ADVERTISEMENT
കൊച്ചി: ചികിത്സാച്ചെലവ് താങ്ങാനാകാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് ‘നിധി’ മാതാപിതാക്കളുടെ നാട്ടിലേക്കു മടങ്ങി. ഇന്നലെ രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥരും പോലീസും ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസിലാണ് കുഞ്ഞുമായി ജാര്‍ഖണ്ഡിലേക്കു തിരിച്ചത്. ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസര്‍ കെ.എസ്. സിനിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണു യാത്രതിരിച്ചത്. പശ്ചിമബംഗാള്‍ സിഡബ്ല്യുസിക്ക് കൈമാറാനുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ട്.
ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കു കുട്ടിയെ നോക്കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറുന്ന കാര്യത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയില്‍നിന്ന് അഭിപ്രായം തേടിയിരുന്നുവെന്ന് സിഡബ്ല്യുസി ചെയര്മാന് വിന്‍സെന്റ് ജോസഫ് പറഞ്ഞു. കുട്ടിയെ സംരക്ഷിക്കാന്‍ ആവശ്യമായ സാമ്പത്തികസ്ഥിതി മാതാപിതാക്കള്‍ക്ക് ഇല്ല എന്നാണ് അവര്‍ അറിയിച്ചത്. ഒരിക്കല്‍ കുട്ടിയെ ഉപേക്ഷിച്ചുപോയ ചരിത്രമുള്ളതിനാല്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്കുതന്നെ കുട്ടിയെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ആറു മാസത്തോളം കേരള വനിതാ-ശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലായിരുന്നു കുട്ടി.
കഴിഞ്ഞ ജനുവരി 29നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോട്ടയത്തെ ഫിഷ് ഫാമിൽ ജീവനക്കാരായ ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വരിനും രഞ്ജിതയ്ക്കും 900 ഗ്രാം തൂക്കവുമായി പെണ്‍കുഞ്ഞ് പിറന്നത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ചികിത്സയ്ക്കുള്ള രണ്ടു ലക്ഷം രൂപ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ജനുവരി 31 ന് രാത്രി മാതാപിതാക്കള്‍ നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കുട്ടിയുടെ ചികിത്സ ഏറ്റെടുത്ത സര്‍ക്കാര്‍ അവളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിരേഖകളില്‍ ബേബി ഓഫ് രഞ്ജിത എന്നറിയപ്പെട്ട ആ കുഞ്ഞിന് മന്ത്രി വീണാ ജോര്‍ജ് ‘നിധി’ എന്ന് പേരുമിട്ടു.
കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഒന്നര മാസത്തിനുശേഷം ഏപ്രില്‍ 10 ന് അവളെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് അങ്കമാലിയിലെ ശിശുഭവനിലേക്കു മാറ്റി. തുടര്‍ന്ന് പോലീസ് മാതാപിതാക്കളെ കണ്ടെത്തി. കുട്ടിയെ ഏറ്റെടുക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചെങ്കിലും കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തികസ്ഥിതി ഇവര്‍ക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.
Tags : jharkhand kid nidhi