ADVERTISEMENT
പന്തീരാങ്കാവിലെ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുത്ത പണം കണ്ടെടുത്തശേഷം പൊലിസുദ്യോഗസ്ഥർ എണ്ണിതിട്ടപ്പെടുത്തുന്നു.
കോഴിക്കോട്: മറ്റൊരു ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്ത് മാറ്റിവയ്ക്കാനെന്നു പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് യുവാവ് തട്ടിയെടുത്ത 39 ലക്ഷം രൂപ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാമനാട്ടുകര ഇസാഫ് ബാങ്കില്‍നിന്നു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ പന്തീരാങ്കാവ് പള്ളിപ്പുറം സ്വദേശി ഷിബിന്‍ലാല്‍ തട്ടിയെടുത്ത ലക്ഷങ്ങളാണു പോലീസ് കണ്ടെത്തിയത്. ജൂണ്‍ 11നാണ് കവര്‍ച്ച നടന്നത്.
മൂന്നാം ദിവസംതന്നെ ഷിബിന്‍ലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍നിന്ന് 55,000 രൂപ കണ്ടെടുത്തിരുന്നു. ഒരു ലക്ഷം രൂപ മാത്രമേ ഇസാഫ് ബാങ്ക് ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ഷിബിന്‍ലാലിന്റെ വാദം. മറ്റൊരു ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്ത് ഇസാഫ് ബാങ്കില്‍ പണയം വയ്ക്കാമെന്ന് ഷിബിന്‍ലാല്‍ പറഞ്ഞത് ശരിയാണെന്നു വിശ്വസിച്ച് ജീവനക്കാരന് 39 ലക്ഷം രൂപ ബാഗിലാക്കി എത്തുകയായിരുന്നു.
മറ്റു ബാങ്കുകളില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കാന്‍ ഷിബിന്‍ലാലും ഭാര്യയും ചേര്‍ന്ന് ഇസാഫ് ബാങ്കില്‍ വ്യാജ രേഖകള്‍ ഹാജരാക്കിയിരുന്നു. സ്കൂട്ടറില്‍ എത്തിയ ഷിബിന്‍ലാല്‍ ജീവനക്കാരന്റെ കൈയിൽനിന്നു പണമടങ്ങിയബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. പല തവണ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിട്ടും ബാഗില്‍ 39 ലക്ഷം രൂപ ഇല്ലെന്നാണ് ഷിബിന്‍ലാല്‍ ആവര്‍ത്തിച്ചത്.
39 ലക്ഷം ബാഗില്‍ നിറച്ചിരുന്നുവെന്നാണ് ഇസാഫ് ബാങ്ക് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയത്. കേസുമായി ബന്ധമുണ്ടെന്നു കണ്ടതിനാല്‍ ഷിബിന്‍ലാലിന്റെ ഭാര്യ കൃഷ്ണലേഖയെയും സുഹൃത്ത് കുട്ടാപ്പിയെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Tags : fraud case kozhikode