ADVERTISEMENT
കൊച്ചി: കേരള യോഗ അസോസിയേഷന് നല്കുന്ന യോഗ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ നല്കിയ തുല്യാംഗീകാരവും കോഴ്സ് പാസായവരെ യോഗ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ കേന്ദ്രമായി പ്രവൃത്തിക്കുന്ന യോഗ ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി.പി. അശോക് കുമാര്‍ നല്കിയ ഹർജിയിലാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്.
2016ല്‍ സ്ഥാപിച്ച സ്വകാര്യ സംഘടനയായ അസോസിയേഷന് നടത്തുന്ന കോഴ്സുകള്‍ക്ക് അംഗീകാരം നല്കിയ നടപടി തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ടി. ആസഫലിയുടെ വാദം. അസോസിയേഷന്റെ യോഗ സര്‍ട്ടിഫിക്കറ്റുള്ളവരെ തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാരായി നിയമിച്ചതും ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ യോഗ കോഴ്സിന് സര്‍വകലാശാലയുടെ കോഴ്സിന് തുല്യമായ അംഗീകാരം നല്‍കിയതിനു വിശദീകരണം നല്കാന് സര്‍ക്കാരിനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Tags : kerala high court news