ADVERTISEMENT
കോഴിക്കോട്: വിമാനത്താവളങ്ങളില്ലാത്ത ജില്ലകളിലും വ്യോമയാന ഗതാഗതം സാധ്യമാക്കുന്നതിനായി പ്രഖ്യാപിച്ച എയര്‍സ്ട്രിപ്പ് പ്രോജക്ടിന്റെ ഭാഗമായി ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ സാധ്യതാപഠനം നടത്തുന്നതിനായി റൈറ്റ്സ് ലിമിറ്റഡിന്റെയും കിഫ്കോണ്‍ ലിമിറ്റഡിന്റെയും സംയുക്ത സംരംഭം സമര്‍പ്പിച്ച ടെന്‍ഡര്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡാണ് (കെആര്‍ഡിസിഎല്‍) എയര്‍സ്ട്രിപ്പുകളുടെ സാധ്യതാ പഠനത്തിനുള്ള ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ കെആര്‍ഡിസിഎല്‍, റൈറ്റ്സ്-കിഫ്കോണ്‍ സംയുക്ത സംരംഭത്തെ സാധ്യതാ പഠനത്തിനു തെരഞ്ഞെടുത്ത നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. ഗതാഗത എന്‍ജിനീയറിംഗ് കമ്പനിയാണു റൈറ്റ്സ്.
കിഫ്ബിയുടെ കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് കിഫ്കോണ്‍. സാധ്യതാ പഠനത്തിനു ജിഎസ്ടി ഉള്‍പ്പെടെയുള്ള മൊത്തം ചെലവ് 4.25 കോടി രൂപയില്‍ കവിയാന്‍ പാടില്ലെന്ന നിബന്ധന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ഹെലിപാഡുകളുടെയും എയര്സ്ട്രിപ്പുകളുടെയും വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ 20 കോടി രൂപ നീക്കിവച്ചിരുന്നു. 2025-26 സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും മറ്റ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി 1.5 കോടി രൂപ അനുവദിക്കുമെന്നു ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എയര്‍സ്ട്രിപ്പ് സ്ഥാപിക്കാനുള്ള ഭൂമി പെട്ടെന്നുതന്നെ കണ്ടെത്തി അന്തിമനടപടികള് പൂര്‍ത്തിയാക്കാന്‍ മൂന്നു ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags :