ADVERTISEMENT
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നെല്ല് സംഭരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകാൻ മന്ത്രിസഭാ ഉപസമിതി ശിപാർശ. പ്രാഥമിക സർവീസ് സഹകരണ സംഘങ്ങളും കാർഷിക വികസന ബാങ്കുകളും വഴി നെല്ല് സംഭരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കർഷകർക്കും പണം നൽകണം. കേന്ദ്രം സബ്സിഡി അനുവദിക്കുന്ന മുറയ്ക്ക് സഹകരണ സംഘങ്ങൾക്ക് പണം തിരികെ നൽകും. സഹകരണ സംഘങ്ങളുടെ പലിശ അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കാനും അഞ്ചു മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതി യോഗത്തിൽ ധാരണയായി.
പൈലറ്റ് പ്രോജക്ടായി പാലക്കാട് ജില്ലയിൽ ആരംഭിക്കും. പിന്നീട് മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാം. നെല്ല് സംഭരണത്തിനുള്ള സംസ്ഥാന പ്രോത്സാഹന ബോണസായ കിലോയ്ക്ക് 5.20 രൂപ വീതമുള്ള തുക കൃഷിയിറക്കുന്പോൾ തന്നെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നൽകണമെന്ന വി.കെ. ബേബി കമ്മിറ്റി ശിപാർശയും മന്ത്രിസഭാ ഉപസമിതി ചർച്ച ചെയ്തു.
എന്നാൽ, കൃഷിയിറക്കുന്പോൾതന്നെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതം നൽകണമെന്ന ശിപാർശ അംഗീകരിക്കേണ്ടതില്ലെന്ന് ഉപസമിതി തീരുമാനിച്ചു. സംസ്ഥാന വിഹിതത്തിൽ ഒരു രൂപയുടെ വർധന വരുത്തുന്നതും മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തും. കർഷകർക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാനാകുമോ എന്നകാര്യം പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. സമിതി റിപ്പോർട്ടിൽ മന്ത്രിസഭ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
നെല്ല് സംഭരണ രീതിയിൽ സമ്പൂർണ അഴിച്ചുപണി നിർദേശിക്കുന്ന വി.കെ. ബേബി കമ്മിറ്റി റിപ്പോർട്ട് തത്ത്വത്തിൽ അംഗീകരിക്കാനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. നിലവിലെ നെല്ല് ഉത്പാദന- സംഭരണ കണക്കുകൾ വിലയിരുത്തി ഓരോ ജില്ലയിലേക്കും ആവശ്യമായ സംഭരണ കേന്ദ്രങ്ങൾ കേന്ദ്ര മാനദണ്ഡ പ്രകാരം ആരംഭിക്കും. സംഭരണ ഏജൻസികളെ തെരഞ്ഞെടുക്കാൻ വിശദ മാർഗരേഖ തയാറാക്കി വകുപ്പുതലവന്മാർക്ക് നടത്തിപ്പു ചുമതല നൽകും. സാന്പത്തിക സാഹചര്യങ്ങൾ പരിശോധിക്കുന്പോൾ മറ്റു കേന്ദ്ര- സംസ്ഥാന സർക്കാർ പദ്ധതികളുമായുള്ള സംയോജന സാധ്യതയും പരിശോധിക്കും. നിലവിൽ പുരോഗമിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതികളുമായുള്ള സംയോജന സാധ്യതയും പരിശോധിക്കണം. നെല്ല് സംഭരണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായവും പിന്തുണയും നേടുന്നതിനുള്ള സാധ്യത പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ വകുപ്പു പ്രിൻസിപ്പൽ ഡയറക്ടറെ ചുമതലപ്പെടുത്തി.
നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു പരാതി-പരിഹാര നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും. തൊഴിൽതർക്ക സമിതികൾ രൂപീകരിക്കുകയും സംഭരണ പ്രക്രിയ പൂർണമായി ഡിജിറ്റലൈസ് ചെയ്യുകയും വേണമെന്നും അഭിപ്രായം ഉയർന്നു.
വി.കെ. ബേബി കമ്മിറ്റി ശിപാർശ
നടപ്പാക്കുന്നത് രണ്ടു വർഷത്തിനുശേഷം
തിരുവനന്തപുരം: നെല്ലുസംഭരണം മെച്ചപ്പെടുത്തുന്നതിനു നിർദേശം സമർപ്പിക്കാൻ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ വി.കെ. ബേബി അധ്യക്ഷനായി 2023 ജനുവരിയിലാണ് സമിതി രൂപീകരിച്ചത്. ഡിസംബറിൽത്തന്നെ സമിതി റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിൽ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്.
സമയബന്ധിതമായ സംഭരണം, കർഷകർക്ക് നെല്ലിന്റെ തൂക്കവും നിലവാരവും നോക്കി ഉടൻ വിലനൽകൽ, ഇടനിലക്കാരെ ഒഴിവാക്കൽ, കർഷകരുടെ രജിസ്ട്രേഷൻ മുതൽ നെല്ല് അരിയാക്കി റേഷൻകടകളിൽ എത്തുന്നതുവരെയുള്ള നിരീക്ഷണം, മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കൽ തുടങ്ങിയ നിരവധി നിർദേശങ്ങളാണ് സമിതി നല്കിയത്. സംഭരണ സംവിധാനം ഉടച്ചുവാർക്കുക വഴി സംസ്ഥാനത്തിന് 300 കോടിയുടെ സാന്പത്തിക നേട്ടം ഉണ്ടാവുമെന്നും രണ്ടുലക്ഷത്തോളം നെൽകർഷകർക്ക് ഗുണം ലഭിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.