ADVERTISEMENT
പി.സി. സിറിയക്
ഓരോ മഴക്കാലവും മുല്ലപ്പെരിയാർ അണക്കെട്ട് കേരളീയരുടെ ഉറക്കംകെടുത്താറുണ്ട്. 135 വർഷം പഴക്കമുള്ളതും കരിങ്കല്ലും സുർക്കിയും ഉപയോഗിച്ച് നിർമിച്ചതുമായ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതോടൊപ്പം കേരളീയരുടെ ചങ്കിടിപ്പും ഉയരുന്നു.
ഈ പഴയ ഡാം തകർന്നാൽ കേരളത്തിൽ വലിയ നാശമുണ്ടാകുമെന്നു നാം ഭയപ്പെടുന്നു. അതേസമയം തമിഴ്നാടിന് പെരിയാർ ജലം ജീവജലമാണ്. അവരുടെ അഞ്ചു ജില്ലകൾ ജലസേചനത്തിനും കുടിവെള്ളത്തിനും പെരിയാർ ജലത്തെയാണ് ആശ്രയിക്കുന്നത് എന്നു നമുക്കറിയാം. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം.
അവർക്ക് വെള്ളവും നമുക്കു സുരക്ഷയും ഉറപ്പുവരുത്താനായി കേരള സർക്കാരും മറ്റു ചില വിദഗ്ധരും നിർദേശിക്കുന്നത് ഇപ്പോഴത്തെ ഡാമിന്റെ ഒരു കിലോമീറ്റർ താഴെ ഒരു പുതിയ ഡാം നിർമിക്കുക എന്നതാണ്.
പക്ഷേ, പുതിയ ഡാം കെട്ടാൻ നമുക്കു തമിഴ്നാട് സർക്കാരിന്റെയും കേന്ദ്രത്തിന്റെയും അനുമതി വേണം. അതു ലഭിക്കാനിടയില്ല. രണ്ടാമത്, പുതിയ ഡാമിന് ഇന്നത്തെ നിലയ്ക്ക് 1500 കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. മൂന്നാമത്, ഇപ്പോഴത്തെ ഡാമിന്റെ താഴെ പുതിയ ഡാം കെട്ടേണ്ടിവരുന്പോൾ ഇപ്പോഴത്തെ ഡാമിനെക്കാൾ വളരെ കൂടുതൽ ഉയരവും വലിപ്പവുമുള്ള ഡാം ആയിരിക്കണം അത്. ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു ഡാം കെട്ടാൻവേണ്ടി മണ്ണു മാറ്റുന്പോൾത്തന്നെ നിലവിലുള്ള പഴയ ഡാമിനു തകർച്ചയുണ്ടാകാനിടയുണ്ട്. ഇങ്ങനെയൊരു റിസ്കെടുക്കാൻ പാടില്ലെന്നാണ് വിദഗ്ധാഭിപ്രായം.
പെരിയാർ വന്യമൃഗസംരക്ഷണ കേന്ദ്രവും മറ്റുമുള്ള പ്രദേശത്ത് ഇങ്ങനെയൊരു ഭീമൻ സ്ട്രക്ചർ കെട്ടിയുയർത്താൻ പരിസ്ഥിതി അനുമതി ലഭിക്കാൻ പോകുന്നില്ലെന്നതാണ് നാലാമത്തെ കാര്യം. അഞ്ചാമതായി, മറ്റൊരു പ്രാധാന കാര്യം -100 കൊല്ലം കഴിയുന്പോൾ ഇപ്പോൾ നിർമിക്കുന്ന പുതിയ ഡാമും പഴയതാകുമെന്നതാണ്. അത് ബലഹീനമാണ്. പുതുക്കിപ്പണിയണം എന്ന് ആവശ്യമുയരും. അപ്പോൾ നിലവിലുള്ള ഡാമിന്റെ കീഴ്ഭാഗത്ത് വീണ്ടും താഴോട്ടുമാറി ഡാമിന് സ്ഥലം കണ്ടെത്തേണ്ടിവരും. ഇങ്ങനെ കേരളത്തിനകത്ത് ഇറങ്ങിക്കെട്ടുന്ന ഡാമിന്റെ വലിപ്പം ആലോചിച്ചു നോക്കുക. ചുരുക്കത്തിൽ, പുതിയ ഡാം അപ്രായോഗികം. അപ്പോൾ കേരളത്തിന്റെ ആശങ്കയ്ക്ക് പരിഹാരമില്ലേ?
മുല്ലപ്പെരിയാർ ഡാമിന്റെ ഏറ്റവും ഉയർന്ന ജലനിരപ്പ് 152 അടിയാണ്. 1979ൽ ഡാമിൽനിന്നു വെള്ളം ചോർന്നൊഴുകുന്നു, ഡാം ബലഹീനം മുതലായ പരാതികൾ ഉയർന്നപ്പോൾ കേന്ദ്ര വാട്ടർ പവർ കമ്മീഷന്റെ ചെയർമാനായിരുന്ന മലയാളി എൻജിനിയർ ഡോ. കെ.ഡി. തോമസ് ഡാം സന്ദർശിച്ചു പരിശോധന നടത്തി രണ്ടു നിർദേശങ്ങൾ നല്കി.
1. ഡാമിലെ ഉയർന്ന ജലനിരപ്പ് ഉടൻതന്നെ 152 അടിയിൽനിന്ന് 136 അടിയായി കുറയ്ക്കുക. അതോടെ ഡാമിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് മൂന്നിലൊന്ന് കുറയുന്നു. അതോടെ ഡാമിന്മേൽ ഉണ്ടാകുന്ന ജലത്തിന്റെ സമ്മർദവും കുറയുന്നു.
2. ഡാം ബലപ്പെടുത്തി ശക്തമാക്കുക. അന്ന് നിർദേശിച്ച ശക്തമാക്കൽ പണി മുഴുവൻ തമിഴ്നാട് സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്ര വാട്ടർ കമ്മീഷന്റെ വിദഗ്ധന്മാർ പരിശോധിച്ച് ഈ പണി തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയുംചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി 126 അടിക്കു പകരം 142 അടിവരെ ജലം അണക്കെട്ടിൽ സംഭരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഈ അനുവാദം ഉണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 136 അടിവരെ ഉയർന്നപ്പോൾത്തന്നെ തമിഴ്നാട് സ്പിൽവേകൾ തുറന്ന് പെരിയാറിലേക്കു ജലം ഒഴുക്കിവിട്ട് 136 അടിയിൽ താഴെയായി നിയന്ത്രിച്ചുനിർത്തി.
1979 മുതൽ 2015 വരെ 35 വർഷം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിക്കു മുകളിൽ വരാതെ നിയന്ത്രിച്ചു നിർത്തിയിരുന്നല്ലോ. ഈ 35 വർഷം തമിഴ്നാടിന് എന്തെങ്കിലും നഷ്ടം സംഭവിച്ചോ? 1979ൽ പെരിയാർ ജലം ഉപയോഗിച്ച് തമിഴ്നാട്ടിൽ 1,70,000 ഏക്കർ നിലത്ത് കൃഷി നടത്തി. 2015ൽ ഈ കൃഷിഭൂമിയുടെ വിസ്തീർണം 2,20,000 ഏക്കറായി വർധിച്ചു. അപ്പോൾ 35 വർഷം ജലനിരപ്പ് 136 അടിയിൽ നിയന്ത്രിച്ചതുകൊണ്ട് തമിഴ്നാടിനു യാതൊരു നഷ്ടവുമുണ്ടായില്ല. മുല്ലപ്പെരിയാറിൽ എത്തിച്ചേർന്ന വെള്ളം മുഴുവൻ കിഴക്കോട്ടൊഴുക്കി കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞു. ജലസേചനം നൽകിയ കൃഷിഭൂമിയുടെ വിസ്തീർണം ഉയരുകയും ചെയ്തു. അതേസമയം ജലനിരപ്പ് 136 അടിയിൽ നിർത്തുന്പോൾ കേരളത്തിലും ആർക്കും പരാതിയില്ല.
അപ്പോൾ സാധാരണ സാഹചര്യങ്ങളിൽ 136 അടിയായി ജലനിരപ്പ് നിയന്ത്രിച്ചു നിർത്തിയാൽ തമിഴ്നാടിനും കേരളത്തിനും ആശങ്കയില്ല, പ്രശ്നങ്ങളില്ല.
പക്ഷേ, ഒരു ഭൂകന്പമുണ്ടായാൽ 136 അടി ജലനിരപ്പുള്ളപ്പോൾപോലും ഡാമിന്റെ മുഴുവൻ കൊള്ളളവിന്റെ മുന്നിൽ രണ്ടു ഭാഗംവരെ ജലം സംഭരിക്കപ്പെടും.അപ്പോൾ കുറേ നഷ്ടമുണ്ടാകുകതന്നെ ചെയ്യും.
ഈ സാഹചര്യത്തിലാണ് ഡാമിലെ ജലനിരപ്പ് 50 അടിയായി കുറയ്ക്കണമെന്നും അതിനു മുകളിലുള്ള ജലം മുഴുവൻ ഒരു തുരങ്കമുണ്ടാക്കി അതിലൂടെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകാമെന്നും അങ്ങനെ തമിഴ്നാടിന് ഡാമിലുള്ള ജലത്തിന്റെ സിംഹഭാഗവും എടുക്കാമെന്നും വെറും 50 അടി നിരപ്പിൽ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപോലും പ്രശ്നമില്ലെന്നും അഭിപ്രായം ഉയർന്നുവരുന്നത്. ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ ഈ നിർദേശത്തിന് പിന്തുണ നൽകുന്നു.
അതേസമയം, ഇപ്പോൾത്തന്നെ ഡാമിൽ 106 അടി നിരപ്പിൽ ഒരു തുരങ്കമുണ്ട്. ഈ തുരങ്കംവഴി തമിഴ്നാട് ഇപ്പോഴും ജലം കൊണ്ടുപോകുന്നുണ്ട്. അങ്ങനെ ഡാമിലെ ജലനിരപ്പ് 106 അടിയായി കുറയ്ക്കാനും കഴിയും.
152 അടി നിരപ്പിൽ ജലം സംഭരിക്കുന്ന ഡാമിൽ 136 അടി ജലനിരപ്പ് നിയന്ത്രിച്ചാൽ ഡാമിന്റെ വ്യാപനത്തിന്റെ 66 ശതമാനം മാത്രം ജലമായിരിക്കും ഡാമിലുള്ളത് എന്നു നാം കണ്ടുകഴിഞ്ഞു. അതു വീണ്ടും 30 അടികൂടി കുറച്ച് 106 അടിവരെ മാത്രം ജലം സംഭരിച്ചാൽ ഡാമിൽ മൊത്തം ശേഷിയുടെ അഞ്ചിലൊന്ന് ജലംപോലും ഉണ്ടായിരിക്കില്ല. അപ്പോൾ 106 അടിവരെ ജലമുള്ളപ്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപ്പോലും നഷ്ടമുണ്ടാകില്ല.
ഇപ്പോൾ ചിലർ നിർദേശിക്കുന്നതുപോലെ 50 അടിവരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല. അങ്ങനെ കുറച്ചാൽ തമിഴ്നാട്ടിൽ അവർ ഇപ്പോൾ കിഴക്കോട്ട് ഒഴുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ ജലം അങ്ങോട്ടു കൊണ്ടുചെല്ലാൻ അവർക്കു കഴിയും. ഇപ്പോൾ 106 അടിയിൽ താഴെയുള്ള ജലം മുഴുവൻ ഡാമിൽ ഡെഡ് സ്റ്റോറേജ് ആയി നിൽക്കുന്നതുകൊണ്ട് കേരളത്തിന് ഡാമിന്റെ താഴെയുള്ള ഇടുക്കി, കോട്ടയം ജില്ലകളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂഗർഭ ജലനിരപ്പ് താഴ്ന്നുപോകാതെ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാതെ സംരക്ഷിക്കാൻ കഴിയും.
106 അടിക്കു പകരം 50 അടിവരെ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ കോട്ടയം, ഇടുക്കി ജില്ലകളിൽ വേനൽക്കാലത്ത് ഭൂഗർഭജലനിരപ്പ് കുറഞ്ഞുപോകുകയും ഇന്നില്ലാത്ത രീതിയിൽ ജലക്ഷാമം ഉണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഡാമിലെ നിരപ്പ് 106 അടിവരെ മാത്രം കുറച്ചാൽ മതിയാകും. ഡെഡ് സ്റ്റോറേജ് 50 അടിയായി കുറയ്ക്കരുത്. 106 അടിയിൽ ഇപ്പോൾത്തന്നെ തുരങ്കമുണ്ട്. വേണമെങ്കിൽ അതിന്റെ വ്യാപ്തം വർധിപ്പിക്കാൻ തമിഴ്നാടിന് അധികാരം നൽകാം. പക്ഷേ, 106 അടിയിൽ താഴേക്കു ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ അനുവദിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. 106 അടിയിൽ ഇന്നു പ്രവർത്തിക്കുന്ന തുരങ്കത്തിന്റെ വലിപ്പം വർധിപ്പിച്ച് ജലം പെട്ടെന്ന് കിഴക്കോട്ട് കൊണ്ടുപോകട്ടെ. തമിഴ്നാട്ടിൽ കൂടുതൽ ജലം സംഭരിച്ചുവയ്ക്കാനായി സഹ്യപർവതത്തിന്റെ കിഴക്കേ ചെരിവിൽ നിലവിലുള്ള ഫോർബേ ഡാമിന്റെ ഉയരം അല്പം വർധിപ്പിക്കുകയും ചെയ്യാം.
Tags : mullaperiyar tunnel