ADVERTISEMENT
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ.രാജൻ മൊഴി നൽകി. ചില രാഷ്ട്രീയതാത്പര്യങ്ങൾക്കായി പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്ന് മന്ത്രി പറഞ്ഞു.
പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ജനപ്രതിനിധികൾ എന്ന നിലയിൽ പല കാര്യങ്ങളിലും ഇടപെടുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലാക്കി ചില ഗൂഢാലോചനകൾ നടന്നെന്ന് മൊഴിയിൽ പറയുന്നു.
പല തവണ വിളിച്ചിട്ടും അജിത്കുമാർ ഫോൺ എടുത്തില്ലെന്നും മൊഴിയിലുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ദേവസ്വങ്ങളുമായി പ്രശ്നം ഉണ്ടായപ്പോള്‍ അക്കാര്യം എഡിജിപിയെ നേരത്തേ തന്നെ അറിയിച്ചതാണ്. ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ സ്ഥലത്തുണ്ടാകണമെന്ന് അറിയിക്കുകയും താന്‍ ഉണ്ടാകുമെന്ന് എഡിജിപി ഉറപ്പ് നല്‍കുകയും ചെയ്തതാണ്.
എന്നാല്‍ പൂരം കലങ്ങിയതിന് ശേഷം എഡിജിപിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കോള്‍ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല. എഡിജിപി ഒരു സ്വകാര്യ യാത്രയിലായിരുന്നെന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെന്നും മന്ത്രി മൊഴി നല്കി.
ബുധനാഴ്ച രാത്രി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ തോംസൺ ജോസാണ് മന്ത്രിയുടെ മൊഴിയെടുത്തത്. കേസിൽ നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
Tags : k rajan mr ajith kumar