ADVERTISEMENT
കുമരകം: രാജ്യം എല്ലാവരുടേതുമാണെന്നും വിഭജനത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എല്ലാ മതസ്ഥരെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ദേശീയതയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ തലത്തിൽ ദീപിക സംഘടിപ്പിക്കുന്ന "കളർ ഇന്ത്യ' പെയിന്റിംഗ് മത്സരത്തിന്റെ ലോഗോ പ്രകാശനത്തോടനുബന്ധിച്ച് കോട്ടയം കുമരകം താജ് ഹോട്ടലിൽ ദീപികയ്ക്കനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഏതെങ്കിലും മതത്തെ തള്ളിപ്പറയുന്നത് ഇന്ത്യൻ സംസ്കാരമല്ല. മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അവി ഭാജ്യ ഘടകങ്ങളാണ്. ഭരണഘടന ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ കർഷകർക്കുവേണ്ടി താൻ നിരന്തരം സംസാരിക്കുന്നുണ്ടെന്നും കർഷകർക്കു കൂടുതൽ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദീപിക കളർ ഇന്ത്യ ലോഗോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം ജോണി കുരുവിള, ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവർ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
കളര്‍ ഇന്ത്യ രജിസ്ട്രേഷൻ 25വരെ
കോട്ടയം: ‘ദീപിക കളര്‍ ഇന്ത്യ സീസണ് 4’ ന്റെ രജിസ്ട്രേഷൻ 25വരെ. ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്‍ന്നു നല്കാൻ ലക്ഷ്യമിടുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4 ൽ ഈ വർഷം പത്തു ലക്ഷം വിദ്യാര്‍ഥികളെങ്കിലും പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളര്‍ ഇന്ത്യ സീസണ് 4 ഈ വർഷം ഓഗസ്റ്റ് എട്ടിനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034023226 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Tags : Rahul Gandhi