ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ തദ്ദേശ വകുപ്പിലെ ഉന്നതതല സംഘം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക്. മധ്യപ്രദേശിലെ ഇൻഡോർ കോർപറേഷനിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളിലെ വികസന മാതൃകകൾ പഠിക്കാനാണ് സംഘം പോകുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജൂലൈ 8 മുതൽ 10 വരെ ഇൻഡോർ കോർപറേഷൻ സന്ദർശിക്കുന്നത്. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കി. കേരളത്തെപ്പോലെ നേരത്തേ മാലിന്യ സംസ്കരണ രംഗത്ത് ഒന്നും ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ഇൻഡോർ നഗരസഭ ഏറെ പഴി കേട്ടിരുന്നു. ഇതിനു പിന്നാലെയാണ് 2017-18ൽ മാലിന്യ സംസ്കരണത്തിനു പുതിയ മാതൃക കണ്ടെത്തിയത്. ഇതാണ് ഇൻഡോറിനെ ക്ലീൻ സിറ്റി പദവിയിൽ എത്തിച്ചത്.
2022ൽ അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗുജറാത്തിലെ ‘ഡാഷ് ബോർഡ് ’ ഇ-ഗവേണൻസ് സംവിധാനം പഠിക്കാൻ പോയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഗുജറാത്ത് മോഡൽ അത്ഭുതകരമാണെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ.
എന്നാൽ, ആ പഠനവുമായി ബന്ധപ്പെട്ടു തുടർനടപടികൾ കേരളത്തിൽ കാര്യക്ഷമമായി നടപ്പായില്ലെന്ന വിമർശനവുണ്ട്. ഇത്തരം മാതൃകകളുടെ പഠനംമാത്രം നടക്കുകയും പ്രായോഗിക തലത്തിൽ നടപ്പാക്കാൻ കഴിയാതെ വരികയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കാൻ ഫയൽ അദാലത്ത് ജൂലൈ ഒന്നിന് ആരംഭിച്ചത്.
മാലിന്യ സംസ്കരണത്തിൽ രാജ്യത്തിനു മാതൃകയാണ് ഇൻഡോർ കോർപറേഷനെന്നും തുടർച്ചയായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിലെ മാതൃക പഠിക്കാൻ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘം പോകുന്നതായുമാണ് യാത്രയുമായി ബന്ധപ്പെട്ട ഫയലുകളിൽ പറയുന്നത്.
Tags :