ADVERTISEMENT
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ളത് 57,920 സീറ്റുകൾ. ഏറ്റവും കൂടുതൽ സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ളത് മലപ്പുറത്താണ്. 8703 സീറ്റുകളാണ് മലപ്പുറത്തുള്ളത്. കോഴിക്കോട് 5352 ളം തൃശൂരിൽ 4896 ളം സീറ്റുകൾ സപ്ലിമെന്ററി അലോട്ടമെന്റിനായുണ്ട്. ഏറ്റവും കുറവ് സീറ്റു കൾ വയനാട്ടിലാണ്. 1550 സീറ്റുകളിലാണ് വയനാട്ടിൽ അലോട്ട്മെന്റിനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റിനു ഈ മാസം 28 മുതലാണ് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കൽ ആരംഭിച്ചത്. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും പരിഗണിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്.
Tags : kerala plus one supplementary allotment 2025