ADVERTISEMENT
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കരണത്തിലെ ചില വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. 2024 ഫെബ്രുവരി 21ന് ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറിലെ ചില നിര്‍ദേശങ്ങള്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
മോട്ടോര്‍ സൈക്കിളുകള്‍ കാല്‍കൊണ്ടു മാറ്റാവുന്ന ഗിയറുള്ളതാകണമെന്നും 95 സിസിയില്‍ കൂടുതല്‍ യന്ത്രശേഷിയുള്ളതാകണമെന്നുമുള്ള സര്‍ക്കാര്‍ നിബന്ധനയാണു റദ്ദാക്കിയത്. 18 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുത്, ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങള്‍ പാടില്ല എന്നീ നിബന്ധനകളും റദ്ദാക്കി.
എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിനുള്ള റോഡ് ടെസ്റ്റ് ട്രാഫിക്കുള്ള റോഡിലാകണമെന്നും നാലു ചക്രവാഹനങ്ങളുടെ ഗ്രൗണ്ട് ടെസ്റ്റിന് ആംഗുലര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ്സാഗ് ഡ്രൈവിംഗ്, കയറ്റത്തില്‍ നിര്ത്തിയെടുക്കുന്ന ടെസ്റ്റ് പരിശോധന വേണമെന്നുമുള്ള നിബന്ധനകള്‍ ശരിവച്ചു. സര്‍ക്കാരിന്റെ ഈ നിബന്ധനകള്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ കാര്യക്ഷമത ഉയര്‍ത്തുമെന്ന് കോടതി വിലയിരുത്തി. പുതിയ അപേക്ഷകര്‍, റീ ടെസ്റ്റുകാര്‍, അടിയന്തര ആവശ്യക്കാര്‍ എന്നിങ്ങനെ ദിവസേന ഒരു ടീമില്‍ 40 ടെസ്റ്റ് എന്ന നിബന്ധനയും ലേണേഴ്സ് ടെസ്റ്റിന് ഇതിന് ആനുപാതികമായ എണ്ണം എന്ന നിബന്ധനയും അംഗീകരിച്ചു. ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി സാങ്കേതിക വിദ്യാഭ്യാസമുള്ളവരെ പരിഗണിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത് കേന്ദ്രചട്ടങ്ങളുടെ പരിധിയിലുള്ള കാര്യമാണെങ്കിലും ഈ യോഗ്യത നിര്‍ബന്ധമാക്കിയിട്ടില്ലാത്തതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. പക്ഷേ, ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ ഡാഷ് ബോര്‍ഡ് കാമറ സ്ഥാപിക്കണമെന്നും ടെസ്റ്റ് നടപടികള്‍ റിക്കോർഡ് ചെയ്യാന്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് സ്ഥാപിക്കണമെന്നും ഡാറ്റ മൂന്നു മാസം ഓഫീസില്‍ സൂക്ഷിക്കണമെന്നുമുള്ള നിബന്ധന നിയമപരമായി നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിനെതിരേ ഓള് കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് അടക്കം നല്കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണു ഹൈക്കോടതി ഉത്തരവ്. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിന്റെ ചുവടുപിടിച്ച് 2024 മേയ് 24ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
Tags :