ADVERTISEMENT
ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദേശീയദിനം. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകൾ അംഗീകരിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്ന ദിനം. സാധാരണക്കാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിൽ ആരോഗ്യ വിദഗ്ധർ നടത്തുന്ന സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമപ്പെടുത്തലായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. പ്രശസ്ത ഡോക്ടറും വൈദ്യശാസ്ത്രരംഗത്തെ മാർഗദർശിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയുടെ (ഡോ. ബി.സി. റോയ്) സ്മരണാർഥമാണ് ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്.
“Behind the mask caring for caregivers” എന്നതാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിന സന്ദേശം. ചികിത്സയ്ക്കും ആരോഗ്യപ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ സമയത്തിന്റെയും ജീവിതത്തിന്റെയും നല്ലൊരു ഭാഗവും മാറ്റിവയ്ക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. 340 ഓളം ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്ന കാരിത്താസ് ആശുപത്രി അതിന്റെ യശസിനും വിശ്വാസ്യതയ്ക്കും അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലുമായി നമ്മുടെ രാജ്യം നിരവധി ആരോഗ്യ സംരക്ഷണ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ മെഡിക്കൽ സ്പെഷലിസ്റ്റുകളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെയും 75 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയുടെ ഏകദേശം 25 ശതമാനം മാത്രം താമസിക്കുന്ന നഗരങ്ങളിലാണ്. സ്വകാര്യ ആശുപത്രികളും ഗുണമേന്മയുള്ള ആരോഗ്യപരിപാലനവും നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നു. ബാക്കിയുള്ള ഏകദേശം 75 ശതമാനംവരുന്ന 716 ദശലക്ഷത്തോളം ആളുകൾ പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഇല്ലാതെയാണ് കഴിയുന്നതെന്ന് നാം തിരിച്ചറിയണം. മുഴുവൻ ജനങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ലോകോത്തര ആരോഗ്യചികിത്സ ലഭ്യമാക്കുക എന്നതാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കണക്കുകൾ പ്രകാരം നമ്മുടെ രാജ്യത്തെ ആശുപത്രി കിടക്കകളുടെ നിരക്ക് 1,000 പേർക്ക് 0.7 ആയിരുന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ 1,000 പേർക്ക് 3.5 കിടക്കകൾ എന്ന മാർഗനിർദേശത്തേക്കാൾ വളരെ കുറവാണ്. ഈ വിടവ് നികത്താനുള്ള ഒരേയൊരു വഴി, മാറ്റങ്ങളിൽ ഊന്നൽനൽകുക എന്നതാണ്.
ഇന്ത്യയിൽ സമ്പൂർണ ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ സാങ്കേതികവിദ്യയും ആരോഗ്യസംരക്ഷണവും പരസ്പരം കൈകോർത്തു മുന്നോട്ട് പോകേണ്ടതുണ്ട്. അതു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് നല്ല വാർത്ത.നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ കൃത്രിമബുദ്ധി ഇന്ന് വളരെ സഹായകമാകുന്നു. ഇന്ത്യൻ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ ((IBEF) കണക്കനുസരിച്ച്, ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായം 2017ൽ 160 ബില്യൺ ഡോളറിൽനിന്ന് 2020ഓടെ 280 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഈ വളർച്ച നേടാൻ കഴിഞ്ഞത് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ്. ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡുകൾ (EHRS) നടപ്പിൽ വന്നതോടെ ആരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനും നോട്ടപ്പിശകുകൾ കുറയ്ക്കുന്നതിനും ക്ലിനിക്കൽ കെയർ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും സാധിക്കും എന്നു നാം തിരിച്ചറിഞ്ഞു. പുതിയ കാലത്തെ ക്ലൗഡ് അധിഷ്ഠിത സൊലൂഷനുകളും മൊബൈൽ ആപ്പുകളും ആശുപത്രികളെയും രോഗികളെയും കൂടുതൽ കാര്യക്ഷമമായി ഒന്നിപ്പിക്കുന്നതിന് കാരണമായി. EHRകൾ വഴി ശേഖരിക്കുന്ന ഡാറ്റ, ഒരു നിശ്ചിത കാലയളവിൽ, ക്ലിനിക്കൽ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനലിറ്റിക്സ് മോഡലുകളെ കൂടുതൽ പരിഷ്കരിക്കാൻ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ, രോഗീപരിചരണമേഖലയിൽ സാങ്കേതികവിദ്യതന്നെ പ്രധാന പങ്ക് വഹിക്കാൻ തുടങ്ങി എന്നതാണ് വസ്തുത.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യ ആരോഗ്യമേഖലയെ വലിയതോതിൽ മുന്നോട്ടു നയിക്കുന്നുണ്ട്. വിട്ടുമാറാത്ത ജീവിത ശൈലീരോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് മികച്ച പരിചരണം. അതിന് വേണ്ടതോ മികച്ച സാങ്കേതികവിദ്യയും. ആർട്ടിഫിഷൽ ഇന്റലിജൻസ് (AI), ഓട്ടോമേഷൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) തുടങ്ങിയ സാങ്കേതികവിദ്യകൾ ഇന്ന് ആരോഗ്യ സംരക്ഷണത്തിന്റെ മിക്കവാറും എല്ലാ മേഖലയിലും വ്യാപിച്ചിരിക്കുന്നു. എഐയുടെ അതുല്യമായ ശക്തി മനുഷ്യന്റെ കഴിവുകളെ പൂർത്തീകരിക്കുക മാത്രമല്ല, മനുഷ്യന്റെ പ്രവർത്തനത്തിന്റെ വ്യാപ്തി ഗണ്യമായി വികസിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവിക ഭാഷാ പ്രോസസിംഗ്, ഇന്റലിജന്റ് ഏജന്റ്സ്, കംപ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ്, വിദഗ്ധ സംവിധാനങ്ങൾ, ചാറ്റ്ബോട്ടുകൾ, വോയ്സ് റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടുന്ന എഐയുമായി ബന്ധപ്പെട്ട ചില സാധ്യതകൾ ആരോഗ്യമേഖലയ്ക്കു മുതൽക്കൂട്ടായി.
എഐ, ഓട്ടോമേഷൻ എന്നിവ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഹെൽത്ത് റിക്കാർഡുകളുടെ ഡാറ്റ മാനേജ്മെന്റ്. ഇത് എപ്പോൾ വേണമെങ്കിലും എവിടെയും വേഗമേറിയതും തടസമില്ലാത്തതുമായ ലഭ്യത സാധ്യമാക്കുന്നു. വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും പഠനവിധേയമാക്കാനും ഇപ്പോൾ തടസമില്ലാതെയായി. ലബോറട്ടറി പരിശോധനകൾ, എക്സ്റേകൾ, സിടി സ്കാനുകൾ, ഡാറ്റാ എൻട്രി എന്നിവ വിശകലനം ചെയ്യുന്നത് പോലെയുള്ള ചില നിരന്തര ജോലികൾ ചെയ്യാൻകൂടി ആർട്ടിഫിഷൽ ഇന്റലിജൻസ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. വ്യക്തിഗത മെഡിക്കൽ വിവരങ്ങളെയും അനലിറ്റിക്സ് വഴി ശേഖരിച്ച വിവരത്തെയും അടിസ്ഥാനമാക്കി മെഡിക്കൽ കൺസൾട്ടേഷൻ നൽകാൻ ഇന്ന് ആപ്പുകൾ ഉപയോഗത്തിലുണ്ട്. പരമ്പരാഗത ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ഫാർമസൂട്ടിക്കൽസ് വികസിപ്പിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പവർ പ്രോഗ്രാമുകൾ മരുന്നുനിർമാണ പ്രക്രിയയെ വലിയ തോതിലാണ് സഹായിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ മറ്റൊരു അപ്ലിക്കേഷനാണ് പ്രിസിഷൻ മെഡിസിൻ. എഐ പവർ ബോഡി സ്കാനുകൾക്ക് കാൻസറും രക്തക്കുഴലുകളുടെ രോഗങ്ങളും നേരത്തേ കണ്ടെത്താനും ജനിതകപരമായി ആളുകൾ അഭിമുഖീകരിക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രവചിക്കാനും കഴിയുന്ന തരത്തിലേക്ക് ഇന്ന് സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു. ഹെൽത്ത് കെയറിൽ, വ്യാപകമായി ഉപയോഗിക്കുന്ന കണക്റ്റുചെയ്ത ഉപകരണങ്ങളുടെയും സെൻസറുകളുടെയും ശക്തി അനാവരണം ചെയ്യുന്നതാണ് IoT. 2008ൽ, ബന്ധിപ്പിച്ച ഉപകരണങ്ങളുടെ എണ്ണം ഭൂമിയിലെ ജനസംഖ്യയേക്കാൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2030 ആകുമ്പോഴേക്കും 100 ബില്യൺ കണക്റ്റഡ് ഉപകരണങ്ങൾ ഭൂമിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവിയിൽ ചെറിയ ക്ലിനിക്കുകൾ ഹോം ഹെൽത്ത് കെയർ, വലിയ അത്യാധുനിക ആശുപത്രികൾ എന്നിവയുമായി സഹകരിക്കുന്ന ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ സമ്പൂർണ സ്പെക്ട്രത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കുക. ആശുപത്രികൾക്ക് പുറത്ത് കൂടുതൽ ഹോംകെയർ, ആംബുലേറ്ററി, എമർജന്റ് കെയർ സേവനങ്ങളിലേക്കാണ് കാലം വിരൽചൂണ്ടുന്നത്. രോഗശാന്തി എന്നതിൽനിന്ന് പ്രതിരോധ സമീപനത്തിലേക്കു ശ്രദ്ധ തിരിയും എന്നു നാം മനസിലാക്കണം. വ്യക്തിഗത IoT അടിസ്ഥാനമാക്കിയുള്ള ആരോഗ്യനിരീക്ഷണ ഉപകരണങ്ങൾ വ്യക്തികളുടെ ആരോഗ്യം ട്രാക്ക് ചെയ്യുന്ന രീതിതന്നെ മാറ്റും. ബ്ലോക്ക് ചെയിൻ പോലെയുള്ള സാങ്കേതികവിദ്യകൾ എങ്ങനെ EHRകൾ ജനകീയമാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്നും പേയ്മെന്റുകൾ, ഇൻഷ്വറൻസ് തുടങ്ങിയ മറ്റ് സേവനങ്ങളുമായി അവയെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും ഉടൻതന്നെ പുനർനിർവചിക്കും. ചികിത്സ, രോഗനിർണയം, ചികിത്സ എന്നിവയിൽ ഫിസിഷൻമാർ, ആരോഗ്യപ്രവർത്തകർ, പരിചരണം നൽകുന്നവർ എന്നിവരെ കൃത്രിമബുദ്ധി കൂടുതലായി സഹായിക്കും.
ഇൻജസ്റ്റബിൾ ഗുളിക മോണിറ്ററുകൾ, ബയോ സ്റ്റാമ്പുകൾ, പോഷകാഹാര സെൻസറുകൾ, അക ഡോക്ടർമാർ, 3D പ്രിന്റിംഗ് എന്നിവ കാലക്രമേണ ആരോഗ്യസംരക്ഷണ മേഖലയിൽ സാധാരണ ആപ്ലിക്കേഷനുകളാകും. ഒരു വളർച്ച കാൻസർ ആണോ എന്ന് നിർണയിക്കുന്നത് പോലെയുള്ള, പെട്ടെന്നുള്ള ഒരു തീരുമാനം ആവശ്യമായ ഡയഗ്നോസ്റ്റിക് വെല്ലുവിളികളിൽ എഐ ഡോക്ടർമാർ മനുഷ്യ ഡോക്ടർമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്. സാങ്കേതികവിദ്യ ആരോഗ്യമേഖലയുടെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉയർന്നുവരുന്ന വ്യക്തമായ ചോദ്യം ഒടുവിൽ ഡോക്ടറുടെ പങ്ക് യന്ത്രങ്ങൾ ഏറ്റെടുക്കുമോ എന്നതാണ്. ‘സാങ്കേതിക തൊഴിലില്ലായ്മ’ എന്ന് വിളിക്കപ്പെടുന്ന ഭയത്തെക്കുറിച്ച് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഓട്ടോമേഷൻ ഡോക്ടർമാരുടെ അന്ത്യം കുറിക്കുമെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറുഭാഗം വാദിക്കുന്നത്, ‘അക’യുടെ ഉപയോഗങ്ങളുടെയും കഴിവുകളുടെയും അമിതമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള, പല തെറ്റിദ്ധാരണകൾ ഇതുമൂലം ഉണ്ടാകുമെന്നതാണ്. അതിനിടയിലെവിടെയോ ആയിരിക്കും യഥാർഥ വസ്തുത. മെഷീനുകൾ ഒരിക്കലും ഫിസിഷന്മാരെ പൂർണമായും മാറ്റിസ്ഥാപിക്കില്ലെന്ന് പ്രത്യാശിക്കാം. പക്ഷേ, തീരുമാനമെടുക്കാനുള്ള ശക്തി ഉൾപ്പെടെയുള്ള മനുഷ്യന്റെ പല ജോലികളും തീർച്ചയായും സാങ്കേതികവിദ്യ ഏറ്റെടുക്കും. കൂടുതൽ വിജയം നേടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിലാണ് ശക്തി. ചില കമ്പനികൾ ‘അക’യെ ‘ഓഗ്മെന്റഡ് ഇന്റലിജൻസ്’ എന്ന് വിളിക്കുന്നതിന്റെ കാരണം ഇതാണ്, ഇത് ‘അക’യുടെ പ്രധാന ഉദ്ദേശ്യം ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന മനുഷ്യരെ മാറ്റിസ്ഥാപിക്കുന്നതിനുപകരം സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ്.
ഒരു ആദർശ ലോകത്ത്, മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ഒരു നാളെ സൃഷ്ടിക്കാൻ യന്ത്രങ്ങളും മനുഷ്യരും ഒരുമിച്ച് നിലനിൽക്കേണ്ടിവരും. സാങ്കേതികവിദ്യയുടെ അതിപ്രസരം ആരോഗ്യ മേഖലയിൽ നിലവിലുള്ള കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മുഖം നഷ്ടപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്തേണ്ടത് ഈ രംഗത്തു നിൽക്കുന്ന ഓരോരുത്തരുടെയും കടമയാണ്. രോഗസ്ഥരായ മനുഷ്യർക്ക് ഡോക്ടർ ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സാങ്കേതികവിദ്യ കൊണ്ടും മറികടക്കാൻ കഴിയാത്തതാണ് ആ ബന്ധം. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നല്ല വശങ്ങളും ഉപയോഗിക്കുമ്പോഴും കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ കരസ്പർശംകൂടി അതിൽ ഉണ്ടാകണം. ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുമ്പോൾതന്നെ മാനവികതയുടെയും കരുണയുടെയും ഹൃദയപൂർവമായ ജാഗ്രത കാത്തുസൂക്ഷിക്കാൻകൂടി ആരോഗ്യരംഗത്തിനു കഴിയണം. കർമനിരതമായ ആതുരസേവനം വ്രതമാക്കിയ ആരോഗ്യപ്രവർത്തകർ രാജ്യത്തിന്റെ മുതൽക്കൂട്ടാണ്. ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുകയും ആരോഗ്യ അവബോധം മെച്ചപ്പെടുത്തുകയും ആരോഗ്യ പ്രവർത്തകരെ അന്തസോടെ തൊഴിൽ ചെയ്യാൻ അനുവദിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒപ്പം ഡോക്ടർ-രോഗീ ബന്ധത്തിലെ വിശ്വാസവും സഹാനുഭൂതിയും ശക്തിപ്പെടുത്താനും നമുക്ക് കഴിയണം.
Tags :