ADVERTISEMENT
കണ്ണൂര്‍: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍മോചിതയായി. ഇന്നലെ വൈകുന്നേരം നാലരയോടെയാണു കണ്ണൂര്‍ വനിതാ ജയിലിൽനിന്നു പുറത്തിറങ്ങിയത്. നിലവിൽ 22 വരെ പരോളിലായിരുന്നു. ഇന്നലെ ഉച്ചയോടെ അതീവരഹസ്യമായി കണ്ണൂരിലെത്തി. ഷെറിനെ കാത്ത് ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങൾ വനിതാ ജയിലിനു മുന്നിൽ ഉണ്ടായിരുന്നു. ഷെറിന്റെ വരവിനെക്കുറിച്ച് അറിയില്ലെന്നു സൂപ്രണ്ട് പറഞ്ഞതോടെ മാധ്യമങ്ങൾ മടങ്ങിപ്പോകുകയും ചെയ്തു.
എന്നാൽ, പിന്നീടുള്ള നീക്കങ്ങൾ ജയിൽ അധികൃതരുടെ ഒത്താശയോടെയായിരുന്നു. വൈകുന്നേരം നാലോടെ ജയിൽ പരിസരത്ത് എത്തി മാധ്യമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതോടെ ജയിലിനുള്ളിലേക്കു കടക്കുകയും നാലു മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ഷെറിൻ മടങ്ങുകയുമായിരുന്നു.
ജീവപര്യന്തം തടവുകാരിയായ ഷെറിന് ഉള്‍പ്പെടെ 11 പേര്‍ക്കു ശിക്ഷായിളവ് നല്കി ജയിലില്‍നിന്നു വിട്ടയയ്ക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരി ച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഷെറിന്റെ വിടുതല്‍ ഉത്തരവ് കഴിഞ്ഞദിവസം കണ്ണൂര്‍ വനിതാ ജയിലിലെത്തിയെങ്കിലും പരോളിലുള്ള ഷെറിന് എന്ന് തിരിച്ചെത്തുമെന്നതില്‍ ജയിലധികൃതര്‍ ഒളിച്ചുകളി തുടരുകയായിരുന്നു. വനിതാ ജയില്‍ സൂപ്രണ്ടുമായും ഷെറിന്റെ അഭിഭാഷകനുമായും ഇന്നലെ ഉച്ചവരെ മാധ്യമപ്രവര്‍ത്തകര്‍ പലതവണ ബന്ധപ്പെട്ടിട്ടും ഒരുവിവരവും ലഭിച്ചില്ല.
കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ സംരക്ഷണയിലാണ് ഷെറിനെന്നും ഈ നേതാവിന്റെ ഇടപെടലാണ് ഷെറിനു മോചനം സാധ്യമാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു.
കണ്ണൂര്‍ ജയിലില്‍ കഴിയുന്നതിനിടെ നൈജീരിയന്‍ സ്വദേശിനിയായ തടവുകാരിയെ മര്‍ദിച്ചെന്ന പരാതിയും ഷെറിനെതിരേയുണ്ട്. നൈജീരിയന്‍ സ്വദേശിനിയായ ജൂലിയെ മര്‍ദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. നല്ലനടപ്പിന് ഷെറിന് ഇളവ് നല്കാന് മന്ത്രിസഭ തീരുമാനിച്ചതിനുശേഷം കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ സംഭവം. 18 വര്‍ഷം എട്ടു മാസം തടവുശിക്ഷ അനുഭവിക്കേണ്ട ഷെറിന് 14 വര്‍ഷം നാലു മാസം 17 ദിവസംകൊണ്ട് ജയില്‍മോചന നടപടിക്രമങ്ങള്‍ തുടങ്ങുകയായിരുന്നു.
ഈ 14 വര്‍ഷത്തിനിടെ ഒന്നര വര്‍ഷത്തോളം ഇവര്‍ പരോളില്‍ പുറത്തായിരുന്നതായും ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷത്തിലേറെ ജയില്‍ശിക്ഷ അനുഭവിച്ചവരും പ്രായം ചെന്നവരുമായ തടവുകാര്‍ ജയില്‍മോചനത്തിനായി കാത്തിരിക്കുന്നു. അതിനിടെയാണ് അതിവേഗ ഫയല്‍ നീക്കവുമായി ഷെറിന് ജയില്‍ മോചിതയായത്.
2009 നവംബര്‍ ഏഴിനാണ് ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ ഷെറിന് കൊലപ്പെടുത്തിയത്. ഭാസ്കര കാരണവരുടെ ശാരീരിക വെല്ലുവിളികളുള്ള ഇളയമകന് ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യ പൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന് കൊലപ്പെടുത്തിയത്.
Tags : karanavar murder case sherin