ADVERTISEMENT
തൃശൂർ: അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിന്റെ പാത്രിയാർക്കീസാവാൻവരെ സാധ്യത കല്പിക്കപ്പെട്ടയാളാണ് മാർ അപ്രേം മെത്രാപ്പോലീത്ത. ആദ്യ നോമിനേഷനിൽ പതിനാലിൽ ഒന്പതു വോട്ടുനേടിയയാൾ.
മാർ ദിൻഹ പാത്രിയാർക്കീസായപ്പോൾ സീനിയർ മെത്രാപ്പോലീത്തയായ മാർ അപ്രേമാണ് അഭിഷേകച്ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.
മാർ ദിൻഹ നാലാമൻ കാലംചെയ്തപ്പോൾ സഭയുടെ താത്കാലിക പരമാധ്യക്ഷനായും പ്രവർത്തിച്ചു. മാർ ദിൻഹയ്ക്കു പിൻഗാമിയെ തേടുന്പോൾ അസീറിയൻ സഭയ്ക്ക് ഇരുപതോളം ബിഷപ്പുമാരുണ്ടെങ്കിലും 14 പേർക്കായിരുന്നു വോട്ടവകാശം. ആദ്യഘട്ട നോമിനേഷനിൽ ബിഷപ്പുമാർ രഹസ്യബാലറ്റുവഴി മുന്നോട്ടുവച്ച പേരുകളിൽ മൂന്നു ബിഷപ്പുമാരാണുണ്ടായിരുന്നത്.
കൂടുതൽ നോമിനേഷൻ (ഒന്പത്) ലഭിച്ചതു മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കായിരുന്നു. ഇറാക്കിൽനിന്നുള്ള ബിഷപ് മാർ ഗീവർഗീസായിരുന്നു രണ്ടാംസ്ഥാനത്ത്. മൂന്നാം സ്ഥാനത്തുവന്ന ബിഷപ് തന്നെ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചതോടെ രണ്ടുപേരായി. തെരഞ്ഞെടുക്കപ്പെട്ടതു മാർ ഗീവർഗീസാണ്. മാർ ഗീവർഗീസ് പാത്രിയാർക്കീസായപ്പോഴും മുഖ്യകാർമികൻ മാർ അപ്രേംതന്നെയായിരുന്നു.
സഭയുടെ ആഗോള സൂനഹദോസ് തൃശൂരിൽ നടത്തി ആഗോളസഭയിലെ ബിഷപ്പുമാരുടെയും ഇന്ത്യയിലെതന്നെ വിശ്വാസികൾക്കിടയിലും മതിപ്പുണ്ടാക്കാൻ മാർ അപ്രേമിനു കഴിഞ്ഞിരുന്നു.
Tags : mar aprem death news