ADVERTISEMENT
കൊച്ചി: കൽദായ സുറിയാനി സഭയുടെ ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയായിരുന്ന മാർ അപ്രേമിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സീറോമലബാർ സഭയുടെ അനുശോചനവും പ്രാർഥനയും അറിയിക്കുന്നു. തൃശൂരിന്റെ ആത്മീയ- സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായിരുന്നു മാർ അപ്രേം. താരതമ്യേന ചെറുപ്രായത്തിൽ മെത്രാപ്പോലീത്ത പദവിയിലെത്തിയ അദ്ദേഹം മികച്ച ഭരണകർത്താവും ആത്മീയനേതാവുമായിരുന്നു.
പൗരസ്ത്യ ദൈവശാസ്ത്രത്തിൽ വലിയ അവഗാഹമുണ്ടായിരുന്ന അദ്ദേഹം പൗരസ്ത്യ സുറിയാനി ഭാഷാപണ്ഡിതൻ എന്നനിലയിലും എഴുപതിൽപ്പരം ഗ്രന്ഥങ്ങളുടെ രചയിതാവ് എന്നനിലയിലും വലിയ സംഭാവനകൾ വൈജ്ഞാനിക രംഗത്ത് നൽകിയിട്ടുണ്ട് . മാർ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കൽദായ സുറിയാനി സഭയോടും മാർ ഔഗേൻ മെത്രാപ്പോലീത്തയുൾപ്പെടെ സഭാ നേതൃത്വത്തോടുമുള്ള അനുശോചനം അറിയിക്കുന്നു. കാലം ചെയ്ത മാർ അപ്രേം തിരുമേനിയെ പ്രാർഥനയിൽ ഓർക്കുന്നതായും മേജർ ആർച്ച്ബിഷപ് അറിയിച്ചു.