ADVERTISEMENT
ആലപ്പുഴ: ഓമനപ്പുഴയിൽ യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോസ്മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍.
ജോസ്മോന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും കൺമുന്നിൽവച്ചായിരുന്നു കൊലപാതകം. തർക്കത്തിനിടെ ജോസ്മോൻ ജാസ്മിന്റെ കഴുത്ത് ഞെരിച്ചു. ഇതോടെ അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. പിന്നീട് ജോസ്മോന് മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ വന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഇതോടെ ഇവർ പോലീസിൽ വിവരം അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഭർത്താവുമായി പിണങ്ങി ജാസ്മിൻ ഏറെ നാളുകളായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. കുറച്ച് ദിവസങ്ങളായി മകൾ വീട്ടില്‍ വൈകിയെത്തുന്നതില്‍ ജോസ്മോന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.