ADVERTISEMENT
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ അവധിയിൽ പ്രവേശിച്ചു. ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസ് ഇറങ്ങിപ്പോയിട്ടും ഹരികുമാർ യോഗത്തിൽ തുടർന്നിരുന്നു.
ഇതിന് സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഹരികുമാർ നൽകിയിരുന്നില്ല. ഇന്ന് രാവിലെ ഒന്‍പതിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതോടെ അച്ചടക്ക നടപടി നീക്കങ്ങൾക്കിടെയാണ് ഹരികുമാർ അവധിയിൽ പ്രവശിച്ചത്.
കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനിൽ വിസിയും സിൻഡിക്കേറ്റും രണ്ടുതട്ടിലാണ്. ഞായറാഴ്ച സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലറുടെ ചുമതലയിലുള്ള സിസാ തോമസ് രംഗത്തെത്തിയിരുന്നു.
രജിസ്ട്രാറുടെ സസ്പെന്ഷന് ഞായറാഴ്ച വിസിയുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വിസിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തിരുന്നു. എന്നാൽ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നുമായിരുന്നു സിസ തോമസിന്റെ വാദം.
സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെന്ഷന് റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തത്. റജിസ്ട്രാറുടെ സസ്പെന്ഷന് വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴെ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങിപ്പോയതാണ് അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി വ്യക്തമാക്കിയിരുന്നു.