ADVERTISEMENT
കോഴിക്കോട്: പരിസ്ഥിതിയോടു ചേര്‍ന്നുനില്‍ക്കുന്ന നിര്‍മാണങ്ങളുടെ രൂപകല്പനയിലൂടെ ശ്രദ്ധേയനായ പ്രശസ്ത ആര്‍ക്കിടെക്ട് ആര്.കെ. രമേഷ് (79)അന്തരിച്ചു. ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ ഏഴിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.ടി. ഉഷ റോഡിലെ ജയന്തി നഗര്‍ കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഇന്ന് രാവിലെ 11ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി രാമവിലാസത്തില്‍ അഡ്വ. കരുണാകരന്റെയും കമലാബായിയുടെയും മകനാണ്. ഭാര്യ: ഗീത.
കേരള സര്‍വകലാശാലയില്‍നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയ രമേഷ് 55 വര്‍ഷത്തിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. ‘ഷെല്‍ട്ടര്‍ ഗൈഡന്‍സ് സെന്റര്‍ ഫോര്‍ കോസ്റ്റ് എഫക്റ്റീവ് സിസ്റ്റംസ് ഓഫ് കണ്‍സ്ട്രക്ഷന്‍ ഫോര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ്’ എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. ചെലവു കുറഞ്ഞ നിര്‍മാണത്തിനുള്ള സൗജന്യ ഉപദേശങ്ങള്‍ നല്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയായ ‘ഭവന’ത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു അദ്ദേഹം. ദരിദ്രര്‍ക്ക് താങ്ങാനാകുന്ന ഭവന നിര്‍മാണത്തിനുള്ള വികസനത്തിനും സാങ്കേതികവിദ്യ നല്‍കുന്നതിനുമായാണ് ‘ഷെല്‍ട്ടര്‍’എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപവത്കരിച്ചത്.
കോഴിക്കോട് മാനാഞ്ചിറ സ്ക്വയറും തിരൂര്‍ തുഞ്ചന്‍ സ്മാരകവും തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമിയുമടക്കം പല പ്രധാന സ്ഥാപനങ്ങളും രൂപകല്പന ചെയ്തത് രമേഷാണ്.
Tags : R K Remesh