ADVERTISEMENT
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പോരാട്ടത്തിന്റെ മറുപേരായിരുന്ന ’വിഎസ്’ എന്ന രണ്ടക്ഷരം ഇനി ജനഹൃദയങ്ങളിലെ ജ്വലിക്കുന്ന ഓർമ. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ നൂറ്റിയൊന്നാം വയസിലാണ് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയത്.
ഇന്നലെ ഉച്ചകഴിഞ്ഞു 3.20ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ ഒന്പതു മുതൽ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഉച്ചകഴിഞ്ഞ് ഭൗതികശരീരം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തുടർന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും. ഭാര്യ: വസുമതി. മക്കൾ: ഡോ. ആശ, അരുൺകുമാർ.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്തെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂണ് 23 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1923 ഒക്ടോബർ 20ന് വേലിക്കകത്തു വീട്ടിൽ ശങ്കരൻ-അക്കാമ്മ ദന്പതികളുടെ മകനായി ജനിച്ച വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാണ്. നാലാം വയസിൽ അമ്മയെയും പതിനൊന്നാം വയസിൽ അച്ഛനെയും നഷ്ടമായ ബാല്യം.
അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസിൽ പഠിപ്പു നിർത്തി സഹോദരന്റെ തയ്യൽക്കടയിൽ സഹായിയായി. പിന്നീട് കയർ തൊഴിലാളിയായി. 16-ാം വയസിൽ കയർ തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് രാഷ്ട്രീയത്തിലേക്കു ചുവടുവച്ച വിഎസ്, 96-ാം വയസിൽ വിശ്രമജീവിതത്തിലേക്കു മടങ്ങും വരെ കേരള രാഷ്ട്രീയത്തിന്റെ കണ്ണും കരളുമായി നിലകൊണ്ടു.
രാഷ്ട്രീയത്തിലും ജീവിതത്തിലും എന്നും പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയ വിഎസ് എല്ലായ്പോഴും വേറിട്ട സമരപാതയിലൂടെ ഒറ്റയാനായി നടന്നു.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സമരപോരാളികളിൽ ഒരാളായി ജനഹൃദയങ്ങളിലിടം നേടി. പാർട്ടി സെക്രട്ടറിയായിരിക്കുന്പോഴും പ്രതിപക്ഷ നേതാവായിരിക്കുന്പോഴും മുഖ്യമന്ത്രിയായിരിക്കുന്പോഴും ജനകീയ കമ്യൂണിസ്റ്റ് എന്നു വാഴ്ത്തപ്പെട്ടപ്പോഴും കേരള രാഷ്ട്രീയത്തിലെ ആ വേറിട്ട മാതൃകയെ മലയാളി നേരിട്ടറിഞ്ഞു.