ADVERTISEMENT
ഇന്ന് ജൂലൈ എട്ട്. ഡൊമിനിക് ജീൻ ലാറിയുടെ ജന്മദിനം. നെപ്പോളിയൻ ചക്രവർത്തിയുടെ ആർമിയിലെ പ്രധാന സർജനായി മാറിയ ഫ്രഞ്ച് സൈനിക ഡോക്ടറാണ് ലാറി. ‘ആധുനിക ആംബുലൻസ് സേവനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്നയാൾ. നെപ്പോളിയന്റെ പടയോട്ടത്തിനിടെ പരിക്കേറ്റ സൈനികരെ യുദ്ധക്കളത്തിൽനിന്ന് വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി ‘ഫ്ലൈയിംഗ് ആംബുലൻസ്’ എന്ന ആശയം കൊണ്ടുവന്നു. ഇത് ആധുനിക ആംബുലൻസ് സംവിധാനങ്ങളുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകി.
മുറിവേറ്റവരെ ഉടനടി ചികിത്സിക്കുന്നതിനും യുദ്ധക്കളത്തിൽനിന്ന് ഒഴിപ്പിക്കുന്നതിനും ട്രയേജ് സമ്പ്രദായം നടപ്പിലാക്കുന്നതിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. ട്രയേജ് എന്നതു പരിക്കേറ്റവരുടെ ഗുരുതരാവസ്ഥയ്ക്കനുസരിച്ച് ചികിത്സയ്ക്ക് മുൻഗണന നൽകുന്ന രീതിയാണ്.
ആധുനിക ചികിത്സയിൽ ആംബുലൻസുകൾക്കു വലിയ പങ്കുണ്ട്. കേരളത്തിൽ നിലവിൽ 9,335 ആംബുലൻസ് വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ദേശീയ ശരാശരിയേക്കാൾ 27 മടങ്ങ് കൂടുതൽ. ദേശീയ നിലവാരമനുസരിച്ച് ഒരു ലക്ഷം പേർക്ക് ഒരു ആംബുലൻസ് മതി. കേരളത്തിലെ കണക്ക് ഓരോ 3,717 പേർക്കും ഒരു ആംബുലൻസ് എന്നാണ്.
ആംബുലൻസ് സേവനങ്ങളെന്നാൽ ആശുപത്രിക്കു പുറത്തുള്ള സ്ഥിതിഗതികൾ വിലയിരുത്തൽ, വൈദ്യപരിചരണം, ചികിത്സ, ആവശ്യമെങ്കിൽ പരിക്കുകളോ അസുഖങ്ങളോ ഉള്ള രോഗികളുടെ സഞ്ചാരത്തെ സഹായിക്കുക എന്നിവയൊക്കെയാണ്. എമർജൻസി മെഡിക്കൽ സർവീസുകളുടെ (ഇഎംഎസ്) സംഘാടനവും ആംബുലൻസ് ജീവനക്കാരുടെ കഴിവും ഔപചാരികമായ റോളുകളും ആഗോളതലത്തിൽ വ്യത്യസ്തമാണ്. ചില രാജ്യങ്ങളിൽ, അഗ്നിശമന സേനയുടെയോ രക്ഷാപ്രവർത്തനങ്ങളുടെയോ ഭാഗമായാണ് ഇഎംഎസ് പ്രവർത്തിക്കുന്നത്. മറ്റുള്ളവയിൽ, ഹോസ്പിറ്റൽ എമർജൻസി സർവീസുകളുടെ ഭാഗമാണ്. ആംബുലൻസ് ജീവനക്കാരിൽ സന്നദ്ധപ്രവർത്തകർ, അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ, നഴ്സുമാർ, അല്ലെങ്കിൽ മെഡിക്കൽ ഡോക്ടർമാർ എന്നിവർ ഉൾപ്പെട്ടേക്കാം.
മിക്കപ്പോഴും, പ്രീ-ഹോസ്പിറ്റൽ സമയം കുറയ്ക്കാനാണ് ആംബുലൻസ് ഡ്രൈവർമാർ ശ്രമിക്കുക. ഇതിനായി ഏറ്റവും വേഗമേറിയ റൂട്ട് തെരഞ്ഞെടുക്കേണ്ടിവരുന്നു. അത് ഏറ്റവും ഹ്രസ്വമായ റൂട്ട് ആയിരിക്കണമെന്നില്ല. റോഡിന്റെ അവസ്ഥ, കാലാവസ്ഥ, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ കണക്കിലെടുക്കുന്പോഴും റൂട്ട് അനുയോജ്യമായിരിക്കണം. ഇക്കാര്യങ്ങളിൽ ആംബുലൻസ് ഡ്രൈവറെ പിന്തുണയ്ക്കാൻ നാവിഗേഷൻ സംവിധാനങ്ങൾ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. കൂടാതെ, പ്രീ ഹോസ്പിറ്റൽ സമയം, ദിവസത്തിന്റെ ഏതു സമയത്താണ് രോഗിയുമായി യാത്ര തിരിക്കുന്നത്, ഏറ്റവും തിരക്കുള്ള സമയം എന്നിവ കണക്കാക്കാനും ലൈറ്റുകളും സൈറണുകളും ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാനും ആംബുലൻസ് ഡ്രൈവർക്ക് സാധിക്കണം. ട്രാഫിക്കിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കുന്നതിന് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കാറുണ്ട്. ഗുരുതര രോഗികളെയും നവജാതശിശുക്കളെയും എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അവർക്കു ബാധ്യതയുണ്ട്. എന്നിരുന്നാലും, സൈറണുകളുടെയും ലൈറ്റുകളുടെയും ഉപയോഗം അപകടസാധ്യത കൂട്ടിയേക്കാം. അതുകൊണ്ട് ഏറ്റവും അത്യാവശ്യമുള്ള രോഗികൾക്കു മാത്രമായി ലൈറ്റുകളുടെയും സൈറണുകളുടെയും ഉപയോഗം സംവരണം ചെയ്യണം.
ആംബുലൻസ് ഓടിക്കുന്ന രീതിയും പ്രധാനമാണ്. വേഗം കൂട്ടൽ-കുറയ്ക്കൽ, തിരിയൽ, സ്പീഡ് ബമ്പുകളിലേക്കും മറ്റ് റോഡ് ബ്ലോക്കുകളിലേക്കും ക്രമീകരിക്കൽ. റോഡിന്റെ ഗുണനിലവാരം രോഗിയുടെ ആരോഗ്യനിലയെ നേരിട്ട് ബാധിക്കാറുണ്ട്. വിദേശരാജ്യങ്ങളിൽ ഉള്ളപോലെ പ്രത്യേക ആംബുലൻസ് വഴികൾ നമ്മുടെ നാട്ടിലില്ല. അസാധാരണ ഇളക്കങ്ങൾ, പെട്ടെന്നുള്ള ബ്രേക്കിംഗ്, അവിചാരിതമായ വേഗംകൂട്ടൽ എന്നിവ പരിക്കുകൾക്ക് കാരണമാവും. കൂടാതെ, നിലവിലുള്ള രോഗാവസ്ഥയുടെ ആക്കം കൂട്ടും. ആംബുലൻസിന്റെ ഹോൺ ശബ്ദം അധിക അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
നട്ടെല്ലിനു പ്രശ്നമുള്ള രോഗികൾക്കു പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആംബുലൻസിൽ നല്കുന്ന മെഡിക്കൽ പിന്തുണയെയും ഡ്രൈവിംഗ് ബാധിച്ചേക്കാം. കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) നടത്തുന്നതിനെയും അതിന്റെ ഗുണനിലവാരത്തെയും അമിതവേഗം, തിരിയുക, അല്ലെങ്കിൽ റോഡ് ബമ്പുകൾ മുറിച്ചുകടക്കുക തുടങ്ങിയ ഡ്രൈവിംഗ് അവസ്ഥകൾ പ്രതികൂലമായി ബാധിക്കും. യാത്രയ്ക്കിടെ രോഗിയുമായി ഡ്രൈവറും ഇഎംഎസ് ഉദ്യോഗസ്ഥരും വ്യക്തമായി സംസാരിക്കുന്നത് രോഗിയുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്നു. അത്യാഹിതഘട്ടങ്ങളിലുള്ള മരുന്നുകളെല്ലാം കൃത്യമായ അളവിലുണ്ടെന്ന് യാത്ര തുടങ്ങുംമുന്പ് ഉറപ്പുവരുത്തേണ്ടതുണ്ട്.
ആംബുലൻസ് യാത്ര റോഡിലുള്ള മറ്റു വാഹനങ്ങളേയും കാൽനടക്കാരെയുമൊക്കെ ബാധിക്കും. രോഗിയുടെ സ്ഥിതി മോശമാകുന്നതിനനുസരിച്ച് ആംബുലൻസിന്റെ വേഗം കൂട്ടുന്പോൾ അപകടസാധ്യത ഏറുന്നു. രോഗിയെ ആശുപത്രിയിലാക്കി അടുത്ത രോഗിയെ എടുക്കാനുള്ള തത്രപ്പാടുമൂലവും ഡ്രൈവിംഗ് അപകടകരമായെന്നും വരാം.
പെട്ടെന്നുള്ള അസ്വാഭാവിക സാഹചര്യങ്ങൾ ചിലപ്പൊഴെങ്കിലും ഡ്രൈവർമാരെ ബാധിക്കാറുണ്ട്. ആംബുലൻസിൽ കൊണ്ടുപോകുന്ന നവജാതശിശു ആശുപത്രിയിലെത്തുംമുന്പെ മരിച്ചുപോയാൽ അത് നേരിൽ കാണുന്പോഴുണ്ടാകുന്ന മാനസികസംഘർഷം പിന്നീടുള്ള ദൈനംദിന ജോലിയെ ബാധിക്കാൻ ഇടയുണ്ട്. അതിനാൽ തന്നെ ഡ്രൈവർമാർക്ക് ഇടവേളകൾ ലഭിക്കേണ്ടതുണ്ട്. ഉറക്കമിളച്ചുള്ള പാച്ചിലുകളും ഏറെ വൈകിയുള്ള ഭക്ഷണവും ജങ്ക് ഫുഡുകളുടെ ഉപയോഗവും ഒഴിവാക്കേണ്ടതുണ്ട്.
ഏതൊരു ഡ്രൈവർക്കും ഓടിക്കാൻ പറ്റുന്ന വാഹനമല്ല ആംബുലൻസ്. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം ഇവർക്ക് രോഗീപരിചരണ സന്നദ്ധതയും സഹാനുഭൂതിയും സ്നേഹവും വിശ്വാസ്യതയും ഡ്രൈവിംഗിൽ പ്രാവീണ്യവും വേണം. രോഗീപരിചരണത്തിൽ ആരോഗ്യമേഖലയിലെ ഓരോ പ്രവർത്തകരും മുന്നിട്ടുനിൽക്കുമ്പോൾ വളയം പിടിക്കുന്ന ഈ മാലാഖമാരെ നാം ഒരിക്കലും മറക്കരുത്.
കോവിഡ് കാലത്തും മറ്റു സമയങ്ങളിലും ആംബുലൻസ് ഡ്രൈവർമാർ നൽകിയ സ്തുത്യർഹമായ സേവനം മറക്കാനാകില്ല. എന്നാൽ, ചില കാര്യങ്ങളിൽ ഇവർക്കും മാർഗനിർദേശങ്ങൾ അത്യാവശ്യമാണ്.
1. എല്ലാ ആംബുലൻസുകളിലും ജീവൻരക്ഷാഉപകരണങ്ങളും മരുന്നുകളും കരുതണം.
2. രോഗികളെ കൊണ്ടുപോകുമ്പോഴല്ലാതെ സൈറൺ മുഴക്കാനോ ഹോൺ അടിക്കാനോ അമിതവേഗത്തിൽ പോകാനോ പാടില്ല.
3. റോഡപകടത്തിൽപ്പെടുന്ന ആൾക്ക് പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർ മാത്രമല്ല, പൊതുസമൂഹവും അടിയന്തര ചികിത്സയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.
4. മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ ഹോൺ അടിച്ച്, സൈറൺ മുഴക്കി, അമിതവേഗത്തിൽ പോയി മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊണ്ടുപോകുന്ന ആ മൃതദേഹത്തോട് കാണിക്കുന്ന മര്യാദകൂടിയാണ് ശാന്തമായി വാഹനമോടിക്കുന്നത്.
5. ആംബുലൻസ് ഡ്രൈവർമാർക്ക് രോഗീപരിചരണത്തെക്കുറിച്ചും വേഗനിയന്ത്രണത്തെക്കുറിച്ചും ശബ്ദമലിനീകരണത്തെക്കുറിച്ചും സുരക്ഷിതമായി വണ്ടിയോടിക്കുന്നതിനെക്കുറിച്ചും ക്ലാസുകൾ നൽകണം. ഇവ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരെ അനുമോദിക്കണം. അവർക്ക് സർട്ടിഫിക്കറ്റുകൾ നൽകണം. ഇവ പാലിക്കാത്തവരെ, അവർക്ക് തിരിച്ചുവരാനുള്ള അവസരങ്ങൾ കൊടുത്തുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ മാറ്റണം.
Tags :