ADVERTISEMENT
തോമസ് വർഗീസ്
തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരള സർവകലാശാല വൈസ് ചാൻസലറും തുറന്ന പോരിലേക്ക്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിൽ സർവകലാശാല രജിസ്ട്രാർക്കെതിരേ വൈസ് ചാൻസലർ രാജ്ഭവനു റിപ്പോർട്ട് നല്കിയതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലുമായുള്ള പോര് രൂക്ഷമായത്.
വിസിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ തുറന്നടിച്ചു. വൈസ് ചാൻസലർ ആർഎസ്എസ് അനുഭാവം പലവട്ടം സ്വീകരിച്ചതാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സർവകലാശാല രജിസ്ട്രാർക്കെതിരേ സ്വീകരിച്ച നടപടിയെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
സെനറ്റ് ഹാളിൽ നടന്ന സംഭവത്തിൽ പരാതി കിട്ടിയപ്പോൾ നടപടി എടുത്ത രജിസ്ട്രാർക്കെതിരേയാണ് വിസി നിലകൊണ്ടതെന്ന ആരോപണമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ഇതോടെ കേരള സർവകലാശാല ഭരണം വിസിയും ഗവർണറും ഒരു വശത്തും ഉന്നത വിദ്യാഭ്യാസമന്ത്രിയും രജിസ്ട്രാറും മറുവശത്തും നിന്നുള്ള ഏറ്റുമുട്ടലുകളിലേക്കാണ് നീങ്ങുന്നത്.
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദവും തുടർന്നുള്ള സംഘർഷവും സംബന്ധിച്ച് രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് അന്വേഷണത്തിന് വിസി കഴിഞ്ഞ ദിവസം ശിപാർശ ചെയ്തിരുന്നു. രജിസ്ട്രാർക്കെതിരേ രൂക്ഷമായ പരാമർശങ്ങളടങ്ങിയ റിപ്പോർട്ടാണ് വിസി ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറിയത്. ചടങ്ങ് അട്ടിമറിക്കാൻ ചില സിൻഡിക്കറ്റ് അംഗങ്ങളുടെ സ്വാധീനത്തിൽ രജിസ്ട്രാർ പ്രവർത്തിച്ചുവെന്ന സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതിയുടെ ആരോപണവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാത്രം പോരാ, ബാഹ്യമായ അന്വേഷണവും ആവശ്യമാണെന്ന് വിസി രാജ്ഭവന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് വിസിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസമന്ത്രിതന്നെ രംഗത്തെത്തിയത്. വിസിയുടെ ആർഎസ്എസ് ആഭിമുഖ്യമാണ് സർക്കാർ പ്രധാനമായും ചർച്ചാവിഷയമാക്കുന്നത്. വരുംദിവസങ്ങളിൽ ഇത് രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്. ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർക്കെതിരേ എസ്എഫ്ഐയും ഗവർണർക്കു പിന്തുണയുമായി എബിവിപിയും തെരുവിൽ അണിനിരന്നിരുന്നു. ഇരുവിഭാഗവും തമ്മിൽ ചില സ്ഥലങ്ങളിൽ സംഘർഷവും ഉണ്ടായി. മന്ത്രി നേരിട്ട് വിസിയെ രൂക്ഷമായി വിമർശിച്ച് രംഗത്തു വന്നതോടെ വരും ദിവസങ്ങളിൽ സെനറ്റിലെ ഭാരതാംബ ചിത്രവിവാദം കൂടുതൽ കടുക്കുമെന്നുറപ്പ്.
Tags : Bharathamba controversy r bindu