ADVERTISEMENT
കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യും.
ചൊവ്വാഴ്ച വിജിലന്‍സ് ആസ്ഥാനത്ത് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ശേഖര്‍ കുമാറിനെ ആറ് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.
അതേസമയം ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില രേഖകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷം ശേഖര്‍ കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. രേഖകളുടെ പരിശോധന വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശേഖര്‍ കുമാറിന് കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കാലാവധി അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച ശേഖര്‍കുമാര്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായത്. ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നുവിജിലന്സ്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന് സ്വദേശി മുകേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.