ADVERTISEMENT
കൊച്ചി: പോലീസ് സ്റ്റേഷനുകളില്‍ റൗഡിപ്പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പോലീസ് ഉദ്യോഗസ്ഥരുടെ അറിവിലേക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി. പരസ്യമായി പട്ടിക പ്രദര്‍ശിപ്പിക്കുമ്പോള്‍ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ളിടത്ത് വയ്ക്കാനുളളതാണ് ഇത്തരം പട്ടികകളെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
റൗഡി എന്നും റൗഡിയായി തുടരണമെന്നില്ല. കുറ്റവാളികളെ നേരായ മാര്‍ഗത്തിലേക്കു നയിക്കാന്‍ സമൂഹത്തിനും കടമയുണ്ട്. റിപ്പര്‍ ജയാനന്ദന് തന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചത് ഇയാള്‍ മാനസാന്തരത്തിന്റെ പാതയിലാണെന്നു ബോധ്യപ്പെട്ടതിനാലാണ്. രാമായണം രചിച്ച വാത്മീകി, സപ്തര്‍ഷികളുടെ ഉപദേശം സ്വീകരിക്കുന്നതുവരെ കൊള്ളസംഘാംഗമായിരുന്നുവെന്നാണ് ഐതിഹ്യമെന്നും കോടതി ഓര്‍മിപ്പിച്ചു.
ഫോര്‍ട്ട്കൊച്ചി പോലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ പേരും ചിത്രവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ കുറ്റവാളി സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ഹര്‍ജിക്കാരന്റെ പേരും ഫോട്ടോയും രണ്ടാഴ്ചയ്ക്കകം സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍നിന്ന് നീക്കാന്‍ കോടതി നിര്‍ദേശിച്ചു. തനിക്കെതിരായ 18 കേസുകളില്‍ 16ലും കുറ്റവിമുക്തനാക്കിയെന്നും ഫോര്‍ട്ട്കൊച്ചി സ്റ്റേഷനില്‍ തനിക്കെതിരെ ഒരു കുറ്റകൃത്യവും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
എട്ടു വര്‍ഷമായി ഒരു കേസിലും പ്രതിയല്ലാത്ത താന്‍ മോശം കൂട്ടുകെട്ടുകള്‍ ഉപേക്ഷിച്ച് മാനസാന്തരത്തിന്റെ പാതയിലാണ്. ജോലി ചെയ്ത് വൃദ്ധമാതാവിനെ പരിപാലിക്കുന്നുണ്ട്. വിവാഹത്തിനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റ് തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്നതാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
എന്നാല്‍, ഹര്ജിക്കാരന് വധശ്രമമടക്കം കേസുകളില്‍ പ്രതിയായിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഫോര്‍ട്ടുകൊച്ചി സ്റ്റേഷന് പരിധിയിലാണ് താമസമെന്നതിനാല്‍ നിരന്തര നിരീക്ഷണത്തിനായാണു പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. എന്നാല്‍, ശിക്ഷയെക്കാള്‍ പരിവര്‍ത്തനമാണ് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ സവിശേഷതയെന്നു കോടതി ചൂണ്ടിക്കാട്ടി.