ADVERTISEMENT
സാന്പത്തിക വൻശക്തിയാകാനുള്ള കുതിപ്പിലാണ് ഇന്ത്യ. ലോകത്തിലെ നാലാമത്തെ സാന്പത്തിക ശക്തിയെന്ന നിലയിൽ ബ്രിട്ടനു പിന്നാലെ ജപ്പാനെയും മറികടക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ബാർക്ലേസ് റിസർച്ച് പ്രകാരം, 2027ഓടെ ജപ്പാനെയും ജർമനിയെയും മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നു പ്രവചനമുണ്ട്. സന്പദ്വ്യവസ്ഥയുടെ വലുപ്പത്തിൽ അമേരിക്കയുടെയും ചൈനയുടെയും വളരെ പിന്നിലാണ് ഇന്ത്യയെങ്കിലും ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥകളിൽ ഒന്നാണ്. ഈ വർഷം ആദ്യപാദത്തിൽ ഇന്ത്യയുടെ സന്പദ്വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യം നേടണം.
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും കൂടുതൽ ചെറുപ്പക്കാരുള്ളതുമായ രാജ്യവുമെന്നതു ഇന്ത്യ നേട്ടമാക്കി മാറ്റണം. ശക്തമായ വ്യാവസായിക അടിത്തറ, അതിവേഗം വികസിക്കുന്ന സേവനമേഖല, നിർമിതബുദ്ധി അടക്കം കുതിച്ചുയരുന്ന സാങ്കേതിക വ്യവസായങ്ങൾ, വർധിച്ചുവരുന്ന ആഗോള നിക്ഷേപങ്ങൾ, കുറഞ്ഞ തൊഴിൽ ചെലവുകൾ തുടങ്ങിയവയെല്ലാം ഇന്ത്യയുടെ സാന്പത്തിക കുതിപ്പിനു സഹായകമാകും. അതേസമയം, മതപരവും രാഷ്ട്രീയവുമായ ഭിന്നതകൾ അടക്കമുള്ള ആഭ്യന്തര വെല്ലുവിളികളും ഭീകരാക്രമണ-യുദ്ധ ഭീഷണികളും ഇന്ത്യയുടെ വളർച്ചയ്ക്കു വെല്ലുവിളിയാണെന്ന് ഹാർവാഡ് ബിസിനസ് റിവ്യു പറയുന്നു.
ലോകത്തെ ശതകോടീശ്വരന്മാരിൽ ഇന്ത്യക്കാർ കൂടിവരുകയാണ്. ഫോർബ്സിന്റെ 2025ലെ ശതകോടീശ്വര പട്ടികയിൽ 205 ഇന്ത്യക്കാരുണ്ട്. കഴിഞ്ഞ വർഷം 200 പേരായിരുന്നു. ഈ 205 പേർക്കു മാത്രം 941 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 78,000 കോടി രൂപ) ആസ്തികളുണ്ട്. ഈ 94,100 കോടി ഡോളറിന്റെ മൂന്നിലൊന്നിലധികം (337 ബില്യണ്‍ ഡോളർ) വെറും 10 അതിസന്പന്നരുടെ കൈവശമാണ്. രൂപയുടെ വിലയിടിവും ഓഹരിവിപണിയിലെ തിരിച്ചടികളും മൂലം ഈ പത്തുപേരുടെ ആസ്തിയിൽ മുൻവർഷത്തേക്കാൾ 56 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. മുകേഷ് അംബാനിയുടേത് 51 ബില്യണ്‍ ഡോളർ കുറഞ്ഞ് 92.5 ബില്യണ്‍ ആയി. എങ്കിലും അംബാനി തന്നെ ഒന്നാമൻ. ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്. ഒ.പി. ജിൻഡൽ ഗ്രൂപ്പിന്റെ സാവിത്രി ജിൻഡൽ, എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാർ എന്നിവർ മൂന്നും നാലും സ്ഥാനത്തുണ്ട്.
ഫോർബ്സിന്റെ പുതിയ കണക്കനുസരിച്ച് അമേരിക്കയിലെ കുടിയേറ്റക്കാരായ അതിസന്പന്നരിൽ ഇന്ത്യക്കാരാണു മുന്നിൽ. സൈബർ സുരക്ഷാ കന്പനിയായ എസ്കലറിന്റെ ജയ് ചൗധരിക്കു മാത്രം 17.9 ബില്യണ്‍ ഡോളറാണ് ആകെ മൂല്യം. സണ്‍ മൈക്രോ സിസ്റ്റംസ് ഉടമ വിനോദ് ഖോസ്ല (9.3 ബില്യണ്‍ ഡോളർ) മുതൽ ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ (1.1 ബില്യണ്‍), മൈക്രോസോഫ്റ്റ് സിഇഒ സത്യ നടേല്ല, സിന്റൽ സഹസ്ഥാപക നീരജ സേത്തി (ഒരു ബില്യണ്‍ ഡോളർ വീതം) വരെയുള്ള ഇന്ത്യക്കാർ അമേരിക്കയിലെ അതിസന്പന്നരായി മാറി.
വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയാണ് മലയാളികളിലെ ഏറ്റവും സന്പന്നൻ. കല്യാണ്‍ ജൂവലേഴ്സിന്റെ ടി.എസ്. കല്യാണരാമൻ, റാവിസ് ഗ്രൂപ്പ് ചെയർമാൻ ബി. രവി പിള്ള, ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ, ആരോഗ്യമേഖലയിലെ വന്പനും യൂസഫലിയുടെ മരുമകനുമായ ഷംസീർ വയലിൽ, ശോഭ ഗ്രൂപ്പിന്റെ പി.എൻ.സി. മേനോൻ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, മുത്തൂറ്റ് ഗ്രൂപ്പിന്റെ ജോർജ് അലക്സാണ്ടർ തുടങ്ങിയവരും മലയാളികളിലെ ശതകോടീശ്വരന്മാരാണ്. യൂസഫലിക്ക് മൊത്തം 550 കോടി ഡോളറും കല്യാണരാമന് 538 കോടി ഡോളറും ആസ്തിയുണ്ട്. മുത്തൂറ്റ് ഗ്രൂപ്പുകളുടെ മൊത്തം ആസ്തി 780 ബില്യണ്‍ ഡോളർ വരുമെന്നാണു റിപ്പോർട്ട്.
അമേരിക്ക കഴിഞ്ഞാൽ അതിസന്പന്നർ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറുന്പോൾ, കൂടുതൽ മലയാളികളും കുതിച്ചുയരട്ടെ. ഇന്ത്യയിലെ ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിലെ ആദ്യ അഞ്ചു പേരിൽ ആസ്റ്റർ ഹെൽത്ത് കെയർ ചെയർമാനും മലയാളിയുമായ ഡോ. ആസാദ് മൂപ്പനെത്തിയത് കഴിഞ്ഞ ദിവസമാണ്. മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണു മുന്നിൽ. സന്പന്നരും സാധാരണക്കാരും തമ്മിലുള്ള അന്തരം വർധിക്കുന്നതും രാജ്യത്തിന്റെ സാന്പത്തിക വിഭങ്ങളുടെ വിഹിതത്തിൽ പൗരന്മാർ തമ്മിൽ തുല്യത ഇല്ലാതാകുന്നതും പക്ഷേ ശുഭസൂചകമല്ല.
ഇന്ത്യയിൽ വരുമാന അസമത്വം വളരെ കൂടുന്നുവെന്നാണ് വേൾഡ് ഇക്വാലിറ്റി ലാബിന്റെ പഠനം. സന്പന്നരും പാവങ്ങളും തമ്മിലുള്ള അകലം ബ്രിട്ടീഷ് ഭരണകാലത്തേതിലും കൂടിയെന്നു പ്രശസ്ത ഫ്രഞ്ച് സാന്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റിയുടെയും ഹാർവാഡ് കെന്നഡി സ്കൂളിലെ ലൂക്കാസ് ചാൻസലിന്റെയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ നിതിൻ കുമാർ ഭാരതിയുടെയും പഠന റിപ്പോർട്ടിലുണ്ട്. “ഇന്ത്യയിലെ ആധുനിക ബൂർഷ്വാസി നയിക്കുന്ന കോടീശ്വരൻ രാജ് ഇപ്പോൾ കൊളോണിയലിസ്റ്റ് ശക്തികൾ നയിക്കുന്ന ബ്രിട്ടീഷ് രാജിനേക്കാൾ അസമത്വമുള്ളതാണ്” എന്നാണു റിപ്പോർട്ടിൽ പറയുന്നത്. കോർപറേറ്റ് ഭീമന്മാരെ സഹായിക്കുകയും സാധാരണക്കാരെ പിഴിയുകയും ചെയ്യുന്ന ഇന്ത്യയിലെ നികുതിസന്പ്രദായം സാധാരണക്കാരും സന്പന്നരുമായുള്ള വിടവ് കൂട്ടുകയാണ്. രാജ്യത്തു സാന്പത്തിക അസമത്വം വർധിച്ചുവരുന്നതായി വിദേശ റിപ്പോർട്ടുകളില്ലാതെ സാധാരണക്കാരനു പോലും ബോധ്യമുണ്ട്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് 1930നും ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച 1947 വരെയുള്ള കാലത്തായിരുന്നു സന്പന്നരും ദരിദ്രരും തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരുന്നത്. അക്കാലത്ത് അതിസന്പന്നരായ ഒരു ശതമാനം പേരുടെ കൈവശം ഇന്ത്യയുടെ മൊത്തവരുമാനത്തിന്റെ 21 ശതമാനത്തിൽ താഴെയായിരുന്നു. എന്നാലിപ്പോൾ ഒരു ശതമാനം പേരുടെ കൈവശമാണു രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 22.6 ശതമാനം. ഫോർബ്സ് പട്ടികയനുസരിച്ച് ഇതേ ഒരു ശതമാനത്തിന് ഇന്ത്യയുടെ ദേശീയ സന്പത്തിന്റെ 40.1 ശതമാനമുണ്ട്. 1991ൽ ഇന്ത്യയിൽ ഒരേയൊരു അതിസന്പന്നൻ ഉണ്ടായിരുന്ന സ്ഥാനത്താണ് 2025ൽ അതിസന്പന്നരുടെ എണ്ണം 205 ആയത്.
കേന്ദ്രസർക്കാരിന്റെ ഏറ്റവും ഒടുവിലത്തെ അവകാശവാദം അനുസരിച്ച് ഇന്ത്യയിലെ ദരിദ്രർ (സർക്കാർ ദാരിദ്ര്യരേഖയ്ക്ക്- ബിപിഎൽ താഴെ) 12.5 കോടി കോടി ആളുകളാണ്. അതിദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അവകാശപ്പെട്ടത്. ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അതിദരിദ്രരുടെ ജനസംഖ്യ 7.06 കോടി പേർ മാത്രമാണ്. ദിവസം 1.9 ഡോളറിൽ-160 രൂപയിൽ താഴെ വരുമാനമുള്ളവരാണിവർ. പക്ഷേ, ഐക്യരാഷ്ട്രസഭയുടെ 2018ലെ യുഎൻഡിപി സൂചികയനുസരിച്ച് ഇന്ത്യയിൽ 36.4 കോടി ജനങ്ങളാണു ദാരിദ്ര്യത്തിൽ കഴിയുന്നത്. ആരോഗ്യം, പോഷകാഹാരം, സ്കൂൾ വിദ്യാഭ്യാസം, ശുചിത്വം എന്നിവയിൽ അടക്കം കടുത്ത ദാരിദ്ര്യം ഇവർ അനുഭവിക്കുന്നു. കണക്കുകളും സൂചികകളും കൊണ്ടു കള്ളക്കളി നടത്തുന്നവർക്കു ദാരിദ്ര്യത്തിന്റെ വേദന അറിയില്ല. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണു സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുന്നത്.
ദാരിദ്ര്യരേഖ (ബിപിഎൽ) എന്നതുതന്നെ നാണക്കേടിന്റെ രേഖയാണ്. 2024ലെ ആഗോള വിശപ്പുസൂചികയിൽ ലോകത്തിലെ 127 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴെ 105-ാമതാണ്. പാവങ്ങളുടെയും താഴെത്തട്ടിലുള്ള തൊഴിലാളികളുടെയും ഇടത്തരം കർഷകരുടെയും ദുരിതജീവിതത്തിന്റെ നേർചിത്രമാണ് ഇവയെല്ലാം. ബിപിഎൽ പട്ടികയ്ക്കു മുകളിലുള്ള രാജ്യത്തെ 60 ശതമാനത്തിലേറെ വരുന്ന ജനങ്ങളുടെ ജീവിതവും ദുഃസഹമാണ്.
2015നും 2022നും ഇടയിൽ ലക്ഷത്തിലേറെ (1,00,474 പേർ) കർഷകരും കർഷകത്തൊഴിലാളികളും ഇന്ത്യയിൽ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്ക് കഴിഞ്ഞയാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കാർഷിക പ്രതിസന്ധിയുടെ വ്യക്തവും ദാരുണവുമായ സൂചനയാണിത്. എന്നിട്ടും, കാർഷിക മേഖലയ്ക്കു തുച്ഛമായ പരിഗണനയാണു ലഭിച്ചത്. കഴിഞ്ഞ ജൂലൈയിലെ കേന്ദ്രബജറ്റിൽ വളം സബ്സിഡിയിൽ 24,894 കോടി രൂപയാണ് വെട്ടിക്കുറച്ചത്. പാവപ്പെട്ടവരുടെ ഭക്ഷ്യ സബ്സിഡി 7,082 കോടിയും കുറിച്ചു. ദേശീയ തൊഴിലുറപ്പിനുള്ള വിഹിതവും വെട്ടിക്കുറിച്ചു. കൃഷിക്കും അനുബന്ധ മേഖലകൾക്കുമുള്ള മൊത്തം വിഹിതം 2019ലെ 5.44 ശതമാനത്തിൽനിന്ന് 2024ൽ 3.15 ശതമാനമായി കുറഞ്ഞു.
രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ കണ്ണു തുറപ്പിക്കാൻ ഒരു ലക്ഷം പേരുടെ ജീവനെടുത്താൽ മതിയാകില്ലെങ്കിൽ ഭരണസംവിധാനങ്ങൾ തന്നെ ദുരന്തമാണ്. രാജ്യത്തിന്റെ സന്പത്തും വിഭവങ്ങളും സന്പന്നർക്കായി വാരിക്കോരി കൊടുക്കുന്നതിന്റെകൂടി ദുരന്തം. പട്ടിണിപ്പാവങ്ങൾക്കും പാവപ്പെട്ട തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും പരന്പരാഗത ചെറുകിട വ്യവസായികൾക്കുംകൂടി അർഹതപ്പെട്ട ന്യായമായ വിഹിതവും സാന്പത്തികനേട്ടവും നേടിയെടുക്കാൻ പൊതുസമൂഹം ശബ്ദമുയർത്താതെ രക്ഷയില്ല. വിദ്യാഭ്യാസത്തിലും തൊഴിലിലും സന്പത്തിലും അടക്കം തുല്യാവസരങ്ങളും തുല്യനീതിയും ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും മുൻകൈയെടുത്തേ മതിയാകൂ.
Tags :