ADVERTISEMENT
കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കളുടെ പരാതികൾ നേരിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനു നൽകാം. ഇൻഷ്വറൻസ് കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെതന്നെ കമ്മീഷനെ സമീപിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി.
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി സമർപ്പിച്ച ഹർജി തള്ളിയാണു സംസ്ഥാന കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികൾ, സർക്കാരും ഇൻഷ്വറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരമായില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാമെന്നതായിരുന്നു ഇതുവരെയുള്ള ചട്ടം. ഈ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ കമ്മീഷൻ നേരത്തേ ഉത്തരവ് നൽകിയിരുന്നു.
മെഡിസെപ് ഇൻഷ്വറൻസ് ക്ലെയിം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ റിട്ട. ഹെഡ്മാസ്റ്റർ സി.ഡി. ജോയി നേരത്തേ ജില്ലാ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിൽ പോകാതെ നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാനാകില്ലെന്ന് ഇൻഷ്വറൻസ് കമ്പനി വാദമുയർത്തി.
ഈ വാദം എറണാകുളം ഉപഭോക്തൃ കമ്മീഷൻ നിരാകരിച്ചു. ഇതിനെ ശരിവച്ചാണ് ഇപ്പോൾ സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റീസ് ബി. സുധീന്ദ്രകുമാർ, ജുഡീഷൽ അംഗം ഡി. അജിത് കുമാർ എന്നിവരുടെ ബെഞ്ച് ഉത്തരവിറക്കിയത്. പരാതിക്കാരന് വേണ്ടി അഡ്വ. മിഷാൽ എം. ദാസൻ കോടതിയിൽ ഹാജരായി.
Tags : MediCep complaints Consumer Court