ADVERTISEMENT
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്)യിൽ അവതരിപ്പിച്ച ഡിജിറ്റൽ ഹാജർ സംവിധാനത്തിൽ പരിശോധന ശക്തമാക്കാൻ കേന്ദ്രസർക്കാർ. തൊഴിലാളികളുടെ ഡിജിറ്റൽ ഹാജറുമായി ബന്ധപ്പെട്ട് വ്യാപക ദുരുപയോഗം സംഭവിക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെ ഇതു തടയാൻ നാലു ഘട്ട നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായും കേന്ദ്രസർക്കാർ അറിയിച്ചു. ഇതുസംബന്ധിച്ച നിർദേശങ്ങൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കൈമാറി.
നാലു വർഷം മുന്പാണ് തൊഴിലുറപ്പ് പദ്ധതിക്ക് നാഷണൽ മൊബൈൽ മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ചു ഡിജിറ്റൽ ഹാജർ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.
എന്നാൽ കുറഞ്ഞത് ഏഴു തരത്തിൽ ഡിജിറ്റൽ ഹാജർ സംവിധാനത്തെ കബളിപ്പിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ കബളിപ്പിക്കൽ നടത്തുന്നത് ഡിജിറ്റൽ ഹാജരിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതിലേക്കു നയിക്കുമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ നിർദേശത്തിൽ വ്യക്തമാക്കി. ഡിജിറ്റൽ ഹാജരിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചാൽ യാതൊരു ഇളവുകളും ലഭിക്കില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൃത്രിമം കണ്ടെത്തിയതോടെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാനതലത്തിൽ തൊഴിലാളികളുടെ ഫോട്ടോഗ്രാഫുകളും ഹാജർ നിലയും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
പൊരുത്തക്കേടുകൾ ഇങ്ങനെ...
നാഷണൽ മൊബൈൽ മോണിറ്ററിംഗ് ഉപയോഗിച്ചുള്ള ഹാജർ സംവിധാനത്തിലൂടെ ദിവസത്തിൽ രണ്ടു തവണ തൊഴിലാളികളുടെ ഫോട്ടോ അപ്ലോഡ് ചെയ്യണമെന്നാണു നിയമം. ആദ്യത്തെ ഫോട്ടോ ജോലിക്ക് എത്തുന്പോഴും രണ്ടാമത്തേതു ജോലി അവസാനിക്കുന്പോഴും. 20 തൊഴിലാളികളിൽ താഴെയുള്ള തൊഴിലിടത്തിൽ മാത്രമേ രണ്ടാമത്തെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിൽ ഇളവുള്ളൂ. എന്നാൽ പലപ്പോഴും തെറ്റായ ഫോട്ടോയാണു ഹാജർ സംവിധാനത്തിൽ അപ്ലോഡ് ചെയ്യുന്നത്. തത്സമയം എടുക്കുന്ന ഫോട്ടോകൾക്കു പകരം നേരത്തേ എടുത്ത ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതായും കണ്ടെത്തി.
പ്രവൃത്തിയുമായി ബന്ധമില്ലാത്ത ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നു, തൊഴിലാളികളുടെ യഥാർഥ എണ്ണവും രേഖപ്പെടുത്തിയ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട്, ഒന്നിലധികം മസ്റ്റർ റോളുകളിൽ ഒരേ ഫോട്ടോ ഉപയോഗിക്കുന്നു, രാവിലെയും ഉച്ചയ്ക്കുമുള്ള ഫോട്ടോകളിലെ തൊഴിലാളികൾ തമ്മിലുള്ള പൊരുത്തക്കേട്, ഉച്ചയ്ക്കുള്ളശേഷമുള്ള രണ്ടാമത്തെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നില്ല തുടങ്ങിയ കബളിപ്പിക്കലുകൾ ഹാജർ സംവിധാനത്തിൽ നടക്കുന്നുണ്ടെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്.
Tags :