ADVERTISEMENT
1975 ജൂൺ 25ന് ഇന്ത്യ ഒരു പുതിയ യാഥാർഥ്യത്തിലേക്ക് ഉണർന്നു. സാധാരണ സർക്കാർ പ്രഖ്യാപനങ്ങളായിരുന്നില്ല അന്നു വാർത്തകളിൽ നിറഞ്ഞത്. പകരം, ഭയാനകമായ ഒരു ഉത്തരവ്: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ ഇന്ത്യയിലുണ്ടായിരുന്നു. എങ്കിലും ബിരുദാനന്തര പഠനത്തിനായി ഉടൻതന്നെ അമേരിക്കയിലേക്ക് പോവുകയും പിന്നീട് കാര്യങ്ങളെല്ലാം ദൂരെ നിന്ന് നിരീക്ഷിക്കുകയും ചെയ്തു. അതിന്റെ തുടക്കത്തിൽത്തന്നെ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയത് അഗാധമായ ഒരുതരം മരവിപ്പായിരുന്നു. ശക്തമായ സംവാദങ്ങൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾക്കും പേരുകേട്ട ഇന്ത്യൻ പൊതുജീവിതത്തിന്റെ ഊർജസ്വലമായ ബഹളം ഒരുതരം ഭീകരമായ നിശബ്ദതയിലേക്കു വഴിമാറിയിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കർക്കശ നടപടികൾ വേണമെന്ന് ശഠിച്ചു. ആഭ്യന്തര അരക്ഷിതാവസ്ഥയും ബാഹ്യഭീഷണികളും നേരിടാനും അരാജകത്വത്തിലായ രാജ്യത്ത് അച്ചടക്കവും കാര്യക്ഷമതയും കൊണ്ടുവരാനും അടിയന്തരാവസ്ഥയ്ക്കു മാത്രമേ കഴിയൂ എന്ന് അവർ വാദിച്ചു.
ഈ നീക്കത്തെ പിന്തുണയ്ക്കാനുള്ള കടുത്ത സമ്മർദത്തിന് നീതിന്യായ വ്യവസ്ഥയ്ക്കു വഴങ്ങേണ്ടിവന്നു. ഹേബിയസ് കോർപസ് റദ്ദാക്കിയതും പൗരന്മാരുടെ മൗലികാവകാശമായ സ്വാതന്ത്ര്യം നിഷേധിച്ചതും സുപ്രീംകോടതി ശരിവയ്ക്കുകപോലും ചെയ്തു. പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും തടവറയിലായി. ഭരണഘടനാപരമായ ഈ അതിക്രമങ്ങൾ മനുഷ്യാവകാശലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി. തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർഥ്യങ്ങളായിരുന്നു. എങ്കിലും അക്കാലത്ത് ഇതൊന്നും അധികം പുറത്തറിഞ്ഞിരുന്നില്ല.
അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലുള്ള നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.
ഈ പ്രവൃത്തികളെ പിന്നീട് നിർഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, ഒരു താത്കാലിക ക്രമം സ്ഥാപിക്കപ്പെട്ടെന്നും ജനാധിപത്യ രാഷ്ട്രീയത്തിന്റെ അരാജകത്വത്തിൽനിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ, ഈ അക്രമങ്ങൾ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേർഫലമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നൽകേണ്ടിവന്നു.
വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുള്ള മൗലികാവകാശങ്ങൾ വെട്ടിച്ചുരുക്കിയതും, ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണനയും ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. നീതിന്യായ വ്യവസ്ഥ പിന്നീട് നട്ടെല്ല് വീണ്ടെടുത്തെങ്കിലും തുടക്കത്തിലെ ഇടർച്ച പെട്ടെന്നു മറക്കാനാകുമായിരുന്നില്ല. ഈ കാലത്തെ അതിക്രമങ്ങൾ എണ്ണമറ്റ മനുഷ്യർക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം 1977 മാർച്ചിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തിൽ പുറത്താക്കി അവർ അതു പ്രകടിപ്പിക്കുകയും ചെയ്തു.
പല രാജ്യങ്ങളും ആഴത്തിലുള്ള ധ്രുവീകരണത്തിനും ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്നതിനും സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് അടിയന്തരാവസ്ഥയുടെ അന്പതാം വാർഷികം ചരിത്രപരമായ വിലയിരുത്തലിനും ആത്മപരിശോധനയ്ക്കുമുള്ള അവസരമാണ്. ജനാധിപത്യം പ്രത്യക്ഷത്തിൽ ശക്തമാണെന്ന് തോന്നുന്ന ഒരു രാജ്യത്തുപോലും അത് എത്രമാത്രം ദുർബലമാകാൻ സാധ്യതയുണ്ടെന്ന് അടിയന്തരാവസ്ഥ വ്യക്തമായി കാണിച്ചുതന്നു. ഒരു സർക്കാരിന് അതിന്റെ ധാർമികബോധവും ജനങ്ങളോടുണ്ടാകേണ്ട ഉത്തരവാദിത്വവും എങ്ങനെ നഷ്ടപ്പെടാമെന്ന് ഇതു നമ്മെ ഓർമിപ്പിച്ചു. സ്വാതന്ത്ര്യം പലപ്പോഴും ക്ഷയിക്കുന്നതെങ്ങനെയെന്നും കാണിച്ചുതന്നു. ആദ്യം സൂക്ഷ്മമായി, ശ്രേഷ്ഠമെന്ന് തോന്നുന്ന കാരണങ്ങളുടെ പേരിൽ നിസാരമായ സ്വാതന്ത്ര്യങ്ങൾ ഓരോന്നായി ഇല്ലാതാകുന്നു. ഒടുവിൽ ‘കുടുംബക്ഷേമ’വും ‘നഗരപരിഷ്കരണ’വും നിർബന്ധിത വന്ധ്യംകരണങ്ങളും ഏകപക്ഷീയമായ വീടുതകർക്കലുകളുമായി മാറുന്നു.
ഈ അനുഭവത്തിൽനിന്നുള്ള പാഠങ്ങൾ അനവധിയാണ്, ശാശ്വതവും. ഒന്നാമതായി, വിവരസ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും പരമപ്രധാനമാണ്. നാലാംതൂൺ ആക്രമിക്കപ്പെടുമ്പോൾ, രാഷ്ട്രീയനേതാക്കളെക്കൊണ്ട് കണക്കു പറയിക്കാൻ ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കാതെ വരുന്നു. എന്നിരുന്നാലും, ഭീഷണിക്കു മുന്നിൽ പല മാധ്യമസ്ഥാപനങ്ങളും കാണിച്ച ഭീരുത്വം ക്ഷമിക്കാനാകാത്തതാണ്. രണ്ടാമതായി, ജനാധിപത്യം ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അത് എക്സിക്യൂട്ടീവിന്റെ അധികാര ദുർവിനിയോഗത്തിനെതിരേ പ്രതിരോധമുയർത്താൻ കെല്പുള്ളതും അതിനു സന്നദ്ധവുമാകണം. താത്കാലികമാണെങ്കിൽപോലും ജുഡീഷറിയുടെ കീഴടങ്ങൽ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്. പ്രത്യേകിച്ചും ആ എക്സിക്യൂട്ടീവ് അതിന്റെ സ്വന്തം അപ്രമാദിത്വത്തിൽ വിശ്വസിക്കുകയും ജനാധിപത്യ വ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമായ വിലയിരുത്തലുകളിലും സന്തുലിതാവസ്ഥയിലും അസ്വസ്ഥത കാണിക്കുകയും ചെയ്യുമ്പോൾ. അധികാരം മുന്പില്ലാത്തവിധം കേന്ദ്രീകരിക്കപ്പെടുകയും വിയോജിപ്പ് രാജ്യദ്രോഹമായി കണക്കാക്കുകയും ചെയ്തതുകൊണ്ടാണ് അടിയന്തരാവസ്ഥ സാധ്യമായത്.
ഇന്നത്തെ ഇന്ത്യ 1975ലെ ഇന്ത്യയല്ല. നമ്മൾ കൂടുതൽ ആത്മവിശ്വാസമുള്ളതും കൂടുതൽ അഭിവൃദ്ധിയുള്ളതും പല കാര്യങ്ങളിലും കൂടുതൽ ദൃഢവുമായ ജനാധിപത്യമാണ്. എന്നിട്ടും അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ആശങ്കാജനകമാംവിധം പ്രസക്തമായി തുടരുന്നു. അധികാരം കേന്ദ്രീകരിക്കാനും വിമർശകരെ നിശബ്ദരാക്കാനും ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുമുള്ള പ്രലോഭനം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടാം. പലപ്പോഴും ദേശീയ താത്പര്യത്തിന്റെയോ സ്ഥിരതയുടെയോ വാചാടോപത്തിൽ ഇതു മറച്ചുവയ്ക്കപ്പെടാം. ഈ അർഥത്തിൽ, അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പായി വർത്തിക്കണം. ജനാധിപത്യത്തിന്റെ സംരക്ഷകർ എന്നെന്നും ജാഗരൂകരായിരിക്കണം.
ജനാധിപത്യ മൂല്യങ്ങളുടെ സൂക്ഷ്മമായ ക്ഷയത്തെക്കുറിച്ചു നമ്മൾ വേണ്ടത്ര ശ്രദ്ധാലുക്കളാണോ? ചെറുക്കാൻ കഴിയുമോ എന്നതു പോകട്ടെ, ഒരു ഏകാധിപത്യ ഭരണത്തിന്റെ വരവു നമുക്കു തിരിച്ചറിയാൻ കഴിയുമോ? നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന മാധ്യമങ്ങൾ മുതൽ നീതിന്യായ വ്യവസ്ഥ വരെയുള്ള സ്ഥാപനങ്ങളെയും സിവിൽ സമൂഹത്തെയും സംരക്ഷിക്കാൻ മതിയായ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടോ? ഇന്ത്യയിലും ലോകമെമ്പാടും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം സ്വയം ചോദിക്കണം.
അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളണം. ജനാധിപത്യം നിസാരമായി കാണേണ്ട ഒന്നല്ലെന്നും അതു നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും ശക്തമായി പ്രതിരോധിക്കപ്പെടുകയും ചെയ്യേണ്ട അമൂല്യമായ പൈതൃകമാണെന്നും എല്ലായിടത്തുമുള്ള ആളുകൾക്ക് അതൊരു നിരന്തരമായ ഓർമപ്പെടുത്തലായിരിക്കട്ടെ.
Project Syndicate
(www.project-syndicate.org)
Tags :