ADVERTISEMENT
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗംബാധിച്ച തെരുവുനായ്ക്കളെ ദയാവധം നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടുകൂടി ദയാവധം നടത്താനാണു സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇന്നലെ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുക.
തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കും. തെരുവുനായ്ക്കളുടെ വാക്സിനേഷനായി അടുത്ത മാസം വിപുലമായ വാക്സിനേഷൻ യജ്ഞം നടത്തും. ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണു ചെലവ്. ഓർഡർ നൽകിയാൽ യൂണിറ്റുകൾ ലഭിക്കാൻ രണ്ടു മാസം വേണ്ടിവരും. ഇക്കാലയളവിൽ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം പഞ്ചായത്തും മുനിസിപ്പാലിറ്റിയും കണ്ടെത്തും.
മൊബൈൽ എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനു തദ്ദേശ സ്ഥാപനതലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുന്നവർക്കെതിരേ സിആർപിസി 107, ഐപിസി 186 വകുപ്പുകൾ പ്രകാരമുള്ള നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകും. എബിസി ചട്ടങ്ങളുടെ ഇളവിനു കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
Tags :