ADVERTISEMENT
കണ്ണൂർ: സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിൽ പാർട്ടി മന്ത്രിമാരടക്കമുള്ളവർക്കു നിശിതവിമർശനം.
മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരടക്കം വേദിയിലിരിക്കേയാണ് വിമർശനം ഉന്നയിച്ചുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. മന്ത്രിമാർ ഭാവനാസമ്പന്നരായി പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലാതെ അവ പൂർണതയിലെത്തിക്കുന്നില്ലെന്നാണു പ്രധാന വിമർശനം. മാവേലി സ്റ്റോറുകളിൽ അവശ്യവസ്തുക്കൾ ലഭിക്കാത്തതു വകുപ്പ് കൈയാളുന്ന പാർട്ടിയുടെയും സർക്കാരിന്റെയും ശോഭ കെടുത്തി.
ഒരു കാലത്ത് സിപിഐയുടെ മന്ത്രിമാരോട് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്കു താത്പര്യമുണ്ടായിരുന്നു. മറ്റു മന്ത്രിമാരിൽനിന്ന് വേറിട്ട രീതിയിലായിരുന്നു സിപിഐ മന്ത്രിമാരെ ജനം കണ്ടതെങ്കിൽ ഇന്ന് അക്കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇത് എന്തുകൊണ്ടാണെന്നു പരിശോധിച്ച് തിരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സർക്കാരിനും മന്ത്രിമാർക്കുമെതിരേ ഉയരുന്ന വിമർശനങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നത് ശരിയായ രീതിയല്ല. വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടതു തിരുത്തണം. വിമർശനങ്ങളെ വികസനവിരുദ്ധമെന്നും രാഷ്ട്രീയപ്രേരിതമെന്നും പറഞ്ഞു തള്ളുന്നത് ഇടതുപക്ഷ നിലപാടല്ലെന്നു മന്ത്രിമാരും സർക്കാരും ഉൾക്കൊള്ളണം.
ചില ഉപജാപക വൃന്ദങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തുന്നതു കണ്ടില്ലെന്നു നടിക്കാനാകില്ല. ഇത് സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രതിഛായയ്ക്കു മങ്ങലേൽപ്പിക്കുന്നു. മന്ത്രിമാർ പൊതുജനങ്ങൾക്കു മാതൃകയാകുന്ന രീതിയിൽ ലളിതജീവിതം നയിക്കണം. നിരവധി ജനോപകാരപ്രദങ്ങളായ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും കാർഷിക ക്ഷേമ ബോർഡ്, ക്ഷേമനിധി ബോർഡുകളിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തതു വലിയ പ്രതിസന്ധിയാണ്.
കണ്ണൂർ ജില്ലയിൽ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സിപിഎം മുന്നണിക്കകത്ത് തങ്ങളുടെ മർക്കട മുഷ്ടി ഉപേക്ഷിച്ചിട്ടുണ്ടെന്നു ജില്ലയെക്കുറിച്ചു പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ പറയുന്നു. ഇത് സിപിഐ-സിപിഎം ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Tags : cpi