ADVERTISEMENT
സിജോ പൈനാടത്ത്
കൊച്ചി: വൈദ്യുതിപോസ്റ്റുകളില്‍ സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകളില്‍ കുരുങ്ങി അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്കാന് തങ്ങള്‍ക്കു ബാധ്യതയില്ലെന്ന് കെഎസ്ഇബി. ഇത്തരം അപകടങ്ങളില്‍ വ്യക്തികള്‍ക്കു പരിക്കോ മരണമോ സംഭവിച്ചാല്‍ കേബിള്‍ വലിച്ചിട്ടുള്ള സ്വകാര്യ കമ്പനിയാണു നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ബോര്‍ഡ് വ്യക്തമാക്കി.
കേബിള്‍ ടിവിയുടെയോ ഇന്റര്‍നെറ്റ് സേവനത്തിന്റെയോ കേബിളുകള്‍ വൈദ്യുതിപോസ്റ്റുകളില്‍ സ്ഥാപിക്കുന്നതിന് കെഎഎസ്ഇബി പ്രതിവര്‍ഷ ഫീസ് ഈടാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സേവനത്തിനുള്ള കേബിളുകള്‍ക്ക് നഗരപ്രദേശങ്ങളില്‍ പോസ്റ്റ് ഒന്നിന് ഒരു വര്‍ഷത്തേക്ക് 615.74 രൂപയും ഗ്രാമങ്ങളില്‍ 307.87 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. കേബിള്‍ ടിവിയുടേതെങ്കില് യഥാക്രമം 337.64 , 163.19 രൂപയാണു വാര്‍ഷിക ഫീസ്. ഈ തുക ബോര്‍ഡിന് മുന്‍കൂറായി അടയ്ക്കണം.
കേബിള്‍ ടിവി, ഇന്റര്‍നെറ്റ് കേബിളുകളില്‍ ജോലികള്‍ ചെയ്യുന്ന സാഹചര്യങ്ങളില്‍ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റാല്‍ ആശ്വാസധനം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളില്‍ കെഎസ്ഇബി വ്യക്തമാക്കി. സൂക്ഷ്മതക്കുറവ്, അശ്രദ്ധ, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച എന്നിവമൂലം ഷോക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായാല്‍ വൈദ്യുതി സുരക്ഷാപദ്ധതിയിലെ വ്യവസ്ഥകള്‍പ്രകാരം പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് അനുവദിക്കുക. എന്നാല്‍, സൂക്ഷ്മതക്കുറവുകൊണ്ടും അശ്രദ്ധകൊണ്ടും വൈദ്യുതിപോസ്റ്റുകളില്‍ കൂടിക്കിടക്കുന്ന കേബിളുകളില്‍ തട്ടി അപകടമോ മരണമോ സംഭവിച്ചാല്‍ ഈ തുക ലഭിക്കില്ല.
കേബിള്‍ വഴി വന്നത് 302.89 കോടി
വൈദ്യുതിപോസ്റ്റുകളില്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ള കേബിള്‍ ടിവി, ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍നിന്നു കെഎസ്ഇബി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈടാക്കിയത് 302.89 കോടി രൂപയാണ്. 2020 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കെഎസ്ഇബിയുടെ വരുമാനത്തിന്റെ കണക്കാണിത്. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഫീസ് നിരക്ക് പുതുക്കുന്നുമുണ്ട്.
Tags : Cable entanglement accident kseb