ADVERTISEMENT
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണം സർക്കാർ നേരിട്ട് നടത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന ഖജനാവിന് കോടികളുടെ നഷ്ടമെന്നു പരാതി കഴിഞ്ഞ എട്ടു വർഷമായി മാസം നാലു കോടിയോളം രൂപ വീതം പലിശ നൽകി പെൻഷൻ സഹകരണ സംഘങ്ങളിലൂടെ നൽകുന്നതു മൂലം ഖജനാവിനു കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നതെന്നു ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മറ്റു വകുപ്പുകളിലെപ്പോലെ സർക്കാർ നേരിട്ട് പെൻഷൻ നല്കാനുള്ള ക്രമീകരണം ഒരുക്കണം. എല്ലാ മാസവും ആദ്യത്തെ ആഴ്ചയിൽ കഴിയുമെങ്കിൽ അഞ്ചു ദിവസത്തിനുള്ളിൽ പെൻഷൻ നൽകണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും പലപ്പോഴും കൃത്യമായി പെൻഷൻ നല്കുന്നില്ല.
സർക്കാർ ,ഫണ്ട് സമയത്തു നൽകിയാൽ പോലും പെൻഷൻ സഹകരണ ബാങ്കുകൾ വഴി നൽകാനുള്ള നിരവധി നടപടി ക്രമങ്ങൾമൂലം എല്ലാ മാസവും പെൻഷൻ വിതരണം വൈകുന്നു.മൂന്നു വർഷത്തിനിടയിൽ 16 കോടതി അലക്ഷ്യ ഹർജികൾ നൽകി.
ചീഫ് സെക്രട്ടറി, ട്രാൻസ്പോർട്ട് സെക്രട്ടറി എന്നിവരെ നിരവധി തവണ കോടതിയിൽ വിളിച്ചു വരുത്തിയാണ് പെൻഷൻ വാങ്ങേണ്ടി വരുന്നതെന്നും ഈ ദുരവസ്ഥ അവസാനിപ്പിക്കണമെന്നും ട്രാൻസ്പോർട്ട് ഫ്രണ്ട് പ്രസിഡന്റ് എം.ജഗന്നാഥൻ നായർ ജനറൽ സെക്രട്ടറി കെ.അശോക് കുമാർ എന്നിവർ ആവശ്യപ്പെട്ടു
Tags :