ADVERTISEMENT
പരിയാരം: ബിജെപിയുമായും കേന്ദ്ര സർക്കാരുമായും പിണറായി സർക്കാർ നടത്തിയ രണ്ടാം ഡീലാണ് റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി നിയമനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ചന്ദ്രശേഖർ മോദിക്ക് വേണ്ടപ്പെട്ടവനായതിനാലാണ് പിണറായി ഡിജിപിയാക്കിയത്.
ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറായും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുകയും ചെയ്ത ഇദ്ദേഹത്തെ ഡിജിപിയാക്കിയതിലൂടെ ബിജെപിയും മുഖ്യമന്ത്രിയും രണ്ടാമത്തെ ഡീൽ ഉറപ്പിക്കുകയാണ് ചെയ്തത്. മോദിക്ക് അനഭിമതനായതിനാലാണു ഡിജിപി പട്ടികയിൽ ഒന്നാം പേരുകാരനായ നിതിൻ അഗർവാളിനെ ഒഴിവാക്കിയതെന്നും വേണുഗോപാൽ ആരോപിച്ചു.
പരിയാരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി നിയമനപട്ടികയിലുണ്ടായിരുന്ന നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരാണ്. മോദിക്കും കേന്ദ്ര സർക്കാരിനും ഇഷ്ടമല്ലാതിരുന്നതിനാലാണ് നിതിൻ അഗർവാളിനെ ബിഎസ്എഫ് ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നു നീക്കിയത്. കേന്ദ്രത്തിന് അപ്രിയമായതൊന്നും തങ്ങൾ ചെയ്യില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.
സ്വന്തം തടി രക്ഷിക്കാൻ മുഖ്യമന്ത്രി കൂത്തുപറന്പ് രക്തസാക്ഷികളെ മറന്നു. പുതിയ ഡിജിപിയോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പില്ല. പക്ഷേ അദ്ദേഹത്തിനെതിരെ സിപിഎം മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. അതെല്ലാം ശരിയെന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തെ സിപിഎം വിശ്വസിപ്പിച്ചിരുന്നത്. അതില്‍നിന്നു വ്യതിചലിച്ചതിന്റെ കാരണം ചികഞ്ഞാല്‍ ഇപ്പോഴത്തെ ഡിജിപി നിയമനത്തില്‍ ചില ദുരൂഹതയുണ്ട്.
പി. ജയരാജന്റേത് സ്വാഭാവിക പ്രതികരണമാണ്. എന്നാല്‍ സിപിഎമ്മിലെ മറ്റുനേതാക്കള്‍ പിണറായിയെ ഭയന്ന് പ്രതികരിക്കുന്നില്ല. കൂത്തുപറമ്പ് വെടിവയ്പുമായി ബന്ധപ്പെട്ട് അന്ന് രവാഡ ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച ആരോപണം സിപിഎമ്മിനു പറ്റിയ തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.