ADVERTISEMENT
ന്യൂഡൽഹി: അക്കൗണ്ടുകളിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടും ബാങ്കുകൾക്ക് സൂചന ലഭിക്കുന്നില്ലെന്ന് കണ്ടെത്തൽ. ഒരു ദേശീയ ദിനപത്രം സൈബർ തട്ടിപ്പുകളെക്കുറിച്ചു നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിലാണ് തങ്ങൾക്കു കീഴിലെ അക്കൗണ്ടുകളിൽ പണമിടപാടുകളുടെ എണ്ണത്തിലും വ്യാപ്തിയിലും വൻതോതിലുള്ള ക്രമക്കേടുകളുണ്ടായിട്ടും രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ശ്രദ്ധയിൽപ്പെടുന്നില്ലെന്നു കണ്ടെത്തിയിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡൽഹി കരോൾബാഗിലെ ബ്രാഞ്ചിന്റെയും ഐസിഐസിഐ ബാങ്കിന്റെ ഹരിയാന ജജ്ജറിലുള്ള ബ്രാഞ്ചിന്റെയും അക്കൗണ്ടുകളിൽ സൈബർ തട്ടിപ്പിലൂടെ വലിയ അളവിലുള്ള അസാധാരണമായ ബാങ്ക് ഇടപാടുകൾ നടന്നിട്ടും ബാങ്ക് അധികൃതർ ഇക്കാര്യം കണ്ടെത്തിയില്ലെന്നാണ് ദേശീയ ദിനപത്രത്തിന്റെ അന്വേഷണത്തിലൂടെ തെളിഞ്ഞത്. കരോൾബാഗിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ബ്രാഞ്ചിൽ ’ജീവിക ഫൗണ്ടേഷൻ’ എന്ന പേരിൽ 2023 ഒക്ടോബറിന് ഒരു അക്കൗണ്ട് തുടങ്ങിയെന്നും തദവസരത്തിൽ അക്കൗണ്ടിലെ ഓപ്പണിംഗ് ബാലൻസ് 556 രൂപ മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഈ അക്കൗണ്ടിൽ ഒരു തട്ടിപ്പുദിവസംമാത്രം 1,960 ഇടപാടുകൾ നടന്നു. 3.72 കോടി രൂപ അക്കൗണ്ടിലേക്ക് വരികയും 3.33 കോടി രൂപ പിൻവലിക്കുകയും ചെയ്തിട്ടും ബാങ്ക് അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചില്ല. 78കാരനായ വിരമിച്ച ഐഎഎഫ് ഓഫീസറെ ഡിജിറ്റൽ അറസ്റ്റിനു വിധേയമാക്കി നടത്തിയ തട്ടിപ്പിലുൾപ്പെടെ ലഭിച്ച തുകയാണ് അന്നേദിവസം അക്കൗണ്ടിലേക്കെത്തിയത്. ഡിജിറ്റൽ അറസ്റ്റിലും സൈബർ തട്ടിപ്പിലും ആറ് സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷണം ജീവിക ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വിരൽ ചൂണ്ടുന്നു.
ഇതുപോലെതന്നെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഹരിയാന ജജ്ജറിലുള്ള ഐസിഐസിഐ ബാങ്ക് ബ്രാഞ്ചിന്റെ അക്കൗണ്ടിലും അസാധാരണമാംവിധം പണം വരികയും ഉടൻതന്നെ പിൻവലിക്കപ്പെടുകയും ചെയ്തിട്ടും ബാങ്കുകാർ ഈ വിവരം അറിഞ്ഞില്ല. ഹരിയാനയിലുള്ള തൊഴിൽരഹിതനായ ഒരു വിദ്യാർഥിയുടെ പേരിലുള്ള അക്കൗണ്ട് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പുകാർ പണം പിൻവലിച്ചത്. ഒരു വിദ്യാർഥിയുടെ പേരിലുള്ള അക്കൗണ്ടിൽ ഇത്രയും വലിയ പണമിടപാട് നടന്നിട്ടും ബാങ്ക് അധികൃതർക്ക് സൂചന ലഭിച്ചിരുന്നില്ലെന്നാണ് ദേശീയ മാധ്യമത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വിദ്യാർഥി തന്റെ ബാങ്കിംഗ് ഓണ്ലൈനിലേക്ക് മാറ്റിയതിനാൽ തങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിച്ചിരുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
പ്രശ്നത്തെ മറികടക്കാൻ ’വിജിൽ ആന്റി’ തുടങ്ങിയ പ്രചാരണങ്ങളിലൂടെ ബോധവത്കരണം വർധിപ്പിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ വിഷയം സൂചിപ്പിക്കണമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ഉപദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും സംശയകരമായ ഇടപാടുകൾ കണ്ടെത്തുന്നതിനായി അക്കൗണ്ടുകളിൽ അത്യാധുനിക നിരീക്ഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും ഐസിസിഐ ബാങ്ക് വ്യക്തമാക്കി.
Tags : cyber fraud cases