ADVERTISEMENT
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ധന്യൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ 72ാം ഓർമപ്പെരുന്നാളും മെത്രാഭിഷേക ശതാബ്ദി ആഘോഷങ്ങളും ഇന്നു മുതൽ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. ഈവർഷത്തെ പരിപാടികളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നും അന്താരാഷ്ട്ര സംഘടനകളുടെയും രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെയും പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആർച്ച്ബിഷപ് ഡോ. പോൾ ഗല്ലഗർ മുഖ്യാതിഥി ആയിരിക്കും.
ഇന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ശുശ്രൂഷകൾക്കും കുർബാനയ്ക്കും മേജർ അതിരൂപത കൂരിയാ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് നേതൃത്വം നൽകും. തുടർന്നു വരുന്ന ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനു സന്ധ്യാ നമസ്കാരവും വിശുദ്ധ കുർബാനയും കബറിൽ ധൂപപ്രാർഥനയും നടക്കും. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർത്താണ്ഡം രൂപതാധ്യക്ഷൻ ബിഷപ് വിൻസന്റ് മാർ പൗലോസ്, വിവിധ ഭദ്രാസന വികാരി ജനറാൾമാരായ റവ.ഡോ. എൽദോ പുത്തൻകണ്ടത്തിൽ കോർ എപ്പിസ്കോപ്പ, ഫാ. വർഗീസ് കാലായിൽ, ഫാ. തോമസ് ഞാറയ്ക്കാട്ട് കോർ എപ്പിസ്കോപ്പ, റവ. ഡോ. ജേക്കബ് ഓലിക്കൽ, റവ. ഡോ. ഷാജി മാത്യു വാഴയിൽ, റവ. ഡോ. ഐസക്ക് പറപ്പള്ളിൽ, ഫാ. സെലിൻ ജോസ് കോന്നത്തുവിള, ബഥനി ആശ്രമം സുപ്പീരിയര് ജനറൽ റവ. ഡോ. ഗീവര്ഗീസ് കുറ്റിയിൽ ഒഐസി, മലങ്കര സെമിനാരി റെക്ടർ റവ. ഡോ. ജിജി ഫിലിപ്പ് ചരിവുപുരയിടം എന്നിവർ നേതൃത്വം നൽകും.
ആറിനു സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ജോണ് തെക്കേക്കര നേതൃത്വം നല്കും. 13 നു വൈകുന്നേരം ലത്തീൻ ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ് ഡോ. സെൽവരാജ് നേതൃത്വം നൽകും.
ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പദയാത്രകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കും. പ്രധാന പദയാത്ര 10 ന് പത്തനംതിട്ടയിലെ റാന്നി പെരുനാട്ടിൽ നിന്ന് ആരംഭിക്കും. വിവിധ ദിവസങ്ങളിൽ മാവേലിക്കര, തിരുവല്ല, മൂവാറ്റുപുഴ, മാർത്താണ്ഡം, പാറശാല എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രകൾ പ്രധാന പദയാത്രയോടു ചേരും. പദയാത്രാ സംഘങ്ങൾ 14 ന് വൈകുന്നേരം അഞ്ചിനു കബറിടത്തിൽ എത്തിച്ചേരും. 6.30ന് മെഴുകുതിരി പ്രദക്ഷിണ നേർച്ച നടക്കും. പ്രദക്ഷിണം കത്തീഡ്രൽ ദേവാലയത്തിൽ നിന്നാരംഭിച്ച് കാതോലിക്കേറ്റ് സെന്റർ, സെന്റ് മേരീസ് കോന്പൗണ്ട് വഴി കബറിൽ തിരികെയെത്തും. തുടർന്ന് കബറിൽ ധൂപപ്രാർഥനയും ശ്ലൈഹികാശിർവാദവും നടക്കും. സമാപന ദിവസമായ 15ന് രാവിലെ എട്ടിനു ശുശ്രൂഷകൾ ആരംഭിക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും.
Tags : Mar Ivanios perunnal