ADVERTISEMENT
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങൾ പരസ്യമായി ഇസ്രയേലിനെതിരേ രംഗത്തുവരാതിരുന്നത് അവയും ഇസ്രയേലിന്റെ ഈ ലക്ഷ്യത്തെ പിന്തുണച്ചതുകൊണ്ടാണ്. ഇറാനിൽ എത്രയോ സ്ഥലങ്ങളിൽ പൗരന്മാർ ആഹ്ലാദപ്രകടനങ്ങൾ നടത്തിയതു ശ്രദ്ധേയമാണ്. പതിറ്റാണ്ടുകളായി അവർക്കു മർദനവും അടിച്ചമർത്തലും മരണവും മാത്രമാണ് ഭരണകൂടം നൽകിയിരുന്നത്. “മറ്റുള്ളവരെപ്പോലെ എനിക്കും വളരെ സന്തോഷമുണ്ട്”: സിറിയയിൽനിന്നുള്ള എഴുപതുലക്ഷം അഭയാർഥികളിൽ ഒരാളായ നാസർ അബ്ദുൾകരീം പറയുന്നു. തുർക്കി അതിർത്തിയോടുചേർന്ന് ബാബ്എൽ ഹവായിലാണ് കഴിഞ്ഞ ആറുവർഷമായി ഇയാൾ താമസിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് സിറിയൻ, റഷ്യൻ വ്യോമാക്രമണങ്ങൾ പേടിച്ച് ആളുകൾ അഭയം തേടിയതും ഇവിടെയാണ്.
“ഞങ്ങളോട് ഇറാനും ഹിസ്ബുള്ളയും ചെയ്തത് ഭീകരമായ കാര്യങ്ങളാണ്. ഞങ്ങളുടെ വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളും അവർ തകർത്തു. ആയിരക്കണക്കിനു സിറിയക്കാരെ അവർ കൊന്നു. ആരെങ്കിലും അവരെ തടഞ്ഞില്ലെങ്കിൽ അതിനിയും തുടരും.” എല്ലാം ബഷാർ അൽ അസാദിനെ ഭരണത്തിൽ നിലനിർത്താൻവേണ്ടി മാത്രം. 2013ൽ റഷ്യക്കുമുന്പേ, ഇറാൻ സിറിയയിൽ ഇടപെടാൻ തുടങ്ങി. അഫ്ഗാനിസ്ഥാൻ, ലെബനന്, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീവ്രവാദികളെ ടെഹ്റാൻ സ്വന്തം സൈനികരോടും ഭീകരരോടുമൊപ്പം സിറിയയിലെ പ്രതിപക്ഷത്തെ അമർച്ച ചെയ്യാൻ അയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾക്കുശേഷമാണ് 12 കൊല്ലത്തിനുശേഷം അവർ സിറിയ വിട്ടത്.
“ഇസ്രയേൽ എന്നല്ല, വിശുദ്ധ ഇസ്രയേൽ എന്നു വേണം പറയാൻ”- സിറിയൻ അഭയാർഥി ക്യാന്പിലുള്ള ഒരു സിറിയക്കാരൻ പറഞ്ഞതാണിത്. സിറിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ഇറാനെ ദുർബലമാക്കിയതിൽ അയാൾക്കു സന്തോഷമുണ്ട്; അഹമ്മദ് അൽഷറായുടെ ഭരണകൂടത്തിന് ഇസ്രയേൽ അയൽപക്കത്തുള്ള ശത്രു തന്നെയായി തുടരുമെങ്കിലും. ഹിസ്ബുള്ളയാണ് അസാദിന്റെ ഭരണം നിലനിർത്തിയിരുന്നത് എന്നത് ഒരു സത്യമാണ്. ഭീകരർ ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതും നേതൃനിരയുടെ ഉന്മൂലനവും ഹിസ്ബുള്ളയെ നിർവീര്യമാക്കി. ലെബനനിൽ ഹിസ്ബുള്ള ഇപ്പോൾ ഒരു നിർണായകശക്തിയല്ല. ഇറാക്കിലും സിറിയയിലും യെമനിലും ഇനിയും ഭീകരരെ പരിശീലിപ്പിക്കാൻ കഴിയണമെങ്കിൽ ഹിസ്ബുള്ളയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ഒന്നരവർഷമായി ഇസ്രയേൽ ‘ഉണരുന്ന സിംഹം’ എന്ന പദ്ധതി ആവിഷ്കരിക്കുകയായിരുന്നത്രേ. ഹിസ്ബുള്ളയുടെ തലവൻ നസ്റള്ളായുടെ വധത്തോടെയാണ് പദ്ധതി മൂർത്തരൂപം പ്രാപിച്ചുതുടങ്ങിയത്. ഇറാന്റെ സൈനിക-ആണവശക്തി തകർക്കുന്നതോടെ ഇറാനിൽ പുതിയ രാഷ്ട്രീയനേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും ഇറാൻ ഉയർത്തിയ ആണവയുദ്ധഭീഷണിക്കു തത്കാലം വിരാമമായി. ഇസ്രയേലിനെ തുടച്ചുനീക്കും എന്ന ഇറാന്റെ ഭീഷണിക്കുമുന്നിൽ യഹൂദരാജ്യത്തിനു നിഷ്ക്രിയമായിരിക്കാൻ സാധ്യമല്ലായിരുന്നു. ഇസ്രയേൽ ആരുടെയും നിലനില്പ് ചോദ്യം ചെയ്തിട്ടില്ല, ആർക്കും ആ രാജ്യം ഭീഷണിയുമല്ല. ഇറാന് ആണവായുധം ഉണ്ടെങ്കിൽ ഇസ്രയേൽ എന്ന പേരിൽ ഒരു രാജ്യം നിലനിൽക്കുമായിരുന്നില്ലെന്ന് നെതന്യാഹു പറഞ്ഞതു വാസ്തവമാണ്.
ഗൾഫ് രാജ്യങ്ങളെല്ലാം ഇറാന്റെ ഭീകരപ്രവർത്തനങ്ങളോടു മുഖംതിരിച്ചാണു നിൽക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങളെ ഈ രാജ്യങ്ങൾ വിമർശിക്കുകയുണ്ടായി; സൗദി അറേബ്യ ഉൾപ്പെടെ. മുൻപ് ഇറാനും ഇറാന്റെ ചൊല്പടിയിലുള്ള ഭീകരഗ്രൂപ്പുകളും സൗദിയുടെ എണ്ണപ്പാടങ്ങളെ ആക്രമിച്ചിട്ടുണ്ടെങ്കിലും. സൗദിയുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്കു വഴിയാണ് കടന്നുപോകുന്നത്. അതിലേയുള്ള കപ്പൽ ഗതാഗതം ഇറാൻ നിരോധിച്ചാൽ അത് സൗദിക്കു വലിയ തിരിച്ചടിയാകുമായിരുന്നു.
ഇറാനിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായിരുന്നു, എന്നാൽ വേണ്ടത്ര ഉണ്ടായില്ല എന്നാണ് പല പാശ്ചാത്യ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. മതനേതൃത്വംതന്നെ ഭരണകൂടത്തിന്റെ തലപ്പത്തു തുടരുന്നു. സമാധാനസ്ഥാപകനായി അവതരിക്കാൻ ട്രംപിനുള്ള മോഹമാണ് ഇറാനിലെ മനുഷ്യത്വവിരുദ്ധമായ ഭരണകൂടം അവിടെ തുടരാൻ കാരണം. ഇറാനിലും ലോകമെന്പാടുമുള്ള എണ്ണമറ്റ മനുഷ്യർ അക്കാര്യത്തിൽ നിരാശരാണ്. ഖമനയ്യുടെ ആളുകൾക്ക് ഇനിയും തങ്ങളുടെ മർദനോപാധികൾ തുടരാം, ഇസ്രയേലിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താം.
ഇക്കഴിഞ്ഞ യുദ്ധത്തിൽ അമേരിക്ക ഇറാന്റെ ആണവപദ്ധതികളെ നിർണായകമായി ആക്രമിച്ചു. ഈ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയചിന്തകനായ സ്റ്റെഫാൻ ഗ്രിഗാറ്റ് പറഞ്ഞത് ഇങ്ങനെയാണ്: “യഹൂദവിരോധത്തിനെതിരേ നടന്ന ഏറ്റവും പ്രായോഗികവും അത്യാവശ്യവുമായിരുന്ന നടപടിയായിരുന്നു അത്.” ഇറാന്റെ അണ്വായുധ പദ്ധതികളെ നിശേഷം നശിപ്പിക്കാൻ അമേരിക്കൻ ബോംബുകൾക്ക് കഴിഞ്ഞോ എന്നുള്ളത് ഇപ്പോഴും സംശയാസ്പദമാണ്. അവരുടെ പദ്ധതികളെ കുറെ മാസങ്ങൾ പിന്നോട്ടടിക്കാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. രഹസ്യപ്പോലീസിന്റെ നിരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഭീകരപ്രസ്ഥാനമായ ബസീച് തീവ്രവാദസംഘത്തിന്റെ നേതാക്കന്മാരെ ഇല്ലാതാക്കി. എവിൻ തുറുങ്കും തകർത്തു.
എതിർക്കുന്നവരെ കൊന്നൊടുക്കുകയാണ് ഇറാന്റെ ശീലം. സ്വന്തം പൗരന്മാരുടെ പ്രതിഷേധപ്രകടനങ്ങളെ അതിക്രൂരമായാണ് ഇറാൻ അടിച്ചമർത്തിയിരുന്നത്. പ്രതിഷേധക്കാരുടെ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധത്തിൽ വാതകപ്രയോഗങ്ങളും ഇറാൻസേന നടത്തിയിരുന്നു. എവിൻ ജയിലിലാണ് പ്രതിഷേധക്കാരെ പാർപ്പിച്ചിരുന്നത്. സ്വാതന്ത്ര്യമോഹത്താൽ പ്രേരിതരായി തെരുവുകളിൽ നൃത്തമാടിയ ഇറാൻ ജനത, ട്രംപ് പ്രഖ്യാപിച്ച യുദ്ധവിരാമംകേട്ട് നിശബ്ദരായി. ഭരണകൂടത്തെ മാറ്റും എന്നു കൊട്ടിഘോഷിച്ച ട്രംപ് അതിൽനിന്നു പിന്മാറി. ട്രംപിനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഭൂരിപക്ഷം ഇറാൻകാരും കരുതുന്നു. ഇസ്രയേലും അങ്ങനെതന്നെ കരുതുന്നു. ഇസ്രയേലിന് മേലിൽ ഇറാന്റെ ഭീഷണി ഉണ്ടാവുകയില്ലേ? തീവ്ര ഇസ്ലാമികവാദത്തിന്റെ രക്തസാക്ഷിത്വവാദം ഉയർത്തിപ്പിടിക്കുന്ന ഖമനയ്മാർക്കും സംഘത്തിനും സമാധാനം പുലരണം എന്ന ആഗ്രഹമൊന്നുമില്ല. ഈ രക്തസാക്ഷിത്വ ആദർശത്തിനുനേരേ കണ്ണടച്ചത് ട്രംപിന്റെ വീഴ്ചയായി ചരിത്രം വിലയിരുത്തുമോ?
രക്തരൂഷിതമായ മരണത്തെ ആഘോഷിക്കുന്നവരുമായി സമാധാനം സ്ഥാപിക്കുക ദുഷ്കരമാണ്. എല്ലാ യഹൂദരെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇറാൻ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗാനുരാഗികൾക്കും പാശ്ചാത്യസംസ്കാരത്തിനും എതിരാണ്. സ്ത്രീകൾക്ക് സമത്വം അംഗീകരിച്ചുകൊടുക്കാൻ ഇറാൻ തയാറല്ല, താലിബാനെപ്പോലെ. അയൽരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു ഇറാനെ നിലനിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു വിശ്വസിക്കാൻവയ്യ.
വെടിനിർത്തലിനുശേഷം ഇറാൻ ഭരണകൂടം ആദ്യമായി ചെയ്തത് പ്രതിപക്ഷ നേതാക്കളെയും ജനാധിപത്യവാദികളെയും ഇസ്രയേൽ ചാരന്മാർ എന്നു മുദ്രകുത്തി തുറുങ്കിൽ അടയ്ക്കുകയാണ്. അനേകംപേർ മരണശിക്ഷയ്ക്കും വിധിക്കപ്പെടും എന്നും തീർച്ച. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ഏതു പരിശ്രമവും കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇറാൻകാർതന്നെ ഭരണമാറ്റത്തിനു ശ്രമിക്കണം എന്നു പറയുന്നവർ അവിടെ നടക്കുന്ന വ്യാജ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഭരണകൂടത്തിന്റെ മർദകനയങ്ങളെക്കുറിച്ചും അജ്ഞരാണ്. ദശലക്ഷക്കണക്കിനു പൗരന്മാരാണ് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നത്.
ആദ്യം സിറിയ. ഇപ്പോൾ ഇറാനും. റഷ്യക്ക് പശ്ചിമേഷ്യയിൽ അതിന്റെ സഖ്യകക്ഷികളെ സഹായിക്കാൻ പറ്റാതെ വന്നിരിക്കുന്നു. അവരുടെ സ്വാധീനവും കുറഞ്ഞു. ജനുവരിയിൽ റഷ്യയും ഇറാനും തമ്മിൽ ക്രെംലിനിൽ വച്ച് കരാർ ഒപ്പിട്ടതു ശരി. പക്ഷേ, അഞ്ചു മാസത്തിനുശേഷം റഷ്യയ്ക്ക് ഇറാനെ സഹായിക്കാനായില്ല. വിദേശകാര്യമന്ത്രി അരാഗ്ചിക്കു മോസ്കോയിൽനിന്നു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഇറാനെ സൈനികമായി സഹായിക്കാൻ റഷ്യ തയാറാവുകയില്ലെന്നു വ്യക്തമായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധംതന്നെ റഷ്യയെ തളർത്തിയിരിക്കുകയാണ്. മാത്രമല്ല, നഷ്ടപ്പെട്ടുപോയ പ്രാധാന്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ് റഷ്യ. സിറിയയിൽതന്നെ റഷ്യയുടെ സുപ്രധാന പങ്കാളിയെ റഷ്യക്കു നഷ്ടപ്പെട്ടിരുന്നു. സിറിയയിലെ അസാദിനു റഷ്യയിൽ അഭയം നൽകിയതുപോലെ ഒരുപക്ഷേ ഇറാൻ ഭരണാധികാരികൾക്കും അഭയമേകാൻ റഷ്യ തയാറാകുമായിരുന്നു. ഇതിൽ കൂടുതലൊന്നും റഷ്യക്ക് ആകുമായിരുന്നില്ല.
Tags :