ADVERTISEMENT
ഈരാറ്റുപേട്ട: രാമപുരം സ്വദേശികളായ ദമ്പതിമാരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധഭാവനില് (തെരുവേല്‍) വിഷ്ണു എസ്. നായര്‍ (36), ഭാര്യ രശ്മി (34) എന്നിവരെയാണ് ഈരാറ്റുപേട്ടയ്ക്ക് സമീപം പനയ്ക്കപ്പാലത്തെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. സ്ഥാപനങ്ങളുടെ പണികള്‍ കരാര്‍ എടുത്തു ചെയ്യുന്നയാളായിരുന്നു വിഷ്ണു. ഇന്നലെ രാവിലെ രശ്മിയുടെ അമ്മ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. വിവരമറിഞ്ഞ് മുകളിലത്തെ നിലയില്‍ താമസിക്കുന്നവർ എത്തിയപ്പോള്‍ പ്രധാന വാതില്‍ തുറന്നും കിടപ്പുമുറിയുടെ വാതില്‍ പൂട്ടിയ നിലയിലുമായിരുന്നു. കെട്ടിട ഉടമയെ വിളിച്ചുവരുത്തി വാതില്‍ തകര്‍ത്തപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുപേരുടെയും ശരീരം കരിവാളിച്ച നിലയിലും കൈകളില്‍ സിറിഞ്ച് കുത്തിവെച്ച നിലയിലുമായിരുന്നു. ഞായറാഴ്ച സ്വകാര്യ പണമിടപാടുകാര്‍ വിഷ്ണുവിന്റെ കൂടപ്പുലത്തെ വീട്ടിലും പനയ്ക്കപ്പാലത്തെ വീട്ടിലും എത്തിയിരുന്നു. പാലാ ഡിവൈഎസ്പി കെ. സദന്, ഈരാറ്റുപേട്ട എസ്എച്ച്ഓ. കെ.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഫോറന്‍സിക് വിഭാഗവും വിരലടയാട വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്കാരം ഇന്ന് രണ്ടിന് കൂടപ്പുലത്തുള്ള വീട്ടുവളപ്പില്‍. രശ്മി മേലുകാവ് ഓന്തുപാറയില്‍ കുടുംബാംഗമാണ്.