ADVERTISEMENT
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചു വിവരം നൽകിയാൽ വലിച്ചെറിയുന്നവരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പ്രതിഫലം നൽകും- 2023 ജൂണിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പാണിത്. ഇതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ, 2024 ഡിസംബറിൽ തമിഴ്നാട്ടിൽനിന്നൊരു വാർത്ത; കേരളത്തിലെ ടൺകണക്കിന് ആശുപത്രിമാലിന്യം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളി. ഈ വാർത്ത വരുന്പോൾ കേരളത്തിലെ സർക്കാർ വകുപ്പുകൾ വലിച്ചെറിയൽവിരുദ്ധ കാന്പയിനുമായി സോഷ്യൽ മീഡിയയിൽ ‘തള്ളൽ’ നടത്തുന്നതിന്റെ തിരക്കിലായിരുന്നു! ഇനിയാണ് യഥാർഥ ട്വിസ്റ്റ്. തിരുനെൽവേലിയിൽ കൊണ്ടുതള്ളിയത് ഏതെങ്കിലും സ്വകാര്യ വ്യക്തികളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ മാലിന്യങ്ങളല്ല. അതു കെ ബ്രാൻഡ് മാലിന്യമായിരുന്നു. അതായത്, മെഡിക്കൽ കോളജുകൾ അടക്കം കേരളത്തിലെ സർക്കാർ ആശുപത്രികൾ പുറന്തള്ളിയ അപായകരമായ വസ്തുക്കൾ അടങ്ങിയ മാലിന്യമാണ് തിരുനെൽവേലിയിലെ സാധാരണക്കാരുടെ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമായി തള്ളിയത്. മാലിന്യം തള്ളരുതെന്ന് പറഞ്ഞു നാട്ടുകാരോടു നാലുനേരം തുള്ളുന്നവരുടെ തള്ളൽ!
കേരള മാതൃകയുടെ തുണിയുരിഞ്ഞുപോയ സംഭവമായിരുന്നു ഇത്. ദേശീയ ഹരിത ട്രിബ്യൂണൽ വിഷയത്തിൽ ഇടപെട്ട് മൂന്നു ദിവസത്തിനകം മാലിന്യം നീക്കണമെന്നു നിർദേശിച്ചു. രായ്ക്കുരാമാനം 70 അംഗ ഉദ്യോഗസ്ഥസംഘം തിരുനെൽവേലിയിലെത്തി. 16 ലോറികളുമായാണ് സംഘം പോയത്. അവയിൽ കയറ്റിയിട്ടും പിന്നെയും മിച്ചം കിടന്ന മാലിന്യം തമിഴ്നാട് വിട്ടുകൊടുത്ത ഏഴു ലോറികളിൽക്കൂടി കയറ്റിയിട്ട് തലയിൽ പടുതയുമിട്ട് മാലിന്യലോറി ഘോഷയാത്ര കേരളത്തിലേക്ക്.
സർക്കാർ ആശുപത്രികളിലെ മാലിന്യം നീക്കാൻ കരാറെടുത്ത കണ്ണൂരിലെ സ്വകാര്യ കന്പനിയാണ് മാലിന്യം തള്ളിയതെന്നൊക്കെ ഒരു വാദത്തിനു വേണമെങ്കിൽ സർക്കാരിനു പറയാം. എന്നാൽ, ധാർമിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അപകടകരമായ മാലിന്യം നീക്കംചെയ്യാൻ ഒരു ഏജൻസിക്ക് കരാർ കൊടുക്കുമ്പോൾ അവർക്ക് ഇതു സംസ്കരിക്കാൻ സംവിധാനമുണ്ടോ, അല്ലെങ്കിൽ അവർ ഈ മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നൊക്കെ പരിശോധിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു. മാലിന്യസംസ്കരണം വീട്ടിൽ തുടങ്ങണമെന്ന് നാട്ടുകാരെ ഉപദേശിക്കുന്നതിനു മുന്പ് സ്വന്തം വീട്ടിലെ കാര്യം ഉറപ്പാക്കിയില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതു സർക്കാരാണെങ്കിലും.
തിരുനെൽവേലിയിൽനിന്നു തലയിലേറ്റിയ മാലിന്യത്തിന്റെ നാറ്റം എങ്ങനെയെങ്കിലും കഴുകിക്കളയാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇപ്പോൾ സർക്കാർ. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ 15.55 കോടിയുടെ പദ്ധതിയാണ് ഇപ്പോൾ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. മാലിന്യനീക്കം നിരീക്ഷിക്കാൻ ജിപിഎസ്, ബാർകോഡ് സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പദ്ധതി.
മാലിന്യത്തിനെതിരേ സന്ധിയില്ലാസമരം നടത്തുന്ന ഒരു സർക്കാർ സ്വന്തം സ്ഥാപനങ്ങളിലെ മാലിന്യനീക്കത്തിലും സംസ്കരണത്തിലും പ്രഫഷണലിസം കൊണ്ടുവരാൻ ഇത്രയും വൈകിയത് അന്പരപ്പിക്കുന്നതാണ്. ആശുപത്രികളിലെ ബയോമാലിന്യം സംസ്കരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2004 ജനുവരിയിൽ പാലക്കാട് മലന്പുഴയിൽ 25 ഏക്കറിൽ സ്ഥാപിച്ച സംവിധാനമാണ് ‘ഇമേജ്’. ഐഎംഎ തന്നെയാണ് പ്ലാന്റ് നിർമാണത്തിന്റെ ചെലവ് മുഴുവൻ വഹിച്ചത്. ദിവസേന 55.8 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ദിവസേന 45 ടൺ മാലിന്യമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. ആശുപത്രികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കിയാണ് ഇവർ മാലിന്യങ്ങൾ ഏറ്റെടുത്തുകൊണ്ടിരുന്നത്. എന്നാൽ, കോവിഡിന്റെ വരവോടെ മാലിന്യവരവും കൂടി. ഇതോടെ കൂടുതൽ മാലിന്യം ഇവിടെ സൂക്ഷിക്കേണ്ടിവന്നു. ഫലമോ? 2022ൽ ഇവിടെ മാലിന്യക്കൂനയ്ക്ക് തീപിടിക്കാനും ഇടയായി.
ഇന്നും ഇതല്ലാതെ കാര്യക്ഷമമായ ഒരു സംസ്കരണ സംവിധാനം ഒരുക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ജില്ലാ അടിസ്ഥാനത്തിലോ മേഖലാ അടിസ്ഥാനത്തിലോ സ്ഥലം ലഭ്യമാക്കിയാൽ പ്ലാന്റ് നിർമിക്കാൻ തയാറാണെന്ന് ഐഎംഎ അറിയിച്ചിട്ടുള്ളതാണ്. പക്ഷേ, ഇതിൽ സർക്കാർ മാത്രമാണോ പ്രതിയെന്നു ചോദിച്ചാൽ അല്ല; ജനങ്ങളുടെ മനോഭാവവും പ്രശ്നമാണ്. പലേടത്തും പ്ലാന്റ് തുടങ്ങാൻ നാട്ടുകാർ സമ്മതിക്കുന്നില്ല. അതിന്റെയും പ്രതി സർക്കാർ തന്നെയാണെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. മാലിന്യപ്ലാന്റ് പലേടത്തും തുടങ്ങിയതു കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാതെ നാട്ടുകാരെ ദുരിതത്തിലാക്കിയ അനുഭവങ്ങൾ പലതുണ്ട്. അതുകൊണ്ടാണ് നാട്ടുകാർ എതിർക്കുന്നത്.
എന്തായാലും ‘ഇമേജ്’ ഈ രംഗത്ത് ഒരു മാതൃകയാണ്. ശാസ്ത്രീയമായിട്ടാണ് ഇതിന്റെ പ്രവർത്തനം. നാട്ടുകാർക്കു ദുരിതമുണ്ടാക്കാതെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു ബോധ്യപ്പെടുത്താൻ ഒരു ഉദാഹരണംകൂടിയാണിത്. ഇതു മാതൃകയാക്കി ഈ രംഗത്ത് സർക്കാർ ഇടപെടലുണ്ടാകണം. മാലിന്യസംസ്കരണം വീട്ടിൽത്തന്നെ തുടങ്ങാം.
Tags :