ADVERTISEMENT
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരേ നൽകിയ ഹർജികൾ പിൻവലിക്കാൻ സംസ്ഥാനസർക്കാരിന് അവകാശമുണ്ടെന്ന നിരീക്ഷണവുമായി സുപ്രീംകോടതി.
കേസുകൾ ഫയൽ ചെയ്തവർക്ക് അതു പിൻവലിക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റീസുമാരായ പി.എസ് നരസിംഹ, എ.എസ്. ചന്ദ്രുകർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയപ്പോൾ ഹർജികൾ പിൻവലിക്കാൻ കേരളത്തിന് അനുമതി നൽകുന്നതിനെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തു.
നിലവിൽ നിയമസഭ പാസാക്കിയ ബില്ലുകളൊന്നും ഗവർണറുടെ പക്കലില്ലെന്നും അതിനാൽ കേരളത്തിന്റെ ഹർജിക്കു പ്രാധാന്യമില്ലെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിന്റെ ഹർജിയിൽ പരാമർശിച്ചിരിക്കുന്ന വിഷയം സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളിലുണ്ടെന്നും അതിനാൽ ഇപ്പോഴത്തെ ഹർജി പ്രസക്തമല്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.
തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി സുപ്രീംകോടതിയിൽ റഫറൻസ് നൽകിയിട്ടുണ്ടെന്നും അതിനാൽ കേരളത്തിന്റെ ആവശ്യം ഇപ്പോൾ അംഗീകരിക്കരുതെന്നുമാണ് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തേ കേസ് പരിഗണിച്ചപ്പോഴും സമാന നിലപാടായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചത്.
ബില്ലുകൾ വൈകിപ്പിക്കുന്നതിനെതിരേ തമിഴ്നാട് ഗവർണർക്കെതിരേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് തങ്ങളുടെ ഹർജിക്കും ബാധകമാണെന്നാണു കേരളത്തിന്റെ വാദം. ഇരു ഹർജികളിലും ഉന്നയിക്കുന്ന വാദം സമാനസ്വഭാവമുള്ളതെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് ഗവർണർക്കെതിരായ ഉത്തരവ് കൂടുതൽ വാദത്തിനായി ഭരണഘടനാബെഞ്ചിനു വിടാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ കേരളത്തിന്റെ ഹർജിയിലൂടെ കൂടുതൽ വാദങ്ങൾ ഉന്നയിക്കാനാണു കേന്ദ്രത്തിന്റെ ശ്രമം.
എന്നാൽ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ ആവശ്യത്തോടു തങ്ങൾക്ക് യോജിപ്പാണെന്നും എന്നാൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതുകൊണ്ട് രണ്ടാഴ്ചയ്ക്കുശേഷം ഹർജി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Tags :