ADVERTISEMENT
തിരുവനന്തപുരം: സ്കൂളിൽ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ക്കും ചീഫ് ഇലക്ട്രിക് ഇൻസ്പെക്ടർക്കും അന്വേഷിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് വിവരം.
Tags : K Krishnankutty