ADVERTISEMENT
സ്വന്തം ലേഖകൻ
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ അഡ്വ. സി.വി. പത്മരാജൻ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, ഇന്നലെ വൈകുന്നേരം 6.15ന് ആയിരുന്നു അന്ത്യം. സംസ്കാരം സംസ്ഥാന ബഹുമതികളോടെ ജന്മനാടായ പരവൂരിലെ കുടുംബവീടിനോടുചേർന്ന് ഇന്നു വൈകുന്നേരം നാലിന്.മുതിർന്ന അഭിഭാഷക വസന്തകുമാരിയാണ് ഭാര്യ. മക്കൾ: സജി, അനി. (ഇരുവരും സ്വകാര്യ മേഖലകളിൽ എൻജിനിയർമാർ).മൃതദേഹം ഇന്നലെ രാത്രി എട്ടോടെ കൊല്ലം ആനന്ദവല്ലീശ്വരത്തെ വസന്ത വിഹാറിലെത്തിച്ചു. ഇന്നുച്ചവരെ അവിടെ പൊതു ദർശനത്തിന് വയ്ക്കും.
വിദ്യാർഥിയായിരിക്കേ പൊതുരംഗത്തെത്തിയ പദ്മരാജൻ, സ്വാതന്ത്ര്യസമര കാലം മുതൽ കോൺഗ്രസിന്റെ ശക്തനായ പോരാളിയായിരുന്നു. പരവൂർ ഏഴിയത്ത് കെ. വേലു വൈദ്യരുടെയും കുന്നത്ത് എം.കെ. തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22നാണ് പദ്മരാജൻ ജനിച്ചത്.
ബിരുദം നേടിയ ശേഷം പരവൂരിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് നിയമ ബിരുദം നേടി ചങ്ങനാശേരി എസ്ബി കോളജ് വിദ്യാർഥിയായിരിക്കെ, പത്മരാജൻ പുന്നപ്ര വയലാർ സമരത്തെ എതിർത്താണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് ചാത്തന്നൂരിൽ വാർഡ് തലം മുതൽ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1982ൽ ചാത്തന്നൂരിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമ വികസന, ഫിഷറീസ് മന്ത്രിയായി. ഈ മന്ത്രിസഭയിൽനിന്നു രാജിവച്ചാണ് അദ്ദേഹം കെപിസിസി പ്രസിഡന്റായത്. ഈ കാലത്താണ് ഇന്ദിരാഭവൻ സ്ഥതി ചെയ്യുന്ന സ്ഥലം അദ്ദേഹത്തിന്റെ പേരിൽ വിലയ്ക്കു വാങ്ങിയത്.
1991ൽ വീണ്ടും വിജയിച്ചു മന്ത്രിയായി. വൈദ്യുതി- കയർ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. ഈ കാലത്താണ് 20 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന പാവപ്പെട്ട ഗാർഹിക ഉപയോക്താക്കൾക്കു വൈദ്യുതി സൗജന്യമാക്കിയത്. 1991ൽ കെ. കരുണാകരൻ അപകടത്തിൽപ്പെട്ട് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ ഏതാനും മാസം ആക്ടിംഗ് മുഖ്യമന്ത്രിയായും സേവമനുഷ്ഠിച്ചു. കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ സ്ഥാപകരിൽ പ്രധാനിയാണ്.
Tags : C.V. Padmarajan