ADVERTISEMENT
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ യെമനിൽ നിർണായക ചർച്ചകൾ ആരംഭിച്ചു. ചര്‍ച്ചയില്‍ പുരോഗതിയുള്ളതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. കാന്തപുരത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
തെക്കൻ യെമനിലെ ഗോത്രകേന്ദ്രത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന് അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്, ഗോത്ര തലവന്മാര് എന്നിവരാണ് പങ്കെടുത്തത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്കു മാപ്പ് നൽകണമെന്നാണ് ചർച്ചയിൽ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം.
ഇന്നലെ നടന്ന ചർച്ചയിൽ കുടുംബം അനുകൂല പ്രതികരണമൊന്നും നടത്തിയില്ല. ചർച്ച ഇന്നും തുടരുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. യെമനിൽ രാഷ്ട്രീയസംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർതലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്. വിഷയം ഇന്നലെ സുപ്രീംകോടതിയിൽ എത്തിയപ്പോൾ കേന്ദ്രസർക്കാരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Tags : Kanthapuram nimishapriya