ADVERTISEMENT
കുറ്റിപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി 19 വര്‍ഷത്തിനുശേഷം പിടിയിൽ. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പുളിക്കത്തറ വീട്ടില്‍ ജയകുമാര്‍ (ബുള്ളറ്റ് കണ്ണൻ) നെയാണ് പാലക്കാട് വാണിയംകുളത്തിനു സമീപം പത്തംകുളത്ത് നിന്നും പിടികൂടിയത്.
ഇയാൾ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. കുറ്റിപ്പുറം പോലീസാണ് ഇയാളെ പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാതലവന്‍ കോടാലി ശ്രീധരന്റെ പ്രധാന കൂട്ടുപ്രതിയായ ജയകുമാര്‍ പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലായി നാൽപ്പതോളം കേസുകളിലെ പ്രതിയാണ്.
2006ല്‍ കുറ്റിപ്പുറത്തിനടുത്ത് നടക്കാവില്‍ വച്ച് എറണാകുളം കള്ളിയത്ത് സ്റ്റീല്‍സിന്റെ കളക്ഷന്‍ ഏജന്റ് വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ജയകുമാർ.
ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയശേഷം വിവിധ ജില്ലകളില്‍ പല പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ ഏറെ പരിശ്രമത്തിനൊടുവിലാണ് പിടികൂടാന്‍ കഴിഞ്ഞത്.
2000ല്‍ ഒല്ലൂരില്‍വച്ച് ബസില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലും തൃശൂര്‍ നഗരത്തില്‍ വയോധികയുടെ മാല പൊട്ടിച്ച കേസിലും പത്തനംതിട്ടയില്‍ സ്വര്‍ണക്കവര്‍ച്ച നടത്തിയ കേസിലും 2017ല്‍ ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കുറ്റിപ്പുറം സ്റ്റേഷന് എസ്എച്ച്ഒ നൗഫല്‍, എസ്ഐമാരായ ഗിരി, സുധീര്‍, ഡാന്‍സാഫ് ടീമിലെ എഎസ്ഐ രാജേഷ്, കുറ്റിപ്പുറം സ്റ്റേഷനിലെ എസ്സിപിഒ ജോണ്സന്, ഫൈസല്‍, ഡെന്നീസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Tags :