ADVERTISEMENT
പാലക്കാട്: വാണിയംകുളത്ത് വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേർന്ന് പന്നിക്കെണി സ്ഥാപിച്ചതിൽ നിന്നും വയോധികയ്ക്ക് ഷോക്കേറ്റ് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. പ്രേംകുമാറിനെ(45)യാണ് ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രേംകുമാറായിരുന്നു പന്നിക്കെണി സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ ഏഴിന് വീടിനോട് ചേർന്നുള്ള പറമ്പിലെ പന്നിക്കെണിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു 69 കാരിയായ മാലതി.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ഷീബ ഷോക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മാലതിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് വൈദ്യുത കമ്പിയിൽ നിന്ന് തീപാറുന്നത് കണ്ടു.
ഉടനെ പ്രദേശവാസികളെ വിവരമറിയിച്ചാണ് ഉണങ്ങിയ കമ്പു ഉപയോഗിച്ച് വൈദ്യുത ബന്ധം വിച്ഛേദിച്ചത്. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മാലതി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇടതു കൈയിലാണ് ഗുരുതരമായി പൊള്ളലേറ്റത്. ഷൊർണൂർ പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
ഈ സമയത്ത് അമിത മദ്യലഹരിയിൽ വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു കെണിയൊരുക്കിയ മകൻ പ്രേംകുമാർ. പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിനു ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags :