ADVERTISEMENT
കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ "ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' ഇന്ന് തിയേറ്ററുകളിലെത്തി. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി എട്ട് മാറ്റങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളാണ് ഒന്നിച്ചു റിലീസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം 27ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയില്‍ "ജാനകി' എന്ന പേരുമാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ല എന്ന് സെന്‍സര്‍ ബോര്‍ഡ് നിലപാടെടുക്കുകയായിരുന്നു. സിനിമയിലെ കോടതി രംഗങ്ങളിലെ ഏഴ് ഭാഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതിന് പിന്നാലെ ബുധനാഴ്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കിയിരുന്നു. അതേസമയം സിനിമയുടെ ടീസറിലും മുമ്പേ ഇറക്കിയ പോസ്റ്ററിലും ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റാത്തതുകൊണ്ട് ഹര്‍ജിക്കാര്‍ക്കെതിരേ നടപടി ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
ടീസറിന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ജാനകി എന്ന പേര് മാറ്റണമെന്ന് നിര്‍ദേശിച്ച് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാനഭംഗത്തിന് ഇരയാകുന്ന നായികയ്ക്ക് സീതാദേവിയുടെ പര്യായമായ ജാനകിയുടെ പേര് നല്‍കിയതാണ് സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിന് കാരണമായത്.
തുടര്‍ന്ന് സിനിമയുടെ ടൈറ്റിലിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പിനാണ് അനുമതി നല്‍കിയത്. ടീസറിലടക്കം പേര് മാറ്റുന്നതിലെ ചെലവ് ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ഇളവ് വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചു. ഇത് കോടതി അനുവദിക്കുകയായിരുന്നു.
Tags : JSK Suresh Gopi