും ചെറിയ പനി ഉണ്ടെങ്കിൽപ്പോലും അധികൃതരെ ഉടനെ അറിയിക്കണമെന്നാണ് നിർദേശം.
നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പ്രദേശത്തു സർവേ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഓരോ വീട്ടിലും കയറിയിറങ്ങി വിശദമായി കാര്യങ്ങൾ അന്വേഷിച്ചറിയുകയാണ്. ഇതിനായി തച്ചനാട്ടുകര, അലനല്ലൂർ, കോട്ടോപ്പാടം തുടങ്ങി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്.
പ്രദേശത്തു കിഴക്കുംപുറം ഭാഗത്ത് ആയിരക്കണക്കിനു വവ്വാലുകളാണ് തന്പടിച്ചിരിക്കുന്നത്. അതിനെപ്പറ്റിയുള്ള അന്വേഷണവും ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; 87 പേർ ആരോഗ്യപ്രവര്‍ത്തകർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര് ഉള്ളതായി ആരോഗ്യവകുപ്പ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Tags :