ADVERTISEMENT
ശരാശരി മലയാളി ഇന്ന് ഏറ്റവും ഭയപ്പെടുന്നത് ആരെ എന്ന ചോദ്യത്തിന്റെ ഒറ്റ ഉത്തരം തെരുവുനായ്ക്കൾ എന്നതാണ്. സ്കൂളിൽപോകുന്ന കുട്ടികളെ മാത്രമല്ല, വിടുവിട്ടു പുറത്തിറങ്ങുന്ന ആരെയും പട്ടി ഓടിച്ചിട്ടു കടിക്കുന്ന കാലമായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിൽക്കുന്ന കുട്ടികൾക്കു വരെ നായയുടെ കടിയേറ്റ സംഭവങ്ങൾ ധാരാളമുണ്ട്. തെരുവുനായ്ക്കൾ മൂലം വാഹനാപകടങ്ങൾ ഉണ്ടാകുന്നു. എന്നിട്ടും എന്തേ നമ്മുടെ ജനപ്രതിനിധികൾ ഉണരുന്നില്ല. നിയമസഭയിൽ വഴിപാടുപോലെ ഒരു ചോദ്യമോ സബ്മിഷനോ ഒക്കെ വരും. സ്ഥിരം പറയുന്ന ഉത്തരം മന്ത്രി പറയും; കർമം കഴിയും. ഇവരാരും എവിടെയും നടന്നുപോകാറില്ല. അഥവാ നടന്നാൽ തന്നെ ഒരുപറ്റം അനുചരർ കാണും. ഒരു പട്ടിക്കും അവരെ കടിക്കാനാവില്ല. അതുകൊണ്ടുതന്നെ പട്ടിയെ പേടിക്കേണ്ട കാര്യവും അവർക്കില്ല.
അപ്പോഴാണ് ജോസ് കെ. മാണി തെരുവുനായ്ക്കളുടെ പ്രശ്നം ചർച്ചചെയ്യാനും ഈ ശല്യം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണം എന്ന ആവശ്യവുമായി രംഗത്തുവരുന്നത്. കേരള കോണ്ഗ്രസ്-എം ചെയർമാനായ ജോസ് കെ. മാണി ഇടതുമുന്നണിയുടെ പ്രമുഖനായ നേതാവുമാണ്. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ കേരളത്തിലെ എംപിമാരുടെ യോഗത്തിൽ ഉന്നയിച്ചശേഷമാണ് ജോസ് ഈ ആവശ്യം പരസ്യമായി ഉന്നയിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച പണിമുടക്കുദിനത്തിൽ തിരുവനന്തപുരത്ത് ഏഴു പേർ പട്ടി കടിച്ച് ആശുപത്രിയിലായി. കണ്ണൂരിൽ ജൂണ് 17ന് അന്പതു പേരെയാണ് ഒരു തെരുവുനായ ഓടിനടന്നു കടിച്ചത്. പിറ്റേന്ന് നായ ചത്തു. നായ കടിച്ചവരിൽ വീട്ടുമുറ്റത്ത് പിച്ചനിന്ന ഒന്നരവയസുകാരി വരെ ഉണ്ടായിരുന്നു. അഞ്ചു മാസത്തിനിടെ 1,65,135 പേർക്കു കടിയേറ്റു. 17 പേർ മരിച്ചു. കേരള ജനതയുടെ സ്വൈരജീവിതത്തെ വല്ലാതെ ഭീതിപ്പെടുത്തുന്ന തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുകതന്നെ വേണം.
കേരളത്തിലെ ഓരോ ജില്ലയിലും 35,000 മുതൽ 50,000 വരെ തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. ഓരോ പഞ്ചായത്തിലും 500 തെരുവുനായ്ക്കളെങ്കിലും ഉണ്ട്. ഇവയെ ഭയന്ന് വഴിയിലിറങ്ങാൻ ആവുന്നില്ല. ഉടമസ്ഥനില്ലാത്ത മുഴുവൻ നായ്ക്കളെയും പിടികൂടണം. പേപ്പട്ടി മരണം ഉണ്ടായാൽ ഒരു കിലോമീറ്ററിനുള്ളിലുള്ള എല്ലാ തെരുവുനായ്ക്കളെയും കൊല്ലാൻ നിയമം വേണം. കേരളത്തിലെ ഏറ്റവും നല്ല വരുമാന മേഖലയായ ടൂറിസത്തെ ഈ ശല്യം വല്ലാതെ ബാധിക്കുന്ന നിലയാണ്.
2001ലെ ഇന്ത്യൻ ഡോഗ് ആക്ട് മൂലം നായ്ക്കളെ കൊല്ലുന്നതിനുള്ള തടസം നീക്കണം. ജല്ലിക്കെട്ട് നിരോധിച്ചപ്പോൾ തമിഴ്നാട് സർക്കാർ പുതിയ നിയമനിർമാണം നടത്തിയതുപോലെ കേരളവും നടത്തണം. പക്ഷിപ്പനിയും പന്നിപ്പനിയുമൊക്കെ ബാധിക്കുന്പോൾ ആ പ്രദേശത്തുള്ള പന്നി, കോഴി, താറാവ് എന്നിവയെ ആകെ കൊല്ലുന്നതുപോലുള്ള സമീപനം ഉണ്ടാവണം. കാട്ടുപന്നികളെ കൊന്നാൽ വനത്തിലുള്ള കടുവയ്ക്കും പുലിക്കും ഭക്ഷണം ഇല്ലാതാകുമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു. എങ്കിൽ ഈ നായ്ക്കളെ പിടിച്ച് ഉൾക്കാട്ടിൽ വിട്ടാൽ വന്യമൃഗങ്ങൾക്ക് ഭക്ഷണമാവില്ലേ? ജോസിന്റെ ഈ ചോദ്യംകേട്ട് എംപിമാരെല്ലാവരും ചിരിച്ചു. പലരും വിഷയത്തിന്റെ ഗൗരവം അറിയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കു മനസിലായിട്ടുണ്ടെന്നാണ് ജോസ് കരുതുന്നത്. അടുത്തമാസം നിയമസഭ ചേരാനും വന്യമൃഗങ്ങളെയും തെരുവുനായ്ക്കളെയും സംബന്ധിച്ച് ചില നിയമങ്ങൾ പാസാക്കാനും സാധ്യതയുണ്ടെന്നും ജോസ് കരുതുന്നു.
കുത്തിവയ്പ് എടുത്താലും പേയിളകില്ലെന്ന് ഉറപ്പില്ലാത്ത നിലയുമായി. ശക്തമായ നിയമസംരക്ഷണമാണ് തെരുവുനായ്ക്കൾക്കുള്ളത്. ഇതും മാറണം. തെരുവുനായ വക്താക്കൾക്കുവേണ്ടി ഏറ്റവും പ്രഗത്ഭരായ അഭിഭാഷകർ കോടതിയിൽ ഹാജരാകുന്നു. നായ്ക്കളോടുള്ള സ്നേഹത്തെക്കാൾ പേപ്പട്ടിവിഷ വാക്സിൻ നിർമാതാക്കളുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് എന്നു കരുതാൻ ന്യായങ്ങളുണ്ട്. കേരളത്തിൽ പേപ്പട്ടിവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും ഉണ്ടായ മരണങ്ങളിൽപ്പോലും മരുന്നിന്റെ ഗുണനിലവാരം ആരും സംശയിക്കുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഇപ്പോഴത്തെ അംഗീകൃത തെരുവുനായ നിയന്ത്രണ പദ്ധതികളൊന്നും ഫലപ്രദമല്ല. വന്ധ്യംകരണ ശസ്ത്രക്രിയയാണ് ഒന്ന്. ഒരു ഡോക്ടർക്ക് പരമാവധി മൂന്ന് വന്ധ്യംകരണ ശസ്ത്രക്രിയയാണ് ദിവസം നടത്താനാവുക. ഈ കണക്കനുസരിച്ച് 25,000 നായ്ക്കളെയാണ് ഒരു വർഷം വന്ധ്യംകരിക്കാനാവുക. 2024ൽ കേരളത്തിൽ 3.16 ലക്ഷം ജനങ്ങൾ പട്ടികടിയേറ്റ് ആശുപത്രികളിലെത്തി. 2024ൽ 26 പേർ പേവിഷബാധ മൂലം മരിച്ചു. 2017ൽ 1.35 ലക്ഷമായിരുന്നു ഇങ്ങനെ ആശുപത്രികളെ സമീപിച്ചത്. 133 ശതമാനം വർധന. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം 50,870. കൊല്ലത്ത് 37,618, എറണാകുളത്ത് 32,086, പാലക്കാട്ട് 31,303, തൃശൂരിൽ 29,363 എന്നിങ്ങനെ കേസുകളുണ്ടായി. 2023ൽ പാർലമെന്റിൽ സമർപ്പിച്ച കണക്കനുസരിച്ച് 30.5 ലക്ഷം പേരെയാണ് പട്ടി കടിച്ചത്. ഇതുമൂലം 286 മരണം സംഭവിച്ചു.
തെരുവുനായ്ക്കളുടെ കടി ഏൽക്കുന്നവർക്കു സർക്കാർ നഷ്ടപരിഹാരം കൊടുക്കണം എന്നാണ് വ്യവസ്ഥ. 2018ലെ സുപ്രീംകോടതി വിധി അനുസരിച്ച് ജസ്റ്റീസ് സിരിജഗൻ കമ്മീഷൻ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുമുണ്ട്. കടിയേറ്റവർക്ക് 30,000 മുതൽ 17 ലക്ഷം രൂപവരെ കമ്മീഷൻ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. കൊടുക്കാൻ സർക്കാരിന്റെ കൈയിൽ പണം വേണ്ടേ? ഒന്നും പറഞ്ഞതുകൊണ്ടായില്ലല്ലോ? നടപടികൾ വേണ്ടേ? എല്ലാം ശരിയാക്കി എന്ന് സർക്കാർ പറയുന്പോൾ ജനം ചോദിച്ചു പോകുന്നു.
വേൾഡ് സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അനിമൽസിന്റെ പഠനമനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, തുറസായ സ്ഥലത്തെ മത്സ്യ-മാംസ മാലിന്യങ്ങൾ, ഇഷ്ടമൃഗങ്ങളുടെ വളർത്തലിന്റെ ദോഷങ്ങൾ തുടങ്ങിയവയാണ് നായ്പെരുപ്പത്തിനു കാരണം. സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് കോട്ടയം നടത്തിയ പഠനമനുസരിച്ച് 2020ൽ ഇന്ത്യയിൽ 350 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടായിരുന്നത് 2023ൽ 650 ലക്ഷമായി. ലോകത്ത് ഏറ്റവും അധികം തെരുവുനായ്ക്കൾ ഇന്ത്യയിലാണ്. ലോകത്തുള്ളതിൽ 36 ശതമാനം തെരുവുനായ്ക്കൾ ഇന്ത്യയിലുണ്ട്. പേ വിഷബാധ മൂലം ദക്ഷിണ-പൂർവ ഏഷ്യയിലുണ്ടാകുന്ന മരണത്തിന്റെ 65 ശതമാനവും കേരളത്തിലാണ്.
നായ ജനനനിയന്ത്രണ പ്രവർത്തനങ്ങൾക്കായി ഇപ്പോൾ സംസ്ഥാനത്ത് 20 കേന്ദ്രങ്ങളാണ് ഉള്ളത്. 2022-23ൽ 37,000 തെരുവു നായ്ക്കൾക്കു വാക്സിനേഷൻ എടുത്തു, 17,865 നായക്കളെ വന്ധ്യംകരിച്ചു. 5.1 ലക്ഷം വളർത്തുനായ്ക്കളെ വാക്സിനേഷൻ നടത്തി. മൊത്തം നായ്ക്കളിൽ 70 ശതമാനത്തിനെങ്കിലും വാക്സിനേഷൻ നടത്തിയാലേ മാറ്റം ഉണ്ടാവൂ. അശാസ്ത്രിയമായ വേസ്റ്റ് മാനേജ്മെന്റ് ഇല്ലാതാക്കണം. നെതർലാൻഡ്സ്, ഭൂട്ടാൻ മോഡലുകൾ പരീക്ഷിക്കണം. ഇതെല്ലാമാണ് അവരുടെ പഠനംപറയുന്നത്.
ഇതെല്ലാം ചെയ്തിട്ടും കേരളത്തിൽ നായശല്യം കൂടുന്നു. പുതിയ പരിപാടികൾ വേണം. നിയമനിർമാണം വേണം, ജോസ് ചൂണ്ടിക്കാണിക്കുന്നു. ഇത് ജനവികാരമാണ്. തെരുവുനായ്ക്കളുടെ കുത്തിവയ്പിന് 47.6 കോടി രൂപ പഞ്ചായത്തുകൾ ചെലവാക്കുന്നു. എന്നാൽ നായ്ക്കൾ പെ
Tags :