ADVERTISEMENT
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലാ സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തില്‍ രജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാറിനു സസ്പെന്ഷന്. രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ പ്രതികരിച്ചു. സീനിയര്‍ ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നല്‍കിയിട്ടുണ്ട്.
ഭാരതാംബ ചിത്രവിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവു കാട്ടിയതായുള്ള റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള വിസിയുടെ നടപടി. സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും വൈസ് ചാന്‍സലര്‍ രാജ്ഭവനു നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
രജിസ്ട്രാര്‍ക്ക് കൃത്യമായ ഉത്തരവാദിത്തബോധം ഉണ്ടായില്ലെന്നും ഒരു മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടോ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും വിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിൽ ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ അത് ഏത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല. ദേശീയഗാനം ആലപിക്കുമ്പോഴും ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോഴും ഹാളിനുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി ധിക്കാരപരമായിരുന്നുവെന്നും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് സര്‍വകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും ഗവര്ണര്പദവിയോടുള്ള അനാദരവാണെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
യൂണിവേഴ്സിറ്റി നിയമപ്രകാരം ഹാളില്‍ മതപരമായ പ്രാര്‍ഥനകളും പ്രസംഗങ്ങളും മാത്രമാണു നിരോധിച്ചിട്ടുള്ളത്. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു നിരോധിക്കാന്‍ യൂണിവേഴ്സിറ്റി ചട്ടത്തില്‍ വ്യവസ്ഥയില്ലെന്നും വിസിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വിസി റഷ്യയിലേക്ക്; സിസ തോമസിന് ചുമതല
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കേ വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മല്‍ റഷ്യയിലേക്ക്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് ഗവര്‍ണര്‍ കേരള സര്‍വകലാശാല വിസിയുടെ ചുമതല നല്‍കിയിട്ടുണ്ട്. ഈ മാസം എട്ടുവരെയാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്.
വിവാദവഴിയിങ്ങനെ....
കഴിഞ്ഞ മാസം 25നായിരുന്നു വിവാദങ്ങളുടെ തുടക്കം. സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. സര്‍വകലാശാലാ രജിസ്ട്രാര്‍ നേരിട്ടെത്തി ഭാരതാംബയുടെ ചിത്രം മാറ്റണമെന്നു സംഘാടകരായ ശ്രീപത്മനാഭ സേവാ സമിതിയോട് ആവശ്യപ്പെട്ടു. സര്‍വകലാശാല നിയമപ്രകാരം മതപരവും ആചാരപരവുമായ ചിഹ്നങ്ങളോ പ്രഭാഷണങ്ങളോ അനുവദിക്കാന്‍ പറ്റില്ലെന്നും രജിസ്ട്രാര്‍ നിലപാടെടുത്തു. എന്നാല്‍, ഭാരതാംബ രാഷ്ട്രത്തിന്റെ ചിഹ്നമാണെന്ന നിലപാടിലായിരുന്നു സംഘാടകര്‍. തുടർന്ന്, ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടിക്കുള്ള അനുമതി റദ്ദാക്കുമെന്നു രജിസ്ട്രാര്‍ അറിയിച്ചു.
അതിനിടെ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത് വന്‍ സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധത്തിനു പിന്നാലെ പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇ-മെയില്‍ അയച്ചു. എന്നാല്‍ ഇതേസമയംതന്നെ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Tags :