ADVERTISEMENT
കോട്ടയം: പോഷകാഹാര കുറവുമൂലം ആദിവാസികളുടെ അകാലമരണം ഇല്ലാതാക്കാന്‍ ആവിഷ്കരിച്ച മില്ലറ്റ് ഗ്രാമം പദ്ധതി കൃഷി വകുപ്പിന്റെ അനാസ്ഥയെയെ തുടര്‍ന്ന് അവസാനിപ്പിച്ചു. ദേശീയശ്രദ്ധനേടിയ വിജയപദ്ധതിയില് പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് ആദിവാസികള്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ 14 മാസത്തെ വേതനം നല്‍കാതെ പിരിച്ചുവിടുകയും ചെയ്തു.
അട്ടപ്പാടിയെ ഭക്ഷ്യസ്വയംപര്യാപ്തമാക്കാനും ശിശുമരണം ഇല്ലാതാക്കാനും ഒന്നാം പിണറായി സര്‍ക്കാര്‍ ആരംഭിച്ചതാണ് ചെറുധാന്യ ഗ്രാമം പദ്ധതി. കാര്‍ഷിക രംഗത്തെ ഈ മോഡല്‍ പദ്ധതി തുടരുന്നതിനോട് കൃഷി വകുപ്പിലെ ഉന്നതര്‍ക്ക് താല്പര്യമില്ല. അതിജീവന പദ്ധതി നിറുത്തരുതെന്ന ആദിവാസികളുടെയും ജനപ്രതിനിധികളുടെ അഭ്യര്‍ഥന തള്ളിയതോടെ ഗോത്രവാസികള്‍ വീണ്ടും ഭക്ഷ്യപ്രതിസന്ധിയെ നേരിടും. ആദിവാസികളുടെ പരമ്പരാഗത ഭക്ഷണമായ റാഗി, തിന, ചോളം, ബജ്റ, മണിച്ചോളം, കുതിരവാലി തുടങ്ങിയവയാണ് ജൈവരീതിയില്‍ വിതച്ച് വിളവെടുത്തിരുന്നത്.
കൃഷിവകുപ്പിനു കീഴില്‍ പട്ടിക വര്‍ഗ വകുപ്പിന്റെ സഹകരണത്തോടെ 2017 ഡിസംബറില്‍ ആരംഭിച്ച പദ്ധതി വന്‍ വിജയമായിരുന്നു. ചെറുധാന്യങ്ങള്‍ കൃഷി ചെയ്തും മൂല്യവര്‍ധന നടത്തി വിറ്റഴിച്ചും ആദിവാസികള്‍ സാമ്പത്തിക ഭദ്രത നേടുകയും ചെയ്തു. കഴിഞ്ഞ ബജറ്റിലും വിഹിതം വകയിരുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ നിരത്തി കൃഷിവകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് തുരങ്കം വച്ചു.
മില്ലറ്റ് വില്ലേജ് പ്രോജക്ടിനു തുടക്കമിട്ട മുന്‍ കൃഷിമന്ത്രി വി.കെ. സുനില്‍കുമാറും മണ്ണാര്‍കാട് എംഎംഎ എന്‍ ഷംസുദീനും മില്ലറ്റ് ഗ്രാമം തുടരണമെന്ന് നിര്‍ദേശം വച്ചെങ്കിലും സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ല. മില്ലറ്റ് കൃഷിയില്‍ അട്ടപ്പാടിയിലെ 1236 കര്‍ഷകര്‍ക്ക് ജൈവ സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്. പരമ്പരാഗത ഭക്ഷണമായ ചെറുധാന്യങ്ങള്‍ വേവിച്ചും പൊടിച്ചും കഴിച്ചിരുന്ന കാലത്ത് വനവാസികള്‍ അധ്വാനത്തിലും ആരോഗ്യത്തിലും ആയുസിലും മുന്നിലായിരുന്നു. പദ്ധതി വന്നതിനുശേഷം അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അവര എന്നിവയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിരുന്നു.
അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്സ് അസോസിയേഷന് ഫോര്‍ മില്ലറ്റ്സ് മുഖേന പത്തു ലക്ഷത്തിലേറെ രൂപ വിറ്റുവരവോടെ റാഗി പുട്ടുപൊടി, റാഗി ദോശ മിക്സ്, ചാമ ഉപ്പുമാവ് മിക്സ്, പനിവരഗ് അരി, കമ്പ് ദോശ മിക്സ്, മണിച്ചോളം മാവ് എന്നിവ വിപണിയിലെത്തിക്കുകയും ചെയ്തു.
സംസ്ഥാന ദേശീയ തലത്തില്‍ അട്ടപ്പാടി മില്ലറ്റ് പദ്ധതിക്ക് 12 പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
Tags : attappady kerala agriculture news