ADVERTISEMENT
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ വിപഞ്ചികയെന്ന യുവതി കുഞ്ഞുമായി ജീവനൊടുക്കി യ സംഭവത്തില്‍ കുണ്ടറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. വിദേശത്തു നടന്ന കുറ്റകൃത്യമായതിനാല്‍ കേരള പോലീസിന് പരിമിതിയുണ്ട്. കുണ്ടറ പോലീസ് റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ വിദേശത്തായതിനാല്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
കൊറ്റംകര കേരളപുരം രജിത ഭവനില്‍ വിപഞ്ചിക (33) കുഞ്ഞുമായി ജീവനൊടുക്കിയ സംഭവത്തില്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നും കാട്ടി മാതാവ് ഷൈലജ നല്കിയ പരാതിയിലാണു കേസ്. വിപഞ്ചികയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
വിപഞ്ചികയെ സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
കേസില്‍ സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. മരണശേഷം വിപഞ്ചികയുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കലെന്ന നിഗമനത്തിലാണ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണം. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുമുണ്ട്.
വിപഞ്ചിക വര്‍ഷങ്ങളായി സ്ത്രീധന പീഡനം നേരിട്ടിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
അമ്മ ഷൈലജ ഷാര്‍ജയിൽ:
അതേസമയം, ഷൈലജ ഇന്നലെ ഷാര്‍ജയിലെത്തി. ബന്ധുവിനൊപ്പം പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ എത്തിയത്. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നര വയസ്) മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്.
വിപഞ്ചികയുടെ സഹോദരന് വിനോദും കാനഡയില്‍നിന്ന് ഷാര്‍ജയിലെത്തിയിട്ടുണ്ട്. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരേ ഷാര്‍ജ പോലീസില്‍ പരാതി നല്കാന് കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. രക്തബന്ധമുള്ളയാള്തന്നെ നേരിട്ട് പരാതി സമര്‍പ്പിക്കണമെന്നുള്ള നിയമോപദേശത്തെ തുടര്‍ന്നാണ് ഷൈലജ ഷാര്‍ജയിലേക്കെത്തിയത്.
മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി അപേക്ഷ നല്‍കും. 17നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കള്‍ പറഞ്ഞു.
Tags : Lookout notices vipanchika