ADVERTISEMENT
കഴിഞ്ഞ നാലുദശകങ്ങളായി പ്രാദേശികവത്കരണത്തിന്റെയും വികേന്ദ്രീകരണത്തിന്റെയും വക്താവാണ് ഹെലെന നോർബെർഗ് ഹോജ്. എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവും പ്രാദേശിക സാന്പത്തിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയുമായ അവരുടെ പുസ്തകമാണ് Local is our Future-Steps to an Economics of Happiness. മനുഷ്യവംശത്തിന് ഭാവി വേണമെങ്കിൽ അത് പ്രാദേശികമാകണം എന്ന ആപ്തവാക്യത്തോടെയാണ് Reclaiming the future എന്ന ആദ്യ അധ്യായത്തിന്റെ തുടക്കം. പ്രകൃതിയുമായും മറ്റുള്ളവരുമായും ബന്ധം സ്ഥാപിക്കുന്നതിലൂടെ ആനന്ദത്തിന്റെ ഉറവ പൊട്ടുമെന്ന് ജനം തിരിച്ചറിയുന്നു. നമ്മുടെ ആവശ്യങ്ങൾക്കായി ആത്യന്തികമായി ആശ്രയിക്കുന്ന പ്രകൃതിയാണ് യഥാർഥ സന്പദ്വ്യവസ്ഥയെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.
30 വർഷമായി ഭൗമാധിഷ്ഠിത ജീവിതമാർഗങ്ങളുടെ പ്രമുഖപ്രയോക്താവും മോട്ടിവേറ്ററുമായ അമേരിക്കയിലെ വെൻഡൽ ബെറിയുമായുള്ള സംവാദത്തിലാണ് ഗ്രന്ഥത്തിന്റെ പര്യവസാനം. കർഷകൻ, കവി, ഉപന്യാസകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. മാനവരാശിയുടെ അജ്ഞതയെയും അത്യാഗ്രഹത്തെയും പഴിച്ച്, അതുകൊണ്ടുതന്നെ അവർക്ക് സർവനാശം വരട്ടെയെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. തിന്മകളുണ്ടെങ്കിലും എല്ലാവരിലും എന്തെങ്കിലും നന്മയുണ്ടെന്നും പ്രശ്നത്തിൽനിന്ന് ഒളിച്ചോടുകയല്ല പ്രതിവിധി കണ്ടെത്തുകയാണ് പ്രധാനമെന്നും വെൻഡൽ കരുതുന്നു. ലാഭമെന്ന പുതുവ്യവസ്ഥിതിയുടെ കേന്ദ്രബിന്ദുവിനെ മറികടക്കാൻ അയൽബന്ധമാണ് അഭികാമ്യം. ആഗോളവത്കരണത്തിന് പരിമിതികളുണ്ടെന്നത് അതിനെ പിന്തുണയ്ക്കുന്നവർ അംഗീകരിക്കുന്നില്ല. അതംഗീകരിച്ചാൽ നമുക്ക് സമീപത്തുള്ളവയെ സ്വീകരിക്കാം. നിങ്ങൾ അയൽക്കാരെ സ്നേഹിക്കൂ. ഒരു യന്ത്രവും റോബോട്ടും അവർക്ക് പകരം വയ്ക്കാനില്ല. മറിച്ച് വിഭവങ്ങളെ പണമാക്കി പെരുപ്പിച്ച് ലാഭക്കൊതിക്കു പിന്നാലെ പോകുന്ന പ്രക്രിയയെ പുൽകിയാൽ അനിവാര്യമായ നാശമാകും ഫലം. അതുകൊണ്ട് ഇനി ചുവടുവയ്ക്കേണ്ടത് മനുഷ്യാഭിമുഖ്യമുള്ള, പ്രാദേശീകരിച്ച സാമൂഹിക, സന്പദ്വ്യവസ്ഥയിലേക്കാണ്. മൗലികാർഥത്തിൽ കുടുംബ മാനേജ്മെന്റിലേക്ക്; അയൽപക്ക അർഥശാസ്ത്രത്തിലേക്ക്.
പ്രാദേശിക സന്പദ്വ്യവസ്ഥ, പ്രാദേശിക വാണിജ്യം, പ്രാദേശിക ഊർജം, പ്രാദേശിക ഭക്ഷ്യ-കൃഷി വ്യവസ്ഥ, കർഷകച്ചന്ത, സാമൂഹിക ആശയവിനിമയവും മധ്യസ്ഥതയും, പ്രാദേശികാടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക നിർമാണങ്ങൾ, പരിവർത്തിത പട്ടണങ്ങൾ, സാമൂഹികാവകാശ പ്രസ്ഥാനം, പ്രതിരോധവും പുതുക്കലും മുതലായ പ്രാദേശിക മുൻതൂക്കങ്ങളെ മുതലാളിത്ത സന്പ്രദായം ആക്രമിക്കുകയും പറിച്ചുമാറ്റുകയും ചെയ്തതിന്റെ ദോഷഫലങ്ങൾ മറികടക്കാനാകുമെന്ന് വിവരിക്കുകയാണ് ഹെലെന. ജീവിതം, ജനത, മണ്ണ്, മൃഗങ്ങൾ, വൃക്ഷങ്ങൾ തുടങ്ങിയവയെ വിലമതിക്കുന്ന സാമൂഹികവും സൗഹാർദപരവുമായ സന്പദ്ഘടനയാണ് ഏറ്റവും ഏകീഭാവമുള്ളത്.
കോർപറേറ്റുകളുടെ അധികാരം പോകാതിരിക്കാനും അടിസ്ഥാനപരമായ രാഷ്ട്രീയമാറ്റം ഉണ്ടാകാതിരിക്കാനും വ്യാജ പ്രതിവിധികളായ ഗ്രീൻ കണ്സ്യൂമറിസം, നൈതിക നിക്ഷേപം, കാർബണ് ട്രേഡിംഗ് തുടങ്ങിയ കാര്യങ്ങളിൽ സന്നദ്ധസംഘടനകളെ ചേർത്തുനിർത്തുകയാണ് തന്ത്രം. നിർമിതബുദ്ധിനിയന്ത്രിത ബഹുനിലക്കെട്ടിടത്തിൽനിന്ന് നിങ്ങളുടെ ഭക്ഷണമെത്തും, അതിൽ ലാബിൽ ക്ലോണ് ചെയ്ത ഇറച്ചിയുമുണ്ടാകും എന്നാണ് അമേരിക്കൻ കംപ്യൂട്ടർ വിദഗ്ധനും ഫ്യൂച്ചറിസ്റ്റുമായ റെയ്മണ്ട് കുർസ്വീൽ പറയുന്നത്. ലാഭവും പുരോഗതിയും ലക്ഷ്യംവച്ച് സിഇഒമാർവരെ അധിക സമ്മർദത്തിലാണ്. വൻകിട, ആഗോള കന്പനികൾക്ക് ഉദാരമായ നിയമങ്ങളും ഇളവുകളും. കോർപറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾക്കും ഫണ്ട് അനുവദിക്കുന്നതിൽ പക്ഷപാതം. സമൂഹനന്മയും പരിസ്ഥിതി പരിരക്ഷയും കാംക്ഷിക്കുന്ന ഗവേഷണ, വിദ്യാഭ്യാസ ശൃംഖലയ്ക്ക് എത്രയോ തുച്ഛമായ വിഹിതം. ജനങ്ങൾ ഒരുമിച്ചു പ്രചോദനത്തിലൂടെ ഉണർന്ന് സ്ഥിരോത്സാഹത്തിലൂടെ സാമൂഹിക ശക്തീകരണത്തിലേക്കുള്ള വെല്ലുവിളി ഏറ്റെടുക്കുന്പോഴാണ് ഗുണപരമായ മാറ്റമുണ്ടാകുന്നത്.
മൂന്നാം അധ്യായമായ Counting the Cost ൽ കോർപറേറ്റ്വത്കരണത്തിന്റെ അനന്തരഫലങ്ങൾ അക്കമിട്ടു പറയുകയാണ്. ബലികൊടുക്കപ്പെട്ട ജീവിതങ്ങൾ ചുരുൾ നിവരുന്നു. കുറഞ്ഞ വേതനം, കൂടുതൽ ലാഭം എന്ന തത്വശാസ്ത്രം മുന്നിൽവച്ച് കോർപറേഷനുകൾ ആഗോളാടിസ്ഥാനത്തിൽ ആളുകളെ അന്വേഷിക്കുന്നത്, തൊഴിൽ നഷ്ടപ്പെട്ടവർ, ശാരീരിക-മാനസിക സ്വാസ്ഥ്യത്തിന്റെ അവരോഹണങ്ങൾ, മരീചികയാകുന്ന ഭക്ഷ്യസുരക്ഷ, അനാരോഗ്യകരമായ നഗരവത്കരണം, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർധിച്ച അന്തരം, പ്രതിരോധത്തിന്റെ അഭാവം, ജനാധിപത്യത്തിന്റെ ശോഷണം, കൂടിയ കാർബണ് ഡൈ ഓക്സൈഡിന്റെ ബഹിർഗമനവും പാരിസ്ഥിതിക തകർച്ചയും, ഉയർന്നുവരുന്ന സംഘട്ടനങ്ങൾ, അതിക്രമങ്ങൾ, തീവ്രവാദം തുടങ്ങി കോർപറേറ്റ് ദുർഭരണത്തിന്റെ ബാക്കിപത്രം വെളിച്ചത്തുവരുന്നു. പുസ്തകത്തിലെ രണ്ട്, നാല്, ഒന്പത് അധ്യായങ്ങൾ ഏക ലോക കന്പോളത്തിന്റെ അതിക്രമങ്ങൾ തുറന്നുകാണിക്കുകയും അര സഹസ്രാബ്ദം മുന്പ് തുടങ്ങിയ കോളനിവത്കരണത്തിന്റെ തുടർച്ചയാണിതെന്നു സ്ഥാപിക്കുകയും ചെയ്യുന്നു. ദേശാന്തര നാണയവ്യവസ്ഥ തുടരാനനുവദിച്ചാൽ മനുഷ്യരാശിയും ഭൂമിയിലെ ജീവസന്പ്രദായങ്ങളും തകർന്നു തരിപ്പണമാകും. അതുകൊണ്ട് ഇനിയും പകച്ചുനിൽക്കരുത്, പടക്കളത്തിലിറങ്ങുക. ഹെലെനയുടെ താക്കീതാണിത്.
പ്രാദേശികവത്കൃത ജീവിതവഴിയിലെ ഹെലെനയുടെ നേരനുഭവമുണ്ടായത് 1975ൽ ഫിലിം യൂണിറ്റിന്റെ കൂടെ കൊച്ചുടിബറ്റ് എന്നറിയപ്പെടുന്ന ലഡാക്കിൽ പോയപ്പോഴാണ്. ആഗോളവത്കരണത്തിനെതിരെ കാഹളം മുഴക്കാനുള്ള പ്രചോദനമേകിയത് ഈ സംഭവം. പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ധന വ്യവസ്ഥിതി അന്നാട്ടുകാരിൽ ഉണ്ടാക്കിയ ആത്മാഭിമാനവും ജീവിതനിയന്ത്രണവും അവർ കണ്ടറിഞ്ഞു. ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും സ്വതന്ത്രരും ശാന്തരും സമാധാനമുള്ളവരുമായ ജനതയാണ് ലഡാക്കികളെന്ന് ഹെലെനയ്ക്ക് ബോധ്യമായി. അടുത്ത ദശകത്തിൽ ലഡാക്കിന് വിനാശകരമായ സാന്പത്തിക വികസനത്തിന്റെ പരിക്കുകളേറ്റതിനും അവർ ദൃക്സാക്ഷിയായി. കൃത്രിമവും അപൂർവവുമായ വിദ്യാഭ്യാസ അവസരങ്ങൾക്കും ജോലികൾക്കും വേണ്ടിയുള്ള അധികാര കേന്ദ്രീകരണത്താൽ, സ്നേഹത്തിനു പകരം ഉപഭോഗാസക്തിയിൽ ആമഗ്നരായ യുവതയുടെ മാനസികാവസ്ഥ അവരെ വ്യാകുലപ്പെടുത്തി. വിഷാദവും ആത്മഹത്യയും അക്രമങ്ങളും അതിനെല്ലാം പുറമെ പ്രകൃതിയുടെ മേലുള്ള താണ്ഡവങ്ങളും.
അന്നം എന്നും എവിടെയും എല്ലാവർക്കും വേണ്ടതാണ്. അക്കാരണത്താൽ ഭക്ഷണത്തിന്റെ ഉത്പാദനം, വിതരണം, വിപണനം എന്നിവയിൽ വരുന്ന ചെറിയ മാറ്റങ്ങൾപോലും ആഴത്തിലുള്ള ആഘാതങ്ങളുണ്ടാക്കും. അതിനാൽ വരാനിരിക്കുന്ന പ്രക്ഷുബ്ധതയിൽ തുഴയാൻ പൗരസമൂഹത്തെ പ്രാപ്തമാക്കുന്ന പ്രതിരോധത്തിന്റെ രക്ഷാനൗകകൾ കഴിഞ്ഞ 40 സംവത്സരങ്ങളായി ഹെലെനയുടെ നേതൃത്വത്തിലുള്ള ‘ലോക്കൽ ഫ്യൂച്ചേഴ്സ്’ എന്ന പ്രസ്ഥാനം തയാറാക്കികൊണ്ടിരിക്കുകയാണ്. സാധാരണ കർഷകർ ഭൂമിയുടെയും വെള്ളത്തിന്റെയും ഊർജത്തിന്റെയും 25 ശതമാനം മാത്രം ഉപയോഗിച്ച് ഇപ്പോഴും ലോകജനസംഖ്യയുടെ 70 ശതമാനംപേരെയും തീറ്റിപ്പോറ്റുന്നു. ഗിരിശൃംഗങ്ങളാൽ കോളനിവത്കരണത്തെ പ്രതിരോധിച്ച ലഡാക്ക് ഇപ്പോഴും എറെക്കുറെ തനതായി നിൽക്കുന്നു. നമ്മെപ്പോലെ കോർപറേറ്റ് മനോവൈകല്യം അവർക്കില്ല. ആണ്കോയ്മയുള്ള ബ്യൂറോക്രസിയും മലിനീകരണവും നഗരജീവിതത്തിന്റെ പൊലിമയും കർഷകരുടെ പിന്നാക്കാവസ്ഥയുമൊക്കെ ഉണ്ടെങ്കിലും ലഡാക്കികളുടെ ജീവിതം ആയാസരഹിതവും ആനന്ദപൂർണവുമാണ്.
പ്രതിസന്ധികളുടെ മൂലകാരണം കൃത്യമായറിഞ്ഞ്, അർഥപൂർണമായ പരിഹാരങ്ങളെകുറിച്ച് ഉത്തമബോധ്യമുള്ള, വിമർശനബുദ്ധിയുള്ള ജനതയാണ് അനിവാര്യം. അത്തരം സമൂഹത്തെ സൃഷ്ടിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ‘ബിഗ് പിക്ചർ ആക്ടിവിസം’ അഥവാ ഒരാശയത്തെ അതിന്റെ സമഗ്രതയിൽ കാണുന്ന രീതി. ടിം, കരോലിൻ എന്ന ദന്പതിമാർ തങ്ങളുടെ കുട്ടികളെ ജൈവഭക്ഷണം നല്കി ജൈവജീവിതം പ്രോത്സാഹിപ്പിച്ച് വളർത്തിയ കാര്യം ഹെലെന വിവരിക്കുന്നുണ്ട്. പുതിയ സാന്പത്തിക മത്സരം നിങ്ങളുടെ ജീവിതത്തിന്റെയും സന്തോഷത്തിന്റെയും ചെലവിലാണെന്നറിഞ്ഞ്, എതിർത്തുനിൽക്കാൻ അസാധാരണ ധൈര്യം വേണം. ഒ
Tags :